കലാരഞ്ജിനി, കല്‍പന, ഉര്‍വശി എന്നിങ്ങനെ മലയാള സിനിമയിലെ മൂന്ന് താരസഹോദരിമാരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. കല്‍പനയുടെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് ഇന്നും കുടുംബം. അതേ സമയം നടിമാരുടെ മക്കളും വൈകാതെ സിനിമയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്.
ഉര്‍വശിയുടെ മകള്‍ തേജാലക്ഷ്മിയും കല്‍പനയുടെ മകള്‍ ശ്രീസംഖ്യയുമൊക്കെ അതിനുള്ള മുന്നൊരുക്കത്തിലാണ്. അടുത്ത തലമുറയുടെ കടന്ന് വരവിനെ കുറിച്ച് സംസാരിക്കുകയാണ് കലാരഞ്ജിനിയിപ്പോള്‍. ഒപ്പം തന്റെ വീട്ടിലുണ്ടായ ദുരന്തങ്ങളെ കുറിച്ചും സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നു.
അച്ഛനും അമ്മയും നിര്‍ബന്ധിച്ചിട്ടല്ല ഞങ്ങള്‍ സിനിമയിലേക്ക് വന്നത്. യാദൃശ്ചികമായി എത്തിയതാണ്. അതുപോലെ മക്കളും അവര്‍ക്ക് ഇഷ്ടമുള്ള ജോലി ചെയ്യട്ടെ എന്നാണ് ഞങ്ങളുടെ തീരുമാനം. പക്ഷേ അവരും കൊച്ചിലെ മുതല്‍ കാണുന്നത് സിനിമ തന്നെയാണല്ലോ. ഈ ചോറ് കഴിച്ചിട്ട് ആണല്ലോ അവരും വളര്‍ന്നത്. അതുകൊണ്ടാവാം അവരുടെ രക്തത്തിലും സിനിമ തന്നെയാണ്.
എന്റെ മോള്‍ അമ്പോറ്റി ഉജ്വല്‍, കല്‍പ്പനയുടെ മകള്‍ ശ്രീസംഖ്യ, അനിയന്റെ മോന്‍ നിധിന്‍ പ്രിന്‍സ്, ഉര്‍വശിയുടെ മകള്‍ തേജാലക്ഷ്മി... എന്നിങ്ങനെ നാലു പിള്ളേരോടും പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ എന്താണ് പഠിക്കേണ്ടതെന്ന് ചോദിച്ചു. നാലുപേരും പറഞ്ഞത് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ എന്നാണ്.
ഉര്‍വശിയുടെ ഇളയ മകന്‍ ഇഷാന്‍ പ്രജാപതി നാലാം ക്ലാസില്‍ പഠിക്കുകയാണ്. അവനും നല്ലൊരു കലാകാരനാണ്. ശ്രീ സംഖ്യ തമിഴ് ഡ്രാമ ആര്‍ട്ടിസ്റ്റ് ആണ്. എന്തായാലും പഠനം ഒക്കെ കഴിഞ്ഞാല്‍ ഈ മക്കള്‍ സിനിമയിലേക്ക് തന്നെ വരുമെന്ന് കലാരഞ്ജിനി പറയുന്നു.
ജീവിതത്തില്‍ ഉണ്ടായ ദുരന്തങ്ങളെ കുറിച്ച് കലാരഞ്ജിനി പറയുന്നത് ഇങ്ങനെയാണ്...
ആദ്യം അച്ഛന്‍ പിന്നെ അനിയന്‍, ചിറ്റപ്പന്‍, മിനിമോള്‍... അതെല്ലാം നഷ്ടങ്ങള്‍ തന്നെയാണ്. മിനിമോളുടെ മരണം എല്ലാവരുടെയും നഷ്ടമാണ്. അവളുടെ കഴിവിന് അനുസരിച്ചുള്ള അംഗീകാരങ്ങള്‍ കിട്ടിയിട്ടില്ലെങ്കിലും അവള്‍ക്ക് പകരം വയ്ക്കാന്‍ വേറെ ആരുമില്ല.
ആ നഷ്ടങ്ങള്‍ നമുക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല. അപ്പോഴൊക്കെ സഹപ്രവര്‍ത്തകര്‍ ഞങ്ങളെ ചേര്‍ത്ത് പിടിച്ചു. അതൊരു ആശ്വാസമായിരുന്നു. കൊച്ചി രാജാവില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങളുടെ ചിറ്റപ്പന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആവുന്നത്. ഇത് കേട്ട ഉടനെ ദിലീപും മുരളി ചേട്ടനും സഹകരിച്ച് ഞാന്‍ അഭിനയിക്കാനുള്ള സീനുകള്‍ എല്ലാം വേഗം തീര്‍ത്തു തന്നു.
പോവാന്‍ ഇറങ്ങുമ്പോള്‍ എന്റെ പ്രതിഫലം മുഴുവനുമായി ദിലീപ് വാങ്ങി തന്നു. എന്നിട്ട് പറഞ്ഞു, ' ചേച്ചി വേറൊന്നും ഇപ്പോള്‍ നോക്കണ്ട. ആദ്യം ആശുപത്രിയിലെ കാര്യം നോക്കൂ' എന്ന്. അനിയന്‍ പ്രിന്‍സ് മരിച്ചപ്പോള്‍ ലാലേട്ടന്റെ അമ്മ പറഞ്ഞു ' മക്കളെ എന്റെ വീട്ടിലും മരണം നടന്നതല്ലേ. എന്നിട്ടും ഞാന്‍ പിടിച്ചുനിന്നു. ഇതൊക്കെ മറക്കാനുള്ള ധൈര്യം ദൈവം തരും. ഓരോ ദുരന്തത്തിലും ശ്രീകുമാരന്‍ തമ്പി സാറിന്റെ കുടുംബവും കൂടെ തന്നെ ഉണ്ടായിരുന്നു.
#kalaranjini #opens #up #about #dileeps #help #childrens #debut #movie