(moviemax.in) ജൂൺ 1 മുതൽ സിനിമാസമരം നടത്തുമെന്ന പ്രൊഡ്യൂസർ അസോസിയേഷൻ സെക്രട്ടറി ജി സുരേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയ ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി നടൻ പൃഥ്വിരാജ്. ഉണ്ണി മുകുന്ദൻ, അജു വർഗീസ് തുടങ്ങിയവരും ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായെത്തി.
എല്ലാം ഓക്കേ അല്ലേ അണ്ണാ? എന്നാണ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച് മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാന്റെ സംവിധായകൻ കൂടിയാണ് പൃഥ്വിരാജ്.
മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളത് എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രസ് മീറ്റിൽ ജി സുരേഷ് കുമാർ പറഞ്ഞത്.
മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങൾ പ്രതിഫലമായി വാങ്ങുന്നതെന്നും ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവർക്കില്ല എന്നും സുരേഷ് കുമാർ പറഞ്ഞു. ഇതിന് പ്രതികരണവുമായിട്ടാണ് ആന്റണി പെരുമ്പാവൂർ എത്തിയത്.
യുവതാരങ്ങളുടെ അമിതമായ പ്രതിഫലം കാരണം മലയാള സിനിമകൾ നഷ്ടത്തിലേക്കു കൂപ്പുകുത്തുന്നുവെന്നും കഴിഞ്ഞ മാസം മാത്രമുണ്ടായ നഷ്ടം 110 കോടിയാണെന്നും സുരേഷ് കുമാർ വെളിപ്പെടുത്തിയിരുന്നു.
#prithviraj #support #antonyperumbavoor