Feb 26, 2025 03:02 PM

(moviemax.in ) പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സമരപ്രഖ്യാപനത്തെ തുടർന്ന് മലയാള സിനിമാ മേഖലയിലുണ്ടായ ആശങ്ക അവസാനിക്കുന്നു. സംഘടനകൾ‌ തമ്മിലുള്ള തർക്കം ഉടൻ തീരുമെന്ന് ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ.ജേക്കബ് അറിയിച്ചു. ബജറ്റ് വിവാദത്തിൽ‌ വ്യക്തത വന്നെന്നും ജേക്കബ് പറഞ്ഞു.

ഇതു സംബന്ധിച്ച് ആന്റണി പെരുമ്പാവൂരുമായി സംസാരിച്ച ശേഷമാണ് ജേക്കബിന്റെ പ്രഖ്യാപനം. നിർമാതാവ് സുരേഷ് കുമാറിനെതിരായി ഇട്ട ഫെയ്സ്ബുക് പോസ്റ്റ് പിൻവലിക്കുമെന്ന് ആന്റണി പെരുമ്പാവൂർ‌ ജേക്കബിനെ അറിയിച്ചു.

എമ്പുരാന്റെ ബജറ്റിനെപ്പറ്റി സുരേഷ് കുമാർ നടത്തിയ പരാമർശം വേദനിപ്പിച്ചെന്നും അതിനാലാണ് പോസ്റ്റ് ഇട്ടതെന്നും ആന്റണി പറഞ്ഞതായാണ് വിവരം. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ചാണ് ഫെയ്സ്ബുക് പോസ്റ്റ് ഇട്ടതെന്നും ആന്റണി പറഞ്ഞു. പോസ്റ്റ് സമൂഹമാധ്യമ പേജിൽനിന്നു പിൻവലിച്ചിട്ടുണ്ട്.

സിനിമകളുടെ നിർമാണച്ചെലവ് വൻതോതിൽ കൂടിയെന്നും താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കിൽ സിനിമാമേഖലയിൽ ജൂണിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും അതിനു മുന്നോടിയായി സൂചനാ പണിമുടക്ക് നടത്തുമെന്നും അറിയിച്ചിരുന്നു.

താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നത് അടക്കം ആവശ്യപ്പെട്ട നിർമാതാവ് ജി.സുരേഷ് കുമാറിനെതിരെ ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് വിവാദമായിരുന്നു. നിർമാതാക്കളും വിതരണക്കാരും തിയറ്റർ ഉടമകളുമെല്ലാമടങ്ങുന്ന ഫിലിം ചേംബർ, നിർമാതാക്കള്‍ക്കും സിനിമാ സമരത്തിനും പിന്തുണ പ്രഖ്യാപിക്കുകയും േചംബറിലെ അംഗം കൂടിയായ ആന്റണി പെരുമ്പാവൂരിന് കാരണം കാണിക്കൽ നോട്ടിസ് നൽകുകയും ചെയ്തു. സംഘടനയെ വിമർശിക്കുന്ന ആന്റണിയുടെ പോസ്റ്റ് നീക്കണമെന്നും ഇല്ലെങ്കിൽ അച്ചടക്കനടപടിയുണ്ടാകുമെന്നും അറിയിച്ചിരുന്നു.

എമ്പുരാൻ റിലീസ് ചെയ്യുന്ന മാർച്ച് 27ന് സിനിമാ സംഘടനകളുടെ സൂചനാ പണിമുടക്ക് നടത്തുമെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ, അതു ശരിയല്ലെന്നും പണിമുടക്കിന്റെ തീയതി തീരുമാനിച്ചിട്ടില്ലെന്നും തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചിരുന്നു.





#AnthonyPerumbavoor #withdraws #post #against #SureshKumar #Film #controversy #is #over'

Next TV

Top Stories