തമിഴ് സിനിമയിലെ ഏറ്റവും മികച്ച ഹാസ്യ താരങ്ങളിലൊരാളായിരുന്നു നടന്‍ വിവേക്. 2021 ഏപ്രിലില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് താരം അന്തരിച്ചത് സിനിമാപ്രമികള്‍ക്ക് കനത്ത പ്രഹരമായിരുന്നു നല്‍കിയത്.
മലയാളികളെ ഉൾപ്പടെ ഏറെപ്പേരെ ചിരിപ്പിച്ച നടൻ അമ്പത്തിയൊമ്പതാമത്തെ വയസിലാണ് മരണത്തെ പുൽകിയത്. ആയിരങ്ങളാണ് നടന്റെ മരണനാന്തര ചടങ്ങിൽ പങ്കെടുത്തത്.
220 അധികം സിനിമകളിൽ അഭിനയിച്ച വിവേക് തൊണ്ണൂറുകളുടെ അവസാനമാണ് മുഖ്യധാരയിലേക്ക് ഉയരുന്നത്. പിന്നീട് സൂപ്പർ താരങ്ങൾക്കൊപ്പം പോസ്റ്ററുകളിൽ വിവേകിന്റെ മുഖവും പ്രത്യക്ഷപ്പെട്ട് തുടങ്ങി.
അലൈപായുതേ, മിന്നലേ, റൺ, ധൂൾ, സാമി, പാർഥിപൻ, കനവ് ബോയ്‌സ്, അന്യൻ, ശിവാജി, കുരുവി, സിങ്കം, വേലയില്ലാ പട്ടധാരി, മീശയെ മുറുക്ക്, വിശ്വാസം, വെള്ളൈ പൂക്കൾ, ബിഗിൽ, ധാരാളപ്രഭു തുടങ്ങിയവയാണ് പ്രധാന സിനിമകൾ.
പരിസ്ഥിതി, വൃക്ഷത്തൈ നട്ടുവളർത്തൽ, എയ്ഡ്സ്, കോവിഡ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ബോധവത്കരണ പ്രവർത്തനങ്ങളിളും സജീവമായിരുന്നു വിവേക്.
കലാമിന്റെ ദർശനങ്ങൾ പ്രചരിപ്പിച്ച വിവേക് ആഗോളതാപനത്തിനെതിരായി ബോധവത്കരണം നടത്താൻ ഗ്രീൻ കലാം എന്ന സംരംഭം ആരംഭിച്ചിരുന്നു. അഞ്ച് തവണ തമിഴ്‌നാട് സര്‍ക്കാറിന്‍റെ മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരവും മൂന്ന് തവണ മികച്ച ഹാസ്യ നടനുള്ള ഫിലംഫെയര്‍ അവാര്‍ഡും വിവേകിന് ലഭിച്ചിട്ടുണ്ട്.
2009ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തു. ഇപ്പോഴിതാ നടന്റെ ഓർമകൾക്ക് മൂന്ന് വയസ് തികയുമ്പോൾ പ്രിയ ഭർത്താവിനെ കുറിച്ചുള്ള ഓർമകൾ പങ്കിടുകയാണ് ഭാര്യ അരുൾസെൽവി.
1993ലായിരുന്നു വിവേകുമായുള്ള അരുൾസെൽവിയുടെ വിവാഹം. സ്വന്തം അധ്യാപികയാണ് അരുൾസെൽവിയുടെ അടുത്തേക്ക് വിവേകിന്റെ പ്രപ്പോസലുമായി ചെന്നത്.
അദ്ദേഹം വളരെ ഹെൽത്ത് കോൺഷ്യസായ വ്യക്തിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും ഞാൻ കരുതിയിരുന്നില്ല. ഞാനാണ് കൂടുതൽ സ്ട്രെസ് എടുക്കുന്നയാൾ.
അതുകൊണ്ട് തന്നെ എന്റെ ആരോഗ്യത്തിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വേർപാട് എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. മക്കൾക്ക് വേണ്ടി കൂടിയാണ് ഞാൻ എല്ലാം ഉൾക്കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതും ധൈര്യമായി ഇരിക്കുന്നതും.
എന്റെ കോളജിലെ മാഡം വഴിയാണ് അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നും പ്രപ്പോസൽ വന്നത്. ഞാൻ സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാനൊക്കെയായിരുന്നു.
അദ്ദേഹത്തിന് വിവാഹ ആലോചനകൾ നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മാഡമാണ് എന്നെ വിവാഹം കഴിപ്പിച്ച് അയക്കാൻ താൽപര്യമുണ്ടോയെന്ന് അമ്മയോട് ചോദിച്ചത്.
എന്റെ അമ്മ താൽപര്യം പറഞ്ഞതോടെ രണ്ട് കുടുംബവും സംസാരിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. 1993ലായിരുന്നു വിവാഹം. സിനിമാക്കാരന് പെണ്ണിനെ കൊടുക്കുന്നതിൽ എന്റെ മാതാപിതാക്കൾക്ക് ആശങ്കയുണ്ടായിരുന്നു. പക്ഷെ അതിനൊക്കെ എന്റെ മാതാപിതാക്കൾക്ക് അദ്ദേഹം കൃത്യമായ ക്ലാരിറ്റി കൊടുത്തു.
കാരണം അദ്ദേഹം സെക്രട്ടറിയേറ്റിൽ ഫിനാൻസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. സിനിമ തന്റെ ഹോബി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നിയമ പഠനവും പൂർത്തിയാക്കിയിട്ടുണ്ട്.
അന്നൊന്നും അദ്ദേഹം സിനിമയിൽ അറിയപ്പെടുന്ന താരമായി വളർന്നിട്ടില്ല. സിനിമയെ വിശ്വസിച്ചല്ല മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്നിസൈ മലൈ എന്ന സിനിമ ഇഷ്ടപ്പെട്ടതുപോലും അദ്ദേഹത്തിന്റെ പ്രകടനം ഒന്നുകൊണ്ട് മാത്രമാണ്. പ്രപ്പോസൽ വന്നപ്പോൾ നടൻ വിവേകാണെന്ന് കരുതിയിരുന്നില്ല.
പിന്നീടാണ് മനസിലായത്. കോളേജ് പൂർത്തിയാക്കും മുമ്പ് വിവാഹം കഴിഞ്ഞിരുന്നു. ഞാൻ അദ്ദേഹത്തെയാണ് വിവാഹം കഴിക്കാൻ പോകുന്നത് എന്നത് ഫ്രണ്ട്സിന് വലിയ സർപ്രൈസായിരുന്നുവെന്നും അരുൾസെൽവി പറയുന്നു.
#He #health #conscious #didnt #think #happen #lives #for #children #Arulselvi