സിനിമയിലെ തിന്മകൾ സ്വാധീനിക്കുന്നുണ്ടെങ്കിൽ നന്മയും സ്വാധീനിക്കുന്നില്ലെ എന്ന ജഗദീഷിന്‍റെ പ്രസ്താവനയ്ക്കെതിരെ സംവിധായകന്‍ എംഎ നിഷാദ്. വയലൻസ് കുത്തി നിറച്ച ഒരു സിനിമയുടെ ഭാഗമായത് കൊണ്ട് വല്ലാതെ ന്യായീകരിക്കരുതെന്നും അത് ഒരുതരം അവസരവാദമെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ കഴിയില്ലെന്നും നിഷാദ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
വയലൻസ് നിറഞ്ഞ ചിത്രമായ 'മാർക്കോ'യിൽ ജഗദീഷ് പ്രധാന റോളില്‍ അഭിനയിച്ചിരുന്നു. സിനിമയിൽ താൻ അവതരിപ്പിച്ച ടോണി ഐസക്ക് അക്രമത്തിന് കൂട്ടുനിൽക്കുന്ന വ്യക്തിയാണെന്നും എന്നാൽ ജഗദീഷ് എന്ന വ്യക്തി ഒരിക്കലും അക്രമത്തിനൊപ്പം നിൽക്കുന്നയാളല്ലെന്നും ജഗദീഷ് പറഞ്ഞിരുന്നു.
പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് ടോണി ഐസക്കിനെ ആണോ അതോ ജഗദീഷിനെയാണോ എന്നും ജഗദീഷ് ചോദിച്ചിരുന്നു. ഇതിനോടാണ് നിഷാദിന്‍റെ പ്രതികരണം. നല്ലതിനോട് ആഭിമുഖ്യമുളള സമൂഹമായിരുന്നെങ്കിൽ ഇവിടെ നന്മമരങ്ങളാൽ സമൃദ്ധമായേനെ.
തിന്മയോടുളള ആസക്തിയാണ് പൊതുവിൽ കണ്ട് വരുന്നത്. ഇത് ജഗദീഷിനും അറിവുളള കാര്യമാണെന്നും നിഷാദ് എഴുതി. സമൂഹത്തിൽ നടമാടുന്ന അനിഷ്ട സംഭവങ്ങളിൽ മയക്കുമരുന്നിനും ലഹരിക്കുമുളള പങ്ക് വളരെ വലുതാണ്.
അത് പോലെ തന്നെയാണ് സിനിമയിൽ വർധിച്ച് വരുന്ന വയലൻസ് രംഗങ്ങളും മയക്കുമരുന്നുപയോഗവും.. എതിർക്കപെടേണ്ടതിനെ ആ അർത്ഥത്തിൽ തന്നെ എതിർക്കണം പ്രൊഫ: ജഗദീഷ്.. അങ്ങയിലെ അധ്യാപകൻ ഉണരട്ടെ എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.
ധ്യാൻ ശ്രീനിവാസന്‍റെ സാമൂഹിക പ്രതിബദ്ധത അളക്കാൻ ഉപയോഗിച്ച അളവുകോൽ വെച്ച് സ്വന്തം പ്രതിബദ്ധത കൂടി ഒന്ന് അളക്കുന്നത് നന്നായിരിക്കും എന്നും കുറിപ്പിലുണ്ട്.
#justify #much #part #film #filled #violence #Nishad #criticizes #Jagadish