നാളിതുവരെയുളള എല്ലാ റെക്കോര്‍ഡുകളും തിരുത്തിയെഴുതി മുന്നേറുകയാണ് ഉണ്ണി മുകുന്ദൻ. സിനിമ കലക്ട് ചെയ്യുന്ന തുകയുടെ കണക്കില്‍ മാത്രമല്ല. ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ മാര്‍ക്കറ്റ് എന്ന് അവകാശപ്പെടുന്ന ബോളിവുഡിലെ ഹിന്ദി സിനിമകള്‍ പോലും മാറ്റി വെച്ച് ഉണ്ണിയുടെ മാര്‍ക്കോയ്ക്ക് ആളുകൾ അവിടേയും തിയേറ്ററിൽ കയറി തുടങ്ങി.
പേരിന് റിലീസ് ചെയ്യപ്പെടുക മാത്രമല്ല പകരം ഒറിജിനല്‍ ബോളിവുഡ് സിനിമകള്‍ക്ക് ലഭിക്കുന്നതിന് സമാനമായ കലക്ഷനാണ് മാര്‍ക്കോയുടെ ഹിന്ദി ഡബ്ബ്ഡ് വേര്‍ഷന് ലഭിക്കുന്നത്.
മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദന് സൂപ്പർ സ്റ്റാർ എന്ന വിശേഷണവും പ്രേക്ഷകരിൽ നിന്നും ലഭിച്ച് തുടങ്ങി. മോഹൻലാൽ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, നസ്ലിൻ ഗഫൂർ, ടോവിനോ എന്നിവർക്ക് ശേഷം സോളോ 100 കോടി നേടുന്ന താരം കൂടായായി മാറി കഴിഞ്ഞു ഉണ്ണി മുകുന്ദൻ.
ഒറ്റ പടം കൊണ്ട് കളിയാക്കിയവരുടെ മുന്നിൽ ഇങ്ങനെ ഒരു നേട്ടം നടൻ നേടിയത് ശരിക്കും രോമാഞ്ചം തോന്നിക്കുന്ന ഒന്ന് തന്നെയാണ്. മാത്രമല്ല മാർക്കോയിലൂടെ പാൻ ഇന്ത്യൻ ലെവലിൽ കിട്ടിയ പോപ്പുലാരിറ്റിയും ആരാധകരും ഭാവിയിൽ ഉണ്ണിയുടെ കരിയറിന് കൂടുതൽ ഗുണം ചെയ്തേക്കും. കഷ്ടപ്പെട്ട് വന്ന് പിടിച്ച് നിന്ന് പല പ്രശ്നങ്ങളേയും ഒറ്റയ്ക്ക് നിന്ന് നേരിട്ട് നെഞ്ചുറുപ്പോടെ നേടി എടുത്ത വിജയമാണ് ഉണ്ണി മുകുന്ദന്റേത്.
അതുകൊണ്ട് തന്നെ ഉണ്ണിയുടെ വിജയം ആഘോഷിക്കുന്നതിൽ പതിന്മടങ്ങ് സന്തോഷം മലയാളികളായ പ്രേക്ഷകർക്കുമുണ്ട്. സിനിമ വിജയകരമായി പ്രദർശനം തുടരുമ്പോൾ ഉണ്ണി കേരളത്തിന് അകത്തും പുറത്തുമെല്ലാം പ്രമോഷനും അഭിമുഖങ്ങളും എല്ലാമായി തിരക്കിലാണ്. ഉണ്ണി മുകുന്ദനെ പോലെ തന്നെ കഠിനാധ്വാനത്തിലൂടെ കെട്ടി പൊക്കിയ സാമ്രാജ്യമാണ് നടൻ ആസിഫ് അലിയുടേയും.
അവതാരകനായി കരിയർ ആരംഭിച്ച താരം തുടക്കത്തിൽ വില്ലൻ, സഹനടൻ റോളുകളാണ് ചെയ്തിരുന്നത്. അവിടെ നിന്ന് വർഷങ്ങളുടെ അധ്വാനത്തിലൂടെയാണ് മലയാളത്തിലെ താരമൂല്യമുള്ള മുൻനിര നടനായി ആസിഫ് അലി മാറിയത്. 2024 ഉണ്ണിക്ക് എന്നതുപോലെ ആസിഫിനും നല്ലൊരു വർഷമായിരുന്നു. തലവൻ തൊട്ട് ഇതുവരെ ആസിഫ് ചെയ്ത സിനിമകളെല്ലാം വൻ വിജയമായിരുന്നു. ആസിഫ് അലിയുടെ തിരിച്ച് വരവ് കണ്ട വർഷം എന്നാണ് 2024നെ ആരാധകർ വിശേഷിപ്പിച്ചത്.
രേഖാചിത്രമാണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ റിലീസ്. രണ്ട് ദിവസം മുമ്പാണ് രേഖാചിത്രം തിയേറ്ററുകളിലെത്തിയത്. സിനിമയുടെ പ്രമോഷൻ ചടങ്ങുകളിൽ എല്ലാം ആസിഫ് സജീവമായിരുന്നു. അത്തരത്തിൽ രേഖചിത്രത്തിന് വേണ്ടി നൽകിയ അഭിമുഖത്തിൽ നടൻ ഉണ്ണി മുകുന്ദനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
മാർക്കോ സിനിമ കണ്ടിരുന്നുവോയെന്ന് ചോദിച്ചപ്പോഴാണ് ഉണ്ണിയുമായുള്ള സൗഹൃദത്തെ കുറിച്ച് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ആസിഫ് മനസ് തുറന്നത്. മല്ലു സിങ് ആണ് ഉണ്ണിക്കൊപ്പം ആസിഫ് ചെയ്ത ആദ്യ സിനിമ. മാർക്കോ കണ്ടിരുന്നു അതിഗംഭീരം. പ്രത്യേകിച്ച് ഉണ്ണിയുടെ സ്ക്രീൻ പ്രസൻസും സ്വാഗും ഉണ്ണി ആ ക്യാരക്ടർ കാരി ചെയ്തിരിക്കുന്ന വിധവും എല്ലാം അതിഗംഭീരം. തിയേറ്ററിൽ സ്ക്രീനിൽ കാണുന്നത് ഉണ്ണിയെ മാത്രമാണ്.
ഐ ലവ് മി എന്ന സിനിമയിൽ അഭിനയിച്ച സമയത്താണ് ഞാൻ ഉണ്ണിക്കൊപ്പം ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത്. അന്ന് മുതൽ ഞാൻ പറയും ഇവന് ഉണ്ണി എന്നല്ലാതെ വേറൊരു പേരിടാൻ പറ്റില്ലെന്ന്. അത്രയ്ക്ക് പാവമാണ് ഉണ്ണി എന്നാണ് ആസിഫ് സൗഹൃദത്തെ കുറിച്ചും മാർക്കോ സിനിമയെ കുറിച്ചും പ്രതികരിച്ച് പറഞ്ഞത്.
മലയാളത്തിൽ ഇതുവരെ റിലീസ് ചെയ്തിട്ടുള്ളതിൽ ഏറ്റവും കൂടുതൽ വയലൻസുള്ള സിനിമ എന്ന ടാഗോടെയാണ് മാർക്കോ തിയേറ്ററുകളിലെത്തിയത്.
#asifali #openup #about #his #bonding #unnimukundan