നടി രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ ഡി.ആർ.ഐ ഉദ്യോഗസ്ഥർ തിങ്കളാഴ്ച ഒരാളെ കൂടി അറസ്റ്റ് ചെയ്തു. പ്രമുഖ ഹോട്ടലുടമയുടെ മകനാണ് അറസ്റ്റിലായതെന്നാണ് വിവരം. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയിൽ ഇയാളെ ഹാജരാക്കി, അഞ്ചു ദിവസത്തേക്ക് ഡി.ആർ.ഐ കസ്റ്റഡിയിൽ വിട്ടു.
അതേസമയം, മൂന്നുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് നടി രന്യ റാവുവിനെ (33) ഡി.ആർ.ഐ തിങ്കളാഴ്ച വൈകീട്ട് നാലോടെ കോടതിയിൽ ഹാജരാക്കി. നടിയുടെ ജാമ്യാപേക്ഷ മാറ്റിവെച്ച കോടതി അവരെ വിശദമായ ചോദ്യം ചെയ്യലിനായി ഡി.ആർ.ഐയുടെ ആവശ്യപ്രകാരം 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.
ദുബൈയിൽനിന്ന് ഏൽപിക്കുന്ന സ്വർണം ബംഗളൂരുവിൽ ഒരുതവണ എത്തിക്കുന്നതിന് 12 ലക്ഷം രൂപ കമീഷൻ കൈപ്പറ്റുന്ന കാരിയർ മാത്രമാണ് താനെന്ന നടി നൽകിയ മൊഴി, സ്വർണക്കടത്തിന് പിന്നിലെ വൻ സംഘത്തിലേക്കാണ് സൂചന നൽകുന്നത്.
കന്നട നടി രന്യ റാവു ഈ മാസം നാലിന് കെമ്പെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റിലായതിനെത്തുടർന്ന് ഡി.ആർ.ഐ പിടികൂടിയത് 17.29 കോടി രൂപയുടെ സ്വർണമാണ്. ദുബൈയിലെ നക്ഷത്ര ഹോട്ടലിലെ കുളിമുറിയിൽ ഒളിപ്പിച്ച സ്വർണക്കട്ടികൾ എടുത്ത് പ്രത്യേക അറകളുള്ള വസ്ത്രത്തിൽ ഒളിപ്പിച്ച് ഹോട്ടലിൽനിന്ന് പുറത്തിറങ്ങി ബംഗളൂരുവിലേക്ക് വിമാനം കയറുകയാണ് രന്യയുടെ രീതി.
ബംഗളൂരു വിമാനത്താവളത്തിൽ കർണാടകയിലെ ഡി.ജി.പി റാങ്കിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥന്റെ മകൾ എന്ന പരിഗണനയിൽ ഗ്രീൻ ചാനലിലൂടെ പുറത്തുകടക്കുകയും പൊലീസിന്റെ ഔദ്യോഗിക വാഹനത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്യുന്നു. ഇങ്ങനെ 27 യാത്രകൾ ഇതിനകം നടത്തിയെന്നാണ് പ്രാഥമിക വിവരം.
15 ദിവസങ്ങളിൽ ഇത്തരം നാലു യാത്രകൾ പ്രോട്ടോകോൾ സുരക്ഷയോടെ നടത്തിയത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഡി.ആർ.ഐയിലെ ഉദ്യോഗസ്ഥർ നടിയെ നിരീക്ഷിച്ചത്.
യൂറോപ്പ്, അമേരിക്ക, ദുബൈ, സൗദി അറേബ്യ എന്നിവയുൾപ്പെടെ താൻ യാത്ര ചെയ്തിട്ടുണ്ടെന്ന് രന്യ വെളിപ്പെടുത്തി. ക്ഷീണം പ്രകടിപ്പിച്ചതിനാൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നത് അടുത്ത ദിവസങ്ങളിൽ തുടരും.
കസ്റ്റംസ് ആക്ടിന് കീഴിൽ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ നൽകുന്നതിന്റെ നിയമപരമായ പ്രത്യാഘാതങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്ന് സമ്മതിച്ച നടി കേസ് അന്വേഷണവുമായി സഹകരിക്കും എന്നറിയിച്ചു.
#Goldsmuggling #case #involving #actress #RanyaRao #more #person #arrested