അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകാത്തതിനാല്‍ തനിക്ക് നഷ്ടമായത് 28 സിനിമകളെന്ന് നടി ചാര്‍മിള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിര്‍മ്മാതാവും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും ചാര്‍മിള പറയുന്നു. കഴിഞ്ഞ ദിവസം ചാര്‍മിള നടത്തിയ ഈ തുറന്നു പറച്ചിലുകള്‍ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അന്നുണ്ടായത് എന്താണെന്ന് വിശദമാക്കുകയാണ് ചാര്‍മിള.
അര്‍ജുനന്‍ പിള്ളയും അഞ്ച് മക്കളും എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ദുരനുഭവമാണ് ചാര്‍മിള ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. സണ്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ചാര്‍മിളയുടെ വെളിപ്പെടുത്തല്‍. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
കേരളത്തില്‍ നിന്നുമാണ് എനിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായത്. കാരണം ഞാന്‍ കൂടുതല്‍ സിനിമകള്‍ ചെയ്തതും മലയാളത്തില്‍ ആണ്. മിക്കവരും നേരിട്ട് അഡ്ജസ്റ്റ്‌മെന്റ് ചോദിക്കും. മാനേജരയോ അസിസ്റ്റന്റ് ഡയറക്ടറേയോ വിടും. അപ്പോള്‍ തന്നെ ഇല്ലെന്ന് പറഞ്ഞ് ഞാന്‍ പിന്മാറും. മിക്കപ്പോഴും സിനിമ തുടങ്ങുന്നതിന് മുമ്പ് തന്നെ ചോദിക്കും.
കാലം മാറിപ്പോച്ച് എന്ന സിനിമയുടെ മലയാളം റീമേക്കില്‍ ഞാന്‍ അഭിനയിച്ചിരുന്നു. തുടക്കത്തില്‍ ഇത്തരത്തിലുള്ള സംസാരമൊന്നും ഉണ്ടായിരുന്നില്ല. ഷൊര്‍ണൂരില്‍ വച്ചായിരുന്നു ഷൂട്ട് മൊത്തവും. അര്‍ജുനന്‍ പിള്ളയും അഞ്ചുമക്കളും എന്നായിരുന്നു സിനിമയുടെ പേര്. പാട്ട് പൊള്ളാച്ചില്‍ വച്ചായിരുന്നു. മൂന്ന് ദിവസത്തെ ഷൂട്ടുണ്ടായിരുന്നു. സിനിമ തീരുന്നത് വരെ അവര്‍ മിണ്ടാതിരുന്നു. പാക്കപ്പ് ആയതോടെ ഭാവം മാറി.
പാക്കപ്പിന് ശേഷം പോകാനായി എല്ലാവരോടും ഞാന്‍ യാത്ര പറയുകയായിരുന്നു. സംവിധായകനും യാത്ര പറഞ്ഞു പോയി. പ്രൊഡക്ഷന്‍ മാനേജരോട് യാത്ര പറയാന്‍ ചെന്നപ്പോള്‍ നിര്‍മ്മാതാവ് മേലെ റൂമിലുണ്ട്, കണ്ടിട്ട് പോകൂ എന്ന് പറഞ്ഞു. അവര്‍ മദ്യപിക്കുകയായിരുന്നു. അതിനാല്‍ ഞാന്‍ പറഞ്ഞോളാം എന്നായിരുന്നു അയാള്‍ പറയേണ്ടിയിരുന്നത്. പക്ഷെ അതൊരു ട്രാപ്പായിരുന്നു. എന്റെ കൂടെ അസിസ്റ്റന്റ്‌സ് ആയ ലക്ഷ്മണനും ദുര്‍ഗ അക്കയും ഉണ്ടായിരുന്നു.
അവരെ കൂട്ടണ്ട ഒറ്റയ്ക്ക് പോയാല്‍ മതിയെന്നു വരെ പ്രൊഡക്ഷന്‍ മാനേജര്‍ പറഞ്ഞു. പക്ഷെ ഞാന്‍ അവരേയും കൂട്ടിയാണ് പോയത്. മുറിയില്‍ ചെന്നതും അവര്‍ പെട്ടെന്ന് വാതില്‍ അടച്ചു. നിര്‍മ്മാതാക്കളും സുഹൃത്തുക്കളും അടക്കം എട്ട് പേരുണ്ടായിരുന്നു. ആദ്യം കയറിപ്പിടിച്ചത് ചേച്ചിയെയായിരുന്നു. ചേച്ചിയുടെ സാരി അവര്‍ വലിച്ചൂരി. എന്നെ ആക്രമിക്കാന്‍ വന്നപ്പോഴേക്കും ലക്ഷ്മണന്‍ ഇടയ്ക്കു കയറി. ഇതോടെ അവരുടെ ശ്രദ്ധ ലക്ഷ്മണനെ അടിക്കുന്നതായി. ഇതിനിടെ കയറിപ്പിടിച്ചയാളുടെ കയ്യില്‍ കടിച്ച് ഞാന്‍ അവിടെ നിന്നും ഇറങ്ങിയോടി.
താഴെ വന്ന് റിസപ്ഷനില്‍ ഫോണ്‍ ചോദിച്ചപ്പോള്‍ അവര്‍ ഫോണ്‍ തരാന്‍ കൂട്ടാക്കിയില്ല. ഞാന്‍ പുറത്തേക്ക് ഓടി. ഓട്ടോറിക്ഷക്കാര്‍ എന്നെ കണ്ടതും എന്താണ് സാരിയൊക്കെ കീറിപ്പറഞ്ഞിരിക്കുന്നതെന്ന് ചോദിച്ചു. ഞാന്‍ കാര്യം പറഞ്ഞു. അവര്‍ ഞങ്ങള്‍ വരാമെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് വരികയും നിര്‍മ്മാതാവിനേയും കൂട്ടുകാരേയും തല്ലി, മുറിയിലിട്ടു പൂട്ടി. ഞങ്ങളെ മറ്റൊരു മുറിയിലേക്കും മാറ്റി. അവര്‍ ഞങ്ങള്‍ക്ക് കാവലിരുന്നു. ഇതിനിടെ ഓട്ടോ ഡ്രൈവര്‍മാര്‍ എന്നെ കൂട്ടിക്കൊണ്ടു പോയി വീട്ടിലേക്ക് ഫോണ്‍ വിളിപ്പിച്ചു.
ഡാഡി ഉടനെ പോലീസിനെ അറിയിച്ചു. അങ്ങനെ പുലര്‍ച്ചെ തന്നെ പോലീസെത്തുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതെല്ലാം കടന്നാണ് വന്നത്. ഇതിന് ശേഷം ആറ് മാസത്തോളം എനിക്ക് മലയാളത്തില്‍ സിനിമയില്ലായിരുന്നു. ആ പ്രൊഡക്ഷന്‍ മാനേജര്‍ ഞാന്‍ സമയത്ത് വരില്ല എന്നൊക്കെ ഗോസിപ്പുകള്‍ പറഞ്ഞു പരത്തി. ഞാന്‍ പിന്നീട് തമിഴിലും തെലുങ്കിലുമെക്കല്ലാം അഭിനയിച്ച ശേഷമാണ് മലയാളത്തിലേക്ക് തിരികെ വരുന്നത്.
#charmila #explains #what #exactly #happened #arjunanpillayumanchumakkalum #movie #location