തൂവാനത്തുമ്പികളിലെ തങ്ങൾ, നിറക്കൂട്ടിലെ അജിത്ത്, പിന്നീടിങ്ങോട്ട് വില്ലൻ കഥാപാത്രങ്ങളിലൂടെ പ്രത്യേകമായൊരു സ്ഥാനം നേടിയെടുത്ത താരമാണ് ബാബു നമ്പൂതിരി. തന്റെ പ്രായത്തിനും സംസാരത്തിനുമൊക്കെ ചേരുന്ന വേഷങ്ങളായിരുന്നു ബാബുവിന് ലഭിച്ചതിൽ ഭൂരിഭാഗവും. സിനിമയ്ക്കൊപ്പം ടെലിവിഷൻ പരിപാടികളിലും അഭിനയിച്ചിരുന്ന താരം കഴിഞ്ഞ കുറച്ച് കാലങ്ങളായി അത്ര സജീവമല്ല.
താനഭിനയിച്ച സിനിമകളെ പറ്റി പറയുന്നതിനിടെ നടി സുമലതയ്ക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും ഒരിക്കൽ ബാബു നമ്പൂതിരി പറഞ്ഞിരുന്നു. സുമലതയ്ക്കൊപ്പം റേപ്പ് സീൻ ചെയ്യുന്നതിനിടെ ചെറിയൊരു അപകടമുണ്ടാവുകയും ഷൂട്ടിങ്ങ് പോലും നിർത്തിവെക്കേണ്ട സാഹചര്യം ഉണ്ടായെന്നുമാണ് മാസ്റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ ബാബു നമ്പൂതിരി മുൻപൊരിക്കൽ വെളിപ്പെടുത്തിയത്.
നിറക്കൂട്ട് എന്ന സിനിമയിൽ വില്ലനായ അജിത്ത് എന്ന കഥാപാത്രത്തെയാണ് ബാബു അവതരിപ്പിച്ചത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഒരു സംഭവമുണ്ടാവുന്നത്. നായികയായി അഭിനയിക്കുന്ന സുമലതയുടെ കഥാപാത്രത്തോട് അജിത്തിന് താൽപര്യമുണ്ടാവുകയും ബലമായി അവരെ റേപ്പ് ചെയ്യാനും ശ്രമിക്കുന്നൊരു സീൻ സിനിമയിലുണ്ട്. അത് ഷൂട്ട് ചെയ്യുന്നതിനിടെ സുമലതയ്ക്ക് ഒരു പരിക്ക് പറ്റി.
'മന:പൂർവ്വമായി താനൊന്നും ചെയ്തില്ലെങ്കിലും അത് വലിയ പ്രശ്‌നമായി മാറുകയായിരുന്നു. സിനിമയിലെ തന്റെ കഥാപാത്രം സുമലതയെ ബലാത്സംഗം ചെയ്യുന്ന സീനിൽ അവർക്കിട്ട് ഒരു അടി കൊടുത്ത് ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്ക് എടുത്ത് കൊണ്ട് വരുന്നതാണ് സീൻ. രണ്ട് കൈയ്യിലുമായി സുമലതയെ ഞാൻ എടുത്തോണ്ട് വരുമ്പോൾ അവർ രക്ഷപ്പെടാനായി ശ്രമിക്കും. തല കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നത് മാത്രമേ ആ സീനിൽ അവർക്ക് ആകെ ചെയ്യാനുള്ളു. അവരത് ചെയ്യുകയായിരുന്നു.
എന്നാൽ മുറിയുടെ അകത്തേക്ക് കയറുന്നതിനിടെ വാതിലിന്റെ സൈഡിൽ നടിയുടെ തല ചെന്നിടിച്ചു. എന്റെ കുഴപ്പം കൊണ്ട് സംഭവിച്ചതല്ലെങ്കിലും അത് പ്രശ്നമായി. തല ഇടിച്ച ഉടനെ ചോര വന്നു. നെറ്റിയിൽ ചെറിയൊരു പോറൽ മാത്രമേ ഉണ്ടായിരുന്നുള്ളു, എങ്കിലും നായികയായ സുമലതയുടെ തല പൊട്ടിയത് കൊണ്ട് അത് വലിയ വിഷയമായി. ഇത് കാരണം അന്ന് ആ സീനിന്റെ ബാക്കിയെടുക്കുകയോ മറ്റ് സീനുകളോ എടുത്തില്ല. ആ ഷെഡ്യൂൾ പാക്കപ്പ് ചെയ്യുന്ന സ്ഥിതിയിലേക്ക് എത്തി.
ഇനിയെന്ത് ചെയ്യുമെന്ന് പോലും അറിയാത്ത അവസ്ഥയായി. എനിക്കും വിഷമമായി. ഞാൻ കാരണം ഇത്രയും വലിയൊരു നടിയ്ക്ക് അപകടം സംഭവിച്ചതിൽ വലിയ വിഷമം തോന്നിയെന്നാണ് നടൻ പറയുന്നത്. എന്നാൽ ഈ സിനിമയുടെ നിർമാതാവ് ജോയി തോമസ് ഈ പ്രശ്നത്തിന് പരിഹാരം കണ്ടതും രസകരമായ രീതിയിലാണെന്നും ബാബു നമ്പൂതിരി ഓർമ്മിച്ചു...
എന്ത് കാര്യത്തിനും ജോത്സ്യനെ കാണുന്ന ആളായിരുന്നു ജോയി തോമസ്. സിനിമയിലെ നായികയുടെ തലപൊട്ടി ചോര വന്നതുമായിട്ടുള്ള പ്രശ്‌നം ഉണ്ടായതിന് ശേഷം അദ്ദേഹം ഒരു ജോത്സ്യനെ കാണാൻ പോയി. അങ്ങനെ സംഭവിച്ചത് എന്ത് കൊണ്ടും നന്നായെന്നും യാതൊരു പ്രശ്നവുമില്ലെന്നാണ് ജോത്സ്യൻ മറുപടിയായി പറഞ്ഞത്.
സുമലതയുടെ തല പൊട്ടിയത് മാത്രമല്ല അതിനോട് അനുബന്ധിച്ച് ലൊക്കേഷനിലുണ്ടായ പ്രശ്‌നങ്ങളെല്ലാം ഗുണമാവുമെന്നും ആ ഷെഡ്യൂൾ പാക്കപ്പ് ആയെങ്കിലും പേടിക്കാനൊന്നുമില്ലെന്നും ജോത്സ്യൻ പറഞ്ഞു. തുടക്കത്തിലെ ചോര കണ്ടത് കൊണ്ട് നൂറ് ദിവസത്തിൽ കുറയാതെ സിനിമ ഓടുമെന്നും നല്ല ലക്ഷണമാണെന്നുമൊക്കെ അദ്ദേഹം പ്രവചിച്ചു. ഇതോടെ താൻ കാരണമുണ്ടായ പ്രശ്നം ഗുണമായല്ലോ എന്നോർത്ത് സന്തോഷമായെന്നും' ബാബു നമ്പൂതിരി പറയുന്നു.
#babunamboothiri #shares #his #working #experience #sumalatha #candid #revelations #viral