മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജനാര്‍ദനന്‍. വില്ലന്‍ വേഷങ്ങളിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് കോമഡി വേഷങ്ങളില്‍ സമാനതകളില്ലാത്ത താരമായി മാറിയ നടന്‍.
ഇപ്പോഴിതാ ജനാര്‍ദനനെക്കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് അദ്ദേഹം താരത്തിന്റെ തുടക്കത്തെക്കുറിച്ചും ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്നത്.
ജീവിതം എന്നും ആഘോഷമാക്കിയ വ്യക്തി. ജനാര്‍ദനന്റെ സിനിമാ പ്രവേശനം തികച്ചും വേറിട്ടതും സമാനതകളില്ലാത്തതുമാണ്. എയര്‍ഫോഴ്‌സിലെ ജോലി വേണ്ടെന്ന് വച്ച് നാട്ടിലെത്തിയതായിരുന്നു ജനാര്‍ദനന്‍.
ഒരു ദിവസം കൊല്ലത്തുള്ള നീല ഹോട്ടലിന്റെ ബാറില്‍ കയറി രണ്ട് പെഗ് അടിച്ചു. ഹോട്ടലിന്റെ ഉടമ നിര്‍മ്മാതാവായ എസ്‌കെ നായരാണ്. അദ്ദേഹം അവിടെ ഉണ്ടോ എന്ന് ജനാര്‍ദനന്‍ ബാര്‍ ജീവനക്കാരോട് തിരക്കി.
മുതലാളി മുകളിലെ മുറിയിലാണ് എന്ന് മറുപടി കിട്ടി. ഉടനെ ഒരു വെള്ളക്കടലാസില്‍ എസ്‌കെ നായര്‍ക്ക് നല്‍കാന്‍ ഒരു കുറിപ്പ് എഴുതി നല്‍കി ജനാര്‍ദനന്‍. 'മിസ്റ്റര്‍ എസ്‌കെ നായര്‍, ഞാനുമൊരു നായരാണ്. എനിക്ക് താങ്കളെ കാണണം. എന്ന് ജനാര്‍ദനന്‍ നായര്‍'.
കുറിപ്പുമായി പോയ ജോലിക്കാരന്‍ മടങ്ങിയെത്തുകയും മുതലാളി മുകളിലേക്ക് ചെല്ലാന്‍ പറഞ്ഞുവെന്ന് അറിയിക്കുകയും ചെയ്തു. പിന്നാലെ ജനാര്‍ദനന്‍ എസ്‌കെ നായരുടെ മുമ്പിലെത്തി.
കണ്ടമാത്രെ ജനാര്‍ദനെ എസ്‌കെ നായര്‍ക്ക് ഇഷ്ടപ്പെട്ടു. പക്ഷെ അപ്പോള്‍ ചെയ്യാനിരുന്ന ചെമ്പരത്തി എന്ന സിനിമയിലെ കാസ്റ്റിംഗ് പൂര്‍ത്തിയായിരുന്നു. എങ്കിലും സിനിമ പഠിക്കാന്‍ സഹായകരമാകുമെന്ന് പറഞ്ഞ് കൂടെ കൂട്ടി.
പിന്നീടാണ് സംവിധായകന്‍ സേതുമാധവുമായി പരിചയപ്പെടുന്നതും അഭിനയിക്കുന്നതും. ആ സൗഹൃദം അദ്ദേഹത്തിന് ഒരുപാട് ഗുണം ചെയ്തു. പക്ഷെ വഴിത്തിരിവാകുന്നത് ഐവി ശശിയുടെ വരവാണ്. പിന്നാലെ വില്ലന്‍ വേഷങ്ങളില്‍ ജനാര്‍ദനന്‍ തിളങ്ങി.
താന്‍ സംവിധാനം ചെയ്ത ചിത്രമാണ് വിശ്വസിച്ചാലും ഇല്ലെങ്കിലും. ഒരു കൊച്ചു പെണ്‍കുട്ടിയുടെ ശരീരത്തില്‍ പ്രേതബാധയുണ്ടാകുന്നതാണ് സിനിമയുടെ കഥ.
ആ കൊച്ചുകുട്ടിയായി അഭിനയിച്ചത് ജനാര്‍ദനന്റെ മകള്‍ ലക്ഷ്മി മരിയ ആയിരുന്നു. തലശ്ശേരിയിലെ ലൊക്കേഷനില്‍ ലക്ഷ്മി മരിയയ്‌ക്കൊപ്പമെത്തിയിരുന്നത് അമ്മ വിജയലക്ഷ്മി ആയിരുന്നു.
എല്ലാവരോടും സ്‌നേഹത്തോടേയും വിനയത്തോടെയും പെരുമാറുന്ന വ്യക്തിയായിരുന്നു അവര്‍ എന്ന് ആലപ്പി അഷ്‌റഫ് ഇന്നും ഓര്‍ക്കുന്നുണ്ട്.
ജനാര്‍ദനന്റെ ബന്ധു കൂടിയാണ് വിജയലക്ഷ്മി. അവരുടെ ആദ്യ വിവാഹത്തില്‍ താളപ്പിഴകളുണ്ടാവുകയും വേര്‍പിരിയുകയും ചെയ്തു. പിന്നീട് ജനാര്‍ദനന്‍ അവര്‍ക്കൊരു ജീവിതം കൊടുക്കുകയായിരുന്നു.
അതിന് കാരണം അദ്ദേഹത്തിന് അവരോട് നേരത്തെ തന്നെ ഇഷ്ടമുണ്ടായിരുന്നുവെന്നത് കൂടിയാണെന്നും ആലപ്പി അഷ്‌റഫ് പറയുന്നുണ്ട്. ജനാര്‍ദനന്‍ അവരെ വിവാഹം കഴിക്കുകയും അവരുടെ ആദ്യ ബന്ധത്തിലെ കുട്ടിയെ തന്റെ മകള്‍ക്കൊപ്പം ഒരു കുറവുമറിയിക്കാതെ വളര്‍ത്തിയെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.
സിനിമാരംഗത്ത് ശത്രുക്കളില്ലാത്ത നടന്‍മാരില്‍ ഒരാളായിരുന്നു ജനാര്‍ദ്ദനന്‍. ആരുടേയും വേഷം തട്ടിയെടുക്കുകയോ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
'ചേച്ചിയുടെ മരണശേഷം ജനാര്‍ദ്ദനന്‍ ചേട്ടന്റെ ജീവിതം കൂടുതല്‍ സംഘര്‍ഷഭരിതമായി. ഭാര്യയുടെ വേര്‍പാട് അദ്ദേഹത്തെ മാനസികമായി തളര്‍ത്തി.
മക്കള്‍ ഉണ്ടാക്കിവച്ച കോടിക്കണക്കിന് രൂപയുടെ കടങ്ങളെല്ലാം ഒരു പരാതിയുമില്ലാതെ അദ്ദേഹം തീര്‍ക്കുകയുണ്ടായി. ആ കടങ്ങളില്‍ പലതും മക്കള്‍ പലരെയും സഹായിച്ചു വെട്ടിലായതുമാണ്.' എന്നും ആലപ്പി അഷ്‌റഫ് പറയുന്നുണ്ട്.
#Life #given #divorced #woman #Conflict #death #wife #Debt #crores #children'