തൃശൂര്‍: (moviemax.in)കേരളത്തിലെ ഏറ്റവും ഉയരമുള്ളയാള്‍ എന്ന വിശേഷണം നേടിയ പാവറട്ടി സ്വദേശി പുതുമനശ്ശേരി പണിക്കവീട്ടില്‍ കമറുദ്ദീന്‍ ഒടുവിൽ മരണത്തിന് കീഴടങ്ങി.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെട്ടിരുന്ന കമറുദ്ദീന്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ ആയിരുന്നു.
ഏഴടി ഒരിഞ്ചാണ് കമറുദ്ദീന്റെ ഉയരം. ശീതളപാനീയങ്ങളുടെ വില്‍പ്പനയും, ലോട്ടറി കച്ചവടവും, സെക്യൂരിറ്റി ജോലി തുടങ്ങി നിരവധി ജോലികള്‍ ചെയ്തിരുന്നു കമറുദ്ദീന്‍.
ഞരമ്പുമായി ബന്ധപ്പെട്ട അസുഖം കാരണം ഏറെ നേരം നില്‍ക്കാന്‍ സാധിക്കില്ല. ഉയരത്തില്‍ ഒന്നാമനാണെന്നതില്‍ അഭിമാനിക്കുമ്പോഴും അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളും പേറിയാണ് കമറുദ്ദീന്റെ ജീവിതം മുന്നോട്ട് നീങ്ങിയിരുന്നത്.
ഉയര കൂടുതല്‍ മൂലം ബസില്‍ യാത്ര ചെയ്യാന്‍ പോലും സാധിച്ചിരുന്നില്ല. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ പാകത്തിനു ലഭിക്കില്ല. ചെരുപ്പ് പോലും വാങ്ങാന്‍ കഴിയില്ല.
ഏറെ കഷ്ടതകള്‍ അനുഭവിച്ചാണ് ജീവിതം മുന്നോട്ടു പോയിരുന്നത്. നാട്ടുകാരുടെയും ടോള്‍മെന്‍ ഗ്രൂപ്പിന്റെയും വിവിധ സംഘടനകളുടെയും സഹായമാണ് ഉണ്ടായിരുന്നത്.
ജീവിതമാര്‍ഗം തേടി ആരോടും പറയാതെ 1986ല്‍ മദ്രാസിലേക്ക് നാടുവിട്ട കമറുദ്ദീന്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളായ കമലഹാസന്‍, രജനീകാന്ത് എന്നിവരോടൊപ്പം ഉയിര്‍ന്ത ഉള്ളം, പണക്കാരന്‍ എന്നീ സിനിമകളില്‍ വേഷമിട്ടു.
മലയാളം, ഹിന്ദി, തമിഴ്, കന്നട എന്നീ ഭാഷകളിലായി ഇരുപത്തിയഞ്ചോളം സിനിമകളില്‍ കമറുദ്ദീന്‍ വേഷമിട്ടു.
നടി റോജയോടൊപ്പം കന്നട സിനിമയില്‍ മുഴുനീളം റോബോട്ട് ആയും അഭിനയിച്ചു.
അത്ഭുത ദീപ് എന്ന വിനയന്‍ ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഭാര്യ: ലൈല. മക്കള്‍: റയ്ഹാനത്ത്, റജീന
#kamaruddheen #tallest #known #man #kerala #who #acted #movies