മലയാളത്തില്‍ ഏറ്റവും തരംഗം സൃഷ്ടിച്ച ക്യാമ്പസ് സിനിമയായിരുന്നു നിറം. അനിയത്തിപ്രാവിന് ശേഷം കുഞ്ചാക്കോ ബോബന്‍ ശാലിനി കൂട്ടുകെട്ടില്‍ എത്തിയ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എബിയും സോനയുമായി ഇരുവരും യുവാക്കള്‍ക്കിടയില്‍ വലിയ തരംഗം സൃഷ്ടിച്ചു.
കുഞ്ചാക്കോ ബോബന്റെ കരിയര്‍ മാറിമറിഞ്ഞതും നിറത്തിലൂടെ ആയിരുന്നു. കമല്‍ സംവിധാനം ചെയ്ത ചിത്രം യഥാര്‍ത്ഥ സംഭവകഥയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചതായിരുന്നു. ഇത്രയും സൂപ്പര്‍ ഹിറ്റായി മാറിയ സിനിമയാണെങ്കിലും നിറം തിയേറ്ററിലെത്തി ആദ്യ ദിവസങ്ങളില്‍ വന്‍ കൂവല്‍ നേടിയെന്ന് പറയുകയാണ് സംവിധായകന്‍ കമല്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'റിലീസിന്റെ അന്ന് തന്നെ സിനിമ തിയേറ്ററില്‍ പോയി കാണാനുള്ള ശേഷി എനിക്കില്ലായിരുന്നു. നിറം റിലീസ് ചെയ്ത വ്യാഴാഴ്ച ഞാന്‍ കൊടുങ്ങല്ലൂരില്‍ ആയിരുന്നു. മോണിംഗ് ഷോയുടെ ഇന്റര്‍വല്‍ ആയപ്പോള്‍ തന്നെ തിയേറ്ററിനുള്ളില്‍ ഭയങ്കര കൂവലാണെന്ന് എനിക്ക് റിപ്പോര്‍ട്ട് കിട്ടി. മാറ്റിനിയ്ക്കും ഫസ്റ്റ് ഷോയ്ക്കും ഇത് തന്നെയായിരുന്നു അവസ്ഥ. പടം വീണെന്ന് തന്നെ കരുതി. രാധാകൃഷ്ണനും ജോണി സാഗരികയും വിളിച്ചിട്ടും പടം വീണെന്ന് തന്നെ പറഞ്ഞു.
അടുത്ത ദിവസവും തിയേറ്ററില്‍ ആളുണ്ട്. പക്ഷേ കൂവലിന് മാത്രം കുറവൊന്നുമില്ല. എവിടെയാണ് കൂവലെന്ന് എഴുതി കൊണ്ടുവരൂ, ആ രംഗങ്ങള്‍ ഒഴിവാക്കി പ്രശ്‌നം പരിഹരിക്കാമെന്നാണ് കരുതിയത്.
അപ്പോഴാണ് അറിയുന്നത് കുഞ്ചാക്കോ ബോബനും ശാലിനിയും 'എടാ' എന്ന് വിളിക്കുന്നിടത്താണ് കൂവല്‍. സിനിമയില്‍ മുഴുവനും അവരുടെ കഥാപാത്രങ്ങള്‍ അങ്ങനെയാണ് പരസ്പരം വിളിക്കുന്നത്. പുതിയ ട്രെന്‍ഡ് എന്നൊക്കെ പറഞ്ഞാണ് സിനിമയില്‍ എടാ എന്നുള്ള വിളി കൊണ്ടുവന്നത്. ഇനി ഒന്നും ചെയ്യാനില്ല പടം വീണത് തന്നെ എന്ന് വിചാരിച്ചു.
മൂന്നാം ദിവസം ഞാനും കുടുംബവും തിരുവനന്തപുരത്ത് വ്യക്തിപരമായ ഒരാവശ്യത്തിന് പോവുകയായിരുന്നു. പോകുന്ന വഴിക്ക് വെച്ച് ലിബര്‍ട്ടി ബഷീര്‍ എന്നെ വിളിച്ചു. എന്നിട്ട് പടം സൂപ്പര്‍ഹിറ്റ് ആണെന്നും യൂത്ത് സിനിമ ഏറ്റെടുത്തുവെന്നും, കോഴിക്കോട് ടിക്കറ്റ് കിട്ടാതെ ആള്‍ക്കാര്‍ തിരിച്ചു പോവുകയാണെന്നും പറഞ്ഞു.
വര്‍ഷം ഇത്രയൊക്കെ കഴിഞ്ഞെങ്കിലും ആ ഫോണ്‍കോള്‍ ഞാന്‍ ഒരിക്കലും മറക്കില്ല. അതിന് പിന്നാലെ ജോണി സാഗരികയും രാധാകൃഷ്ണനും വിളിച്ചു. കോഴിക്കോട് മാത്രമല്ല തിരുവനന്തപുരത്തും പടം ഹിറ്റാണ്. തിയേറ്ററില്‍ ഇപ്പോള്‍ കൂവലൊന്നുമില്ലെന്നും പറഞ്ഞു. അന്ന് രാത്രി തിരുവനന്തപുരത്തുള്ള കൃപ തിയേറ്ററില്‍ പോയി ഞാന്‍ സിനിമ കണ്ടു.
സെക്കന്‍ഡ് ഷോ ഹൗസ് ഫുള്‍ ആയിരുന്നു. സിനിമ കണ്ടതിനുശേഷമുള്ള ആള്‍ക്കാരുടെ പ്രതികരണം കൂടി കണ്ടതോടെ മനസ്സുനിറഞ്ഞു. ക്യാമ്പസിലെ എടാ വിളി എല്ലാവരും ഏറ്റെടുത്തു. ഞാന്‍ സംവിധാനം ചെയ്തതിലെ ഏറ്റവും മികച്ച സിനിമ നിറം ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. എങ്കിലും ആ സിനിമ ഒരുപാട് അനുഭവങ്ങള്‍ തന്നു.
കലാലയ കൗമാരങ്ങളുടെ ആഘോഷമായിരുന്നു ആ സിനിമ. ഓരോ സീനിലും നിറയെ നിറങ്ങള്‍ വാരി വിതറിയാണ് ചിത്രീകരണം നടന്നത്. സിനിമയ്ക്ക് നിറം എന്ന പേരിടുമ്പോള്‍ ആ ആവേശം തന്നെയായിരുന്നു എന്റെ മനസ്സിലും.
ലാല്‍ ജോസിന്റെ ആശയം, ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ കഥ, ശത്രുഘനന്റെ തിരക്കഥ. ആ സിനിമയുടെ പിറവിക്ക് കാരണമായ യഥാര്‍ത്ഥ സംഭവത്തിലെ നായിക നായകനും ഇപ്പോഴും സുഖമായി ജീവിക്കുന്നു എന്നാണ് എന്റെ വിശ്വാസം. അവര്‍ക്ക് വേണ്ടിയാണ് സിനിമയുടെ 25-ാം വര്‍ഷം ഞാന്‍ സമര്‍പ്പിക്കുന്നതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു...
#director #kamal #recalled #kunchackoboban #shalinis #niram #movie #first #day #audience #response