തിയറ്ററിൽ പ്രദർശനം തുടരുന്ന ‘അജയന്റെ രണ്ടാം മോഷണം- എആർഎം’ സിനിമയുടെ വ്യാജപതിപ്പ് പുറത്തിറക്കിയതിൽ കേസെടുത്ത് പൊലീസ്. ചിത്രത്തിന്റെ സംവിധായകൻ ജിതിൻ ലാലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.
ഒരു ട്രെയിൻ യാത്രികൻ മൊബൈലിൽ സിനിമയുടെ വ്യാജ പതിപ്പ് കാണുന്ന ദൃശ്യങ്ങൾ ജിതിൻലാൽ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഹൃദയഭേദകമായ കാഴ്ചയാണെന്ന അടിക്കുറിപ്പോടെയാണ് ജിതിൻ ദൃശ്യം പങ്കുവച്ചത്.
യാത്രക്കാരൻ ചിത്രം കാണുന്ന ദൃശ്യം സുഹൃത്താണ് അയച്ചു നൽകിയതെന്ന് ജിതിൻ പറഞ്ഞു. പ്രതികരണവുമായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും രംഗത്തുവന്നു.
നിരവധി ആളുകളുടെ കഠിനാധ്വാനവും സ്വപ്നവുമാണ് ഇത്തരത്തിൽ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവർ ഇല്ലാതാക്കുന്നതെന്നും ഇക്കൂട്ടർ മലയാള സിനിമയെ നശിപ്പിക്കുകയാണ് എന്നുമാണ് ലിസ്റ്റിൻ പറഞ്ഞത്.
വീട്ടിലിരുന്ന് ‘അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ വ്യാജപതിപ്പ് കാണുന്ന വിഡിയോ ഫെയ്സ്ബുക് പേജിലൂടെ പങ്കുവച്ചായിരുന്നു ലിസ്റ്റിന്റെ പ്രതികരണം.
സംവിധായകന്റെയും നിർമാതാവിന്റെയും നൂറിലധികം വരുന്ന ടീമിന്റെയും സ്വപ്നങ്ങളും അധ്വാനവും ഒന്നുമല്ലാതാക്കുന്ന കാഴ്ചയാണ് ഈ കാണേണ്ടി വരുന്നതെന്ന് ലിസ്റ്റിൻ കുറിച്ചു. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, ഭാഷകളുടെ വ്യാജ പകർപ്പും പുറത്തിറങ്ങിയിരുന്നു.
#ARM #movie #fake #Director #cyber #police #files #case #heartbreaking