മലയാള സിനിമയിലെ ലൈംഗിക അതിക്രമ പരാതികളിൽ മാതൃകാപരമായ ശിക്ഷയുണ്ടാകണമെന്ന് നടി ഐശ്വര്യലക്ഷ്മി. സിനിമാ മേഖല മെച്ചപ്പെടണമെന്ന പ്രതിബദ്ധതയുള്ളവർ നേതൃത്വത്തിൽ എത്തണം. തീരുമാനം എടുക്കാനാകുന്ന പദവികളിൽ സ്ത്രീകൾ ഉണ്ടാകണമെന്നും ഐശ്വര്യലക്ഷ്മി പറഞ്ഞു.
സ്ത്രീകളോട് ബഹുമാനത്തോടെ സംസാരിക്കുന്ന തൊഴിലിടമാകണം. അംഗത്വം എടുക്കേണ്ട സംഘടനയായി അമ്മ തോന്നിയിട്ടില്ലെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. വലിയൊരു മാറ്റത്തിലേക്കുള്ള കാൽവെപ്പാണിത്. പണ്ടേ നടക്കേണ്ട കാര്യമായിരുന്നു. ഡബ്ല്യുസിസിയും സർക്കാരും മുൻകൈ എടുത്ത് നടപ്പിലാക്കുന്നു.
എന്തു കൊണ്ട് നേരത്തെ എടുത്തില്ലന്നാണ് ചോദിക്കുന്നത്. കാസ്റ്റിംഗ് കൗച്ചിനെതിരെ നിയമപരമായി മുന്നോട്ട് പോവണം. സിനിമയിൽ വന്നിട്ട് മൂന്നാമത്തെ സിനിമയിലാണ് നടി ആക്രമിക്കപ്പെട്ടതും അനുബന്ധ സംഭവങ്ങളും ഉണ്ടാവുന്നത്.
അന്ന് മുതൽ ഇതെല്ലാം നിരീക്ഷിക്കുകയായിരുന്നു. ആ സ്ത്രീ സ്വന്തം കാര്യം എഴുന്നേറ്റ് നിന്ന് പറഞ്ഞതുമുതലാണ് ഇത്രയും വലിയ മാറ്റം ഉണ്ടായത്. അതെന്നെ പ്രചോദിപ്പിക്കുന്നു. ഒരാൾ പ്രതികരിച്ചു.
എനിക്ക് അമ്മയിൽ അംഗത്വമെടുക്കണമെന്ന് തോന്നിയില്ല. അംഗത്വം എടുത്തത് കൊണ്ട് എനിക്കെന്തെങ്കിലും പ്രശ്നം വന്നാൽ അവർ ഇടപെടുമെന്ന് അവരുടെ പ്രവർത്തനം കൊണ്ട് തോന്നിയില്ല. ആർക്കാണ് കമ്മിറ്റ്മെൻ്റ് ഉള്ളത് അവരാണ് സംഘടനയുടെ തലപ്പത്ത് വരേണ്ടതെന്നും ഐശ്വര്യ പറയുന്നു.
അതേസമയം, ഭരണസമിതി പിരിച്ചു വിട്ടതോടെ താരങ്ങൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ മറുപടി പറയേണ്ട ബാധ്യതയിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണ് താര സംഘടന അമ്മ.
ഭരണസമിതിയിൽ ഉണ്ടായിയുന്നവർക്കു നേർ ഉയർന്ന ആരോപണങ്ങൾ അടക്കം അവരവർ ഒറ്റയ്ക്ക് നേരിടേണ്ടി വരും. അമ്മയെ ഇനി ആര് നയിക്കും എന്നതിലും പുതിയ ഭരണ സമിതിയിൽ ആരൊക്കെ എന്നതിലുമെല്ലാം നടീ നടൻമാർക്കിടയിൽ ചർച്ച തുടങ്ങി.
തെരഞ്ഞെടുപ്പ് നടന്നു പുതിയ ഭരണ സമിതി അധികാരത്തിൽ വരാൻ ചുരുങ്ങിയത് രണ്ടുമാസമെങ്കിലും എടുക്കും. അതുവരെ അഡ്ഹോക്ക് കമ്മറ്റി തുടരും.
അവശ കലാകാരൻമാർക്കും നൽകുന്ന പ്രതിമാസ കൈനീട്ടമടക്കം മുറപോലെ തുടരുമെന്നാണ് അമ്മയിലെ അംഗങ്ങൾ അറിയിക്കുന്നത്. താരങ്ങൾ ഒരുമിച്ച് അടുത്ത മാസം കൊച്ചിയിൽ നടത്താനിരുന്ന ഓണാഘോഷ പരിപാടിയിൽ മാറ്റം വന്നേക്കും.
ഇന്നലെ ഉച്ചയോടെയാണ് അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടുകൊണ്ട് അധ്യക്ഷൻ മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രമുഖ താരങ്ങൾക്കെതിരെയടക്കം ഉണ്ടായ വെളിപ്പെടുത്തലുകളുടെ കൂടി പശ്ചാത്തലത്തിലായിരുന്നു കൂട്ടരാജി.
ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. ആരോപണവിധേയനായ ജോയിന്‍റ് സെക്രട്ടറി ബാബുരാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.
ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും വനിതാ അംഗങ്ങൾ ഉന്നയിച്ചതോടെ കൂട്ട രാജിയിലേക്ക് കാര്യങ്ങൾ നീങ്ങുകയായിരുന്നു.
#aiswarylakshmi #against #amma #on #hema #committee #report