(moviemax.in) കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് പത്മപ്രിയ ന്യൂയോർക്കിലെ പഠനത്തിന് വേണ്ടി സിനിമാ രംഗത്ത് നിന്നും ഇടവേളയെടുക്കുന്നത്. തിരിച്ച് വന്നപ്പോഴേക്കും നായിക നിരയിലെ പഴയ സ്ഥാനം പത്മപ്രിയക്ക് നഷ്ടപ്പെട്ടിരുന്നു.
സിനിമാ രംഗത്ത് നായികനടിമാർക്കുള്ള കുറഞ്ഞ ഷെൽഫ് ലൈഫിനെക്കുറിച്ചും അവസരങ്ങൾ ഇല്ലാതാകുന്നതിനെക്കുറിച്ചും പത്മപ്രിയ ഒന്നിലേറെ തവണ സംസാരിച്ചിട്ടുണ്ട്. ഡബ്ല്യുസിസി അംഗമായ പത്മപ്രിയ നടിമാരുടെ അവകാശത്തിന് വേണ്ടി നിരന്തരം പ്രവർത്തിക്കുന്നയാളുമാണ്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് ഡബ്ല്യുസിസി സംഘടന രൂപീകരിക്കുന്നതും പത്മപ്രിയ സംഘടനയുടെ സജീവപ്രവർത്തകയാകുന്നതും. കരിയറിൽ വലിയ നഷ്ടങ്ങൾ വന്നപ്പോഴും നടി ഡബ്ല്യുസിസിയിൽ ഉറച്ച് നിന്നു. ഇന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് വരെ എത്തിനിൽക്കുന്നു പത്മപ്രിയയുടെ പോരാട്ടം. സിനിമാ രംഗത്തിന് പുറത്തുള്ള സ്ത്രീ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് പരാമർശിച്ചിരിക്കുകയാണ് പത്മപ്രിയയിപ്പോൾ.
ഇന്ത്യയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം കൂടുതലാണെന്ന് പത്മപ്രിയ ചൂണ്ടിക്കാട്ടുന്നു. ദ വീക്കുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ന്യൂയോർക്ക് നഗരത്തിൽ റേപ്പും ഉപദ്രവിക്കലും പൂർണമായും തടയാനായി.
കാരണം പൊലീസ് അനുകമ്പയോടെയും പെട്ടെന്നും ഇടപെടുന്നു. അത് കൊണ്ട് സ്ത്രീകൾക്കെതിരെയുള്ള അതിക്രമം 1940 കളിൽ നിന്നും ഇന്ന് ക്രമാതീതമായി കുറഞ്ഞു. അതുകൊണ്ടാണ് ന്യൂയോർക്ക് സുരക്ഷിത നഗരമായി കാണുന്നത്.
ഞാൻ അവിടെ പഠിക്കുന്ന സമയത്ത് രാവിലെ മൂന്ന് മണിക്ക് എന്ത് ധരിച്ചും നടക്കാം. റേപ്പ് ചെയ്യപ്പെടില്ല. ഇങ്ങനെ പറയേണ്ടി വരുന്നതിൽ സങ്കടമുണ്ട്. പക്ഷെ ഇതാണ് സത്യം. ഡൽഹിയിൽ വെച്ചോ ഈ രാജ്യത്ത് മറ്റെവിടെയെങ്കിലും വെച്ചോ പുറത്ത് പോകുമ്പോൾ ഞാൻ ആദ്യം നോക്കുക എത്രത്തോളം സുരക്ഷിതമാണെന്നാണ്.
ഞാൻ ഉപദ്രവിക്കപ്പെടുമോ, അടുത്തിരിക്കുന്ന ഡ്രെെവർ അക്രമിക്കുമോ എന്നൊക്കെയാണ് ആദ്യ ചിന്തകൾ. പകൽ സമയത്തും ഇത് സംഭവിക്കാം. മുൻസീറ്റിലിരിക്കണോ ബാക്ക്സീറ്റിലിരിക്കണോ എന്ന് ആദ്യം ചിന്തിക്കും. എന്റെ ഭർതൃമാതാവ് ആദ്യം പറയുക പിൻസീറ്റിൽ ഇരിക്കാനാണ്. കാരണം ഞാൻ ഉപദ്രവിക്കപ്പെടുമെന്ന് അവർ ആശങ്കപ്പെടുന്നു. ക്രെെം മാനേജ്മെന്റ് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും പത്മപ്രിയ ചൂണ്ടിക്കാട്ടി.
തെക്കൻ തല്ല് കേസ്, വണ്ടർ വുമൺ എന്നീ സിനിമകളിലാണ് പത്മപ്രിയയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. 2014 ലാണ് പത്മപ്രിയ വിവാഹിതയായത്. ജാസ്മിൻ ഷാ എന്നാണ് ഭർത്താവിന്റെ പേര്. വിദേശത്ത് പഠിക്കുമ്പോഴാണ് പത്മപ്രിയ ജാസ്മിൻ ഷായെ പരിചയപ്പെടുന്നത്.
കാഴ്ച എന്ന സിനിമയിലൂടെയാണ് പത്മപ്രിയ മലയാള സിനിമാ രംഗത്തേക്ക് വരുന്നത്. പിന്നാലെ മലയാളത്തിലും തമിഴിലും നിരവധി സിനിമകൾ പത്മപ്രിയയെ തേടി വന്നു. ഡൽഹിയിലാണ് പത്മപ്രിയ ജനിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമാ രംഗത്തെ പല പ്രശ്നങ്ങൾക്കും പരിഹാരത്തിന് വഴിയൊരിക്കും എന്ന പ്രതീക്ഷയിലാണ് പത്മപ്രിയയും ഡബ്ല്യുസിസി അംഗങ്ങളും. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഹിന്ദി, ബംഗാളി സിനിമകളിലും പത്മപ്രിയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഷെഫ് ആണ് പത്മപ്രിയയുടെ ശ്രദ്ധേയ ബോളിവുഡ് ചിത്രം.
#padmapriya #shares #her #concerns #about #women #safety #mentions #her #motherinlaw