ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമാ ലോകത്ത് സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ വാര്‍ത്തയായി മാറുകയാണ്. ഇതിനിടെ നടി ശിവാനി ഭായ് നടത്തിയ വെളിപ്പെടുത്തലും വൈറലായിരുന്നു.
വാതിലില്‍ മുട്ടിയ നടന്‍ ചൈന ടൗണ്‍ എന്ന സിനിമയിലെ തന്റെ അവസരം തട്ടിക്കളയാന്‍ ശ്രമിച്ചുവെന്നായിരുന്നു താരം വെളിപ്പെടുത്തിയത്. അന്ന് തന്നെ സഹായിച്ചത് മോഹന്‍ലാലാണെന്നും ശിവാനി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ശിവാനിയോട് മോശമായി പെരുമാറിയ നടന്‍ ആരെന്ന അന്വേഷണത്തിലായിരുന്നു സോഷ്യല്‍ മീഡിയ. ഉടനെ തന്നെ സോഷ്യല്‍ മീഡിയ സുരാജ് വെഞ്ഞാറമൂട് എന്ന ഉത്തരത്തിലേക്ക് എത്തുകയും ചെയ്തു.
എന്നാല്‍ ആ നടന്‍ സുരാജ് അല്ലെന്നാണ് ഇപ്പോള്‍ ശിവാനി വ്യ്ക്തമാക്കുന്നത്. നടന്റെ പേര് പറയാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശിവാനി തുറന്നു പറഞ്ഞത്.
ഞാനിത് പറഞ്ഞതിന് പിന്നാലെ ചില നടന്മാരുടെ ഫോട്ടോകളൊക്കെ വച്ച് എല്ലാവരും ചേര്‍ന്ന് അങ്ങ് ഉറപ്പിക്കുകയാണ്. മീഡിയക്കാരായാലും ശരി, സോഷ്യല്‍ മീഡിയായാലും ശരി. ഞാന്‍ പറഞ്ഞത് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ചു കണ്ടൂവെന്നാണ്.
ചൈന ടൗണ്‍ സിനിമയില്‍ ഉണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല. എല്ലാ പടങ്ങളും എടുത്ത് വച്ച് കോമണ്‍ ആയിട്ടുള്ള ആളാരാണെന്ന് കണ്ടുപിടിക്കാന്‍ നോക്കുകയാണ്. ആരാണെന്ന് പറയേണ്ടത് ഞാനാണ്. എനിക്ക് പറയാന്‍ താല്‍പര്യമില്ല.
എനിക്ക് ഇപ്പോള്‍ അതൊരു ഇഷ്യുവല്ല. അന്ന് അത് സോള്‍വ് ആയതാണ്. ഞാനത് പറയാന്‍ കാരണം ഇങ്ങനൊരു കാര്യം നടന്നപ്പോള്‍ പിന്തുണ കിട്ടിയെന്നും സിനിമയില്‍ തൊണ്ണൂറ് ശതമാനം ആളുകളും നല്ല ആളുകളാണെന്നും പറയാന്‍ വേണ്ടി മാത്രമാണ്.
ഞാന്‍ പറഞ്ഞ കാര്യത്തെ സപ്പോര്‍ട്ട് ചെയ്യണമെങ്കില്‍ എനിക്ക് ഇക്കാര്യം പറഞ്ഞേ പറ്റൂ. എന്നാല്‍ മാത്രമേ ലാല്‍ സാര്‍ എങ്ങനെയാണ് സഹായിച്ചതെന്ന് പറയാന്‍ പറ്റുകയുള്ളൂ.
ചൈന ടൗണില്‍ നിന്നും ഒഴിവാക്കാന്‍ നോക്കിയത് അറിയില്ലായിരുന്നു. സെറ്റിലെത്തി മൂന്ന് ദിവസം വെറുതെയിരുന്നു. കോമ്പിനേഷന്‍ ആര്‍ട്ടിസ്റ്റില്ലെന്നും പാക്കപ്പ് ആയി എന്നുമൊക്കെയായിരുന്നു പറഞ്ഞത്.
പിന്നീട് ആന്റണി ചേട്ടന്‍ പറയുമ്പോഴാണ് ഇക്കാര്യം അറിയുന്നത്. ഞാന്‍ മൂന്ന് ദിവസമായി അവിടെയുള്ള കാര്യം ലാല്‍ സാര്‍ അറിഞ്ഞിരുന്നില്ല. മൂന്നാമത്തെ ദിവസമാണ് അദ്ദേഹം അറിയുന്നത്.
അറിഞ്ഞപ്പോള്‍ ലാല്‍ സാര്‍ ഇടപെട്ടു. അങ്ങനെ ഒരാളെ വിഷമിപ്പിക്കുകയോ അപമാനിച്ച് വിടുകയോ ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു. ലാല്‍ സാറിന്റെ ഇടപെടല്‍ ഒന്നു കൊണ്ടു മാത്രമാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത്. അതിന് എല്ലാകാലത്തും എനിക്ക് നന്ദിയുണ്ടായേനെ. പറഞ്ഞു വിട്ടിരുന്നുവെങ്കില്‍ ആളുകള്‍ പലതും മെനഞ്ഞെടുക്കുകയും മുന്നോട്ടുള്ള യാത്രയെ ബാധിക്കുകയും ചെയ്തിരുന്നു.
ഒരിക്കലും സുരാജേട്ടന്റെ പേര് പറയരുത്. അങ്ങനൊരു സംഭവം ഇല്ല. തിരുവനന്തപുരത്ത് സുരാജേട്ടന്‍ മാത്രമേയുള്ളൂവോ. ഞാന്‍ തിരുവനന്തപുരം എന്ന് പറഞ്ഞിട്ടേയില്ല. തിരുവനന്തപുരം എന്റെ നാടാണ്.
അനാവശ്യമായി അദ്ദേഹത്തിന്റെ പേര് വലിച്ചിഴയ്ക്കുകയാണ്. അദ്ദേഹത്തിന്റെ പേര് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. ആളുകള്‍ ഊഹിച്ചെടുക്കുകയാണ്. ചൈന ടൗണില്‍ അയാള്‍ ഉണ്ടായിരുന്നുവെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. വിമാനത്താവളത്തില്‍ വച്ച് അദ്ദേഹത്തെ കണ്ടു എന്നാണ് ഞാന്‍ പറഞ്ഞത്.
മൂന്ന് തവണയാണ് വാതിലില്‍ മുട്ടിയത്. ആദ്യത്തെ രണ്ട് തവണയും കണ്ടിരുന്നില്ല. പക്ഷെ മൂന്നാത്തെ തവണ കണ്ടു. പിറ്റേന്ന് തന്നെ പരാതിപ്പെടുകയും പരിഹരിക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടക്കുന്നത്. അപ്പോള്‍ തന്നെ പ്രതികരിച്ചതാണ്. പ്രതികരണ ശേഷി ഉണ്ടാകണം എന്നാണ് ഞാന്‍ ഈ പറഞ്ഞതിലൂടെ ഉദ്ദേശിച്ചത് തന്നെ. സ്‌പോട്ടില്‍ പ്രതികരിക്കണം. അല്ലാതെ ഒരുപാട് വര്‍ഷം കഴിഞ്ഞല്ല. പലരും എപ്പോഴാണ് പരാതി കൊടുക്കുന്നതെന്ന് ചോദിച്ചു. എനിക്ക് പരാതിയില്ല.
മൊത്തം ഇന്‍ഡസ്ട്രിയെ മോശമായി പറയുമ്പോള്‍ നല്ല ആളുകളും ഉണ്ടെന്ന് പറയാന്‍ വേണ്ടിയാണ് ഞാന്‍ ഈ സംഭവം പറഞ്ഞത്. അല്ലാതെ എനിക്ക് പരാതിയില്ല.
#shivanibhai #explains #whether #surajvenjaramoodu #who #knocked #her #door