ആരാധകരുടെ ഏറെനീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമം-തിയേറ്ററുകള്‍ പൂരപ്പറമ്പാക്കാന്‍ വീണ്ടും മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്നു.
പതിനാറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം സംവിധാനംചെയ്യുന്നത് മഹേഷ് നാരായണനാണ്. സിനിമയുടെ ചിത്രീകരണം നവംബറില്‍ ആരംഭിക്കും. പതിനൊന്നുവര്‍ഷംമുന്‍പ് മമ്മൂട്ടി നായകനായ കടല്‍ കടന്നൊരു മാത്തുക്കുട്ടിയില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ എത്തിയിരുന്നു.
എന്നാല്‍ ഇരുവരും തുല്യപ്രധാന്യമുള്ള നായകരായി അവസാനമായി ഒന്നിച്ചത് 2008-ല്‍ ട്വന്റി-20 യിലാണ്. ജോഷി സംവിധാനം ചെയ്ത ട്വന്റി-20 അന്ന് ബോക്‌സോഫീസില്‍ റെക്കോഡ് വിജയമാണ് നേടിയത്.
80 കോടിയോളം ബജറ്റിലാണ് മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. ലണ്ടന്‍, ശ്രീലങ്ക, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഇരുവരും ഒന്നിക്കുന്നതിനെപ്പറ്റി അടുത്തിടെനടന്ന നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് സോഷ്യല്‍മീഡിയായിലൂടെ ആദ്യസൂചന നല്‍കിയത്.
ആശീര്‍വാദ് സിനിമാസും മമ്മൂട്ടി കമ്പനിയും ഒന്നിക്കുന്നു എന്നരീതിയിലുള്ള ആ പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. ബിഗ്ബജറ്റില്‍ മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രത്തില്‍ ഒന്നില്‍ കൂടുതല്‍പേര്‍ നിര്‍മാണപങ്കാളികളായി എത്തുന്നുണ്ട്.
1982-ല്‍ നവോദയായുടെ പടയോട്ടം എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും പ്രധാനവേഷങ്ങളില്‍ ആദ്യമായി ഒരുമിച്ചത്. അതില്‍ മോഹന്‍ലാലിന്റെ അച്ഛനായാണ് മമ്മൂട്ടി അഭിനയിച്ചത്. പിന്നീട് അഹിംസ, വാര്‍ത്ത, എന്തിനോ പൂക്കുന്ന പൂക്കള്‍, അവിടത്തെപ്പോലെ ഇവിടെയും, അടിയൊഴുക്കള്‍, കരിമ്പിന്‍പൂവിനക്കരെ, നമ്പര്‍ 20 മദ്രാസ് മെയില്‍, അതിരാത്രം, കരിയിലക്കാറ്റുപോലെ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് തുടങ്ങി 51 സിനിമകളില്‍ ഇരുവരും ഒരുമിച്ചു. ഇതിലേറെയും സൂപ്പര്‍ഹിറ്റുകളുമായിരുന്നു.
1998-ല്‍ ഫാസില്‍ സംവിധാനംചെയ്ത ഹരികൃഷ്ണന്‍സില്‍ ചെറിയ ഇടവേളയ്ക്കുശേഷം ഇരുവരും ഒരുമിച്ചപ്പോള്‍ അത് പ്രേക്ഷകര്‍ വലിയ വിജയമാക്കി മാറ്റി. ഇരുതാരങ്ങളുടെ ആരാധകര്‍ക്കുവേണ്ടി രണ്ടുരീതിയില്‍ സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത് അന്നേറെ ചര്‍ച്ചയായിരുന്നു.
പിന്നീട് മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവുംവലിയ വാണിജ്യസിനിമകളിലൊന്നായ നരസിംഹത്തില്‍ നന്ദഗോപാല്‍ മാരാര്‍ എന്ന വക്കീല്‍വേഷത്തില്‍ മമ്മൂട്ടി എത്തി. ആ വക്കീല്‍വേഷം മലയാളസിനിമ കണ്ടതില്‍വെച്ച് ഏറ്റവും ഹിറ്റായ അതിഥിവേഷങ്ങളില്‍ ഒന്നായി മാറുകയുംചെയ്തു.
ഇരുവരും ഒരുമിച്ച് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിനായി ഒരുപാട് കാലമായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഈ കാത്തിരിപ്പിനാണ് മഹേഷ് നാരായണന്‍ ചിത്രത്തിലൂടെ അവസാനമാകുന്നത്.
ചിത്രത്തിന്റെ ആദ്യ അപ്‌ഡേറ്റ് മുതല്‍ ഓരോന്നും മലയാള സിനിമാചരിത്രത്തില്‍ പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും. മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടുസൂപ്പര്‍താരങ്ങള്‍ ഒരുമിക്കുമ്പോള്‍ ഒരു ഇന്‍ഡസ്ട്രി ഹിറ്റുകൂടി പ്രേക്ഷകര്‍ സ്വപ്നം കണ്ടുതുടങ്ങിയിരിക്കുന്നു.
#Theaters #conquered #Mammootty #Mohanlal #collaboration #silverscreen #years