പോക്സോ കേസ് പ്രതിയായ കൂട്ടിക്കൽ ജയചന്ദ്രന്റെ ഇടക്കാല സംരക്ഷണം തുടരും. കേസിൽ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ സുപ്രീം കോടതി ഉത്തരവ് മാർച്ച് 24 വരെ നീട്ടി.
നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 2024 ജൂണിലാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരെ കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്ന കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്.
കേസെടുത്തതോടെ ഒളിവിൽ പോയ ജയചന്ദ്രൻ, മുൻകൂർജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ജാമ്യഹർജി തള്ളി. കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
ഇതിനുപിന്നാലെ നടനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. തുടർന്ന് ജയചന്ദ്രൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മുൻകൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു.
#POCSOcase #Actor #KoottikkalJayachandran #interim #protection #continue #SupremeCourt