ഡല്‍ഹി: (moviemax.in) മഹാകുംഭമേളയ്ക്കിടെ ജനുവരി 29-ാം തീയതി തിക്കിലും തിരക്കിലുംപെട്ട് മുപ്പതുപേര്‍ മരിക്കുകയും അറുപതുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് 'അത്ര വലിയ സംഭവമായിരുന്നില്ലെ'ന്ന് നടിയും ബി.ജെ.പി. എം.പിയുമായ ഹേമമാലിനി.
ദുരന്തത്തേക്കുറിച്ച് ലോക്‌സഭയില്‍ പരാമര്‍ശിക്കുകയും യു.പി. സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്ത സമാജ്‌വാദി പാര്‍ട്ടി എം.പി. അഖിലേഷ് യാദവിനെ അവര്‍ കടന്നാക്രമിക്കുകയും ചെയ്തു.
തെറ്റായി സംസാരിക്കുക എന്നതു മാത്രമാണ് അഖിലേഷിന്റെ ജോലിയെന്ന് ഹേമമാലിനി പരിഹസിച്ചു. ഞങ്ങളും കുംഭമേള സന്ദര്‍ശിച്ചിരുന്നു. അങ്ങനെ സംഭവിച്ചു. പക്ഷേ, അത് അത്ര വലുതായിരുന്നില്ല.
സംഭവത്തെ പര്‍വതീകരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മഹാകുംഭമേള പോലൊരു വലിയ പരിപാടി വളരെ നല്ലരീതിയിലാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്നും ഹേമമാലിനി മാധ്യമങ്ങളോടു പ്രതികരിക്കവേ പറഞ്ഞു.
മഹാകുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ യഥാര്‍ഥത്തിലുള്ള എണ്ണം ആദിത്യനാഥ് സര്‍ക്കാര്‍ മറച്ചുവെക്കുകയായിരുന്നു എന്നായിരുന്നു അഖിലേഷ് യാദവിന്റെ ആരോപണം.
നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവേ ആയിരുന്നു അഖിലേഷ് വിമര്‍ശനം ഉന്നയിച്ചത്. മഹാകുംഭമേളയുടെ നടത്തിപ്പിനേക്കുറിച്ച് വ്യക്തത നല്‍കാന്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
#Death #people #stampede #during #Mahakumbamela #not #such #big #HemaMalini