ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ നിരവധി സ്ത്രീകളാണ് തങ്ങള്‍ നേരിട്ട അതിക്രമങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. മുന്‍നിര നടന്മാരായ മുകേഷ്, സിദ്ധീഖ്, ജയസൂര്യ തുടങ്ങിയവരും സംവിധായകരായ രഞ്ജിത്ത്, വികെ പ്രകാശ് തുടങ്ങിയവരുമെല്ലാം തുറന്നു പറച്ചിലുകളില്‍ പൊള്ളിയവരാണ്. ഇവര്‍ക്കെതിരെയുള്ള അന്വേഷണങ്ങള്‍ നടന്നു വരികയാണ്.
ഇതിനിടെയായിരുന്നു ഇന്നലെ സൂപ്പര്‍ താരം നിവിന്‍ പോളിയ്‌ക്കെതിരെ പീഡന പരാതിയുമായി യുവതി രംഗത്തെത്തുന്നത്. ദുബായില്‍ വച്ച് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. നിവിന്‍ പോളിയുള്‍പ്പടെ ആറ് പേരാണ് കേസിലെ പ്രതികള്‍. ആറാം പ്രതിയാണ് നിവിന്‍ പോളി. പിന്നാലെ നടന്നത് തീര്‍ത്തും നാടകീയമായ സംഭവങ്ങളായിരുന്നു.
പരാതിക്കാരിയെ തനിക്ക് അറിയില്ലെന്നും വ്യാജ ആരോപണം ആണെന്നും വാദിച്ചു കൊണ്ട് നിവിന്‍ പോളി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു. പിന്നാലെ താരം പത്രസമ്മേളനം നടത്തുകയും ചെയ്തു. പരാതിയ്ക്ക് പിന്നില്‍ ഗൂഢാലോചനയാണെന്നും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരേയും പോകുമെന്നും നിവിന്‍ പോളി പറഞ്ഞു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ നിവിന്‍ പോളിയ്ക്ക് പിന്തുണ ലഭിക്കുന്ന അസാധാരണ കാഴ്ചയാണ് കാണാന്‍ സാധിച്ചത്.
പക്ഷെ തന്റെ ആരോപണത്തില്‍ നിന്നും പിന്മാറാന്‍ പരാതിക്കാരി തയ്യാറായില്ല. തന്റെ പരാതി കൂടുതല്‍ ശക്തമായി ഉയര്‍ത്തി കാണിക്കുകയാണ് പരാതിക്കാരി ചെയ്തത്. നീതിയ്ക്കായി ഏതറ്റം വരെ പോകുമെന്ന് പറഞ്ഞ പരാതിക്കാരി നിവിന്‍ പോളിയടക്കമുള്ള പ്രതികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് മറ്റൊരു വസ്തുതയാണ്.
താന്‍ നിരപരാധിയാണെന്ന് പറഞ്ഞു കൊണ്ട് ആരോപണം വാര്‍ത്തയായതിന് പിന്നാലെ നിവിന്‍ പോളി പ്രതികരിച്ചിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു നിവിന്‍ പോളിയുടെ പ്രതികരണം. എന്നാല്‍ നിവിന്‍ പോളിയുടെ ഈ പോസ്റ്റിന് നടി ഭാവന ലൈക്കിട്ടുവെന്ന കണ്ടെത്തലുമായാണ് സോഷ്യല്‍ മീഡിയ എത്തിയിരിക്കുന്നത്. ഭാവനയുടെ ലൈക്ക് നിവിന്‍ പോളി നിരപരാധിയാണെന്നതിന്റെ തെളിവായിട്ടാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.
എന്നാല്‍ ഭാവനയും സാധാരണ വ്യക്തിയാണെന്നും മറ്റുള്ളവരെ പോലെ ഭാവനയും തെറ്റിദ്ധരിക്കപ്പെട്ടതാകുമെന്നും മറുവിഭാഗം പറയുന്നു. ലൈക്കിലൂടെ ഭാവന പരാതിക്കാരിയുടെ വ്യാജ ആരോപണങ്ങളെ തള്ളുകയും യഥാര്‍ത്ഥ അതിജീവിതമാര്‍ക്കൊപ്പമാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തുവെന്നാണ് ചിലര്‍ വാദിക്കുന്നത്.
എന്നാല്‍ ഇതില്‍ ഇത്ര കാടുകയറി ചിന്തിക്കേണ്ടതില്ലെന്നും ഭാവനയ്ക്ക് കേസിന്റെ വിശദാംശകള്‍ അറിയില്ലെന്നും തീരുമാനം എടുക്കേണ്ടത് ഭാവനയോ സോഷ്യല്‍ മീഡിയയോ അല്ലെന്നും കോടതിയാണെന്നുമാണ് മറ്റ് ചിലര്‍ പറയുന്നത്. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
''ഞാന്‍ ഒരു പെണ്‍കുട്ടിയെ അപമാനിച്ചതായുള്ള വ്യാജ വാര്‍ത്ത കാണുകയുണ്ടായി. അത് തീര്‍ത്തും അസത്യമാണെന്ന് തിരിച്ചറിയുക. ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കാന്‍ ഏതറ്റം വരെ പോകാനും ഞാനൊരുക്കമാണ്. ഉത്തരവാദികളായവരെ വെളിച്ചത്തു കൊണ്ടു വരാന്‍ വേണ്ടതെല്ലാം ചെയ്യും. നിങ്ങളുടെ കരുതലിന് നന്ദി. ബാക്കി കാര്യങ്ങള്‍ നിയമത്തിന്റെ വഴിയിലൂടെ കൈകാര്യം ചെയ്യുന്നതായിരിക്കും'' എന്നാണ് നിവിന്‍ പോളി സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നത്
#Bhavana #likes #Nivin #post #that #he #is #innocent #Theories #laid #out #by #social #media