പ്രമുഖര്‍ക്കെതിരെയുള്ള നടിമാരുടെ തുറന്ന് പറച്ചിലുകളില്‍ ഞെട്ടിയിരിക്കുകയാണ് മലയാള സിനിമാലോകം. തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ പറ്റി പലര്‍ക്കും പറയാനുള്ള ധൈര്യം നടി ഭാവന പകര്‍ന്ന് നല്‍കിയതാണ്. നടിയുടെ ഒറ്റയ്ക്കുള്ള പോരാട്ടമാണ് ഇന്ന് നടക്കുന്ന വിവാദങ്ങള്‍ക്കെല്ലാം കാരണമായത്.
ഭാവന കൊണ്ടുവന്ന തീപ്പൊരി ഇന്നൊരു കാട്ടുതീയായി പരിണമിച്ചിരിക്കുകയാണ്. ഭാവന തോറ്റ് പിന്മാറുമെന്ന് ചിലര്‍ സ്വപ്നം കണ്ടു. പക്ഷേ ഭാവന പോരാടാനാണ് തീരുമാനിച്ചത്. വരും തലമുറകള്‍ ഭാവനയെ നന്ദിയോടെ സ്മരിക്കുമെന്ന് പറയുകയാണ് എഴുത്തുകാരന്‍ സന്ദീപ് ദാസ്.
'കേരളീയ സമൂഹവും മലയാള സിനിമയും ഭാവനയോട് എന്നും കടപ്പെട്ടിരിക്കും. അവര്‍ കൊണ്ടുവന്ന തീപ്പൊരി ഇന്നൊരു കാട്ടുതീയായി പരിണമിച്ചിരിക്കുന്നു. സിനിമയിലെ മാഫിയാ സംഘങ്ങള്‍ ആ അഗ്‌നിയില്‍ വെന്തുരുകുകയാണ്!
തങ്ങള്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറയാന്‍ രണ്ട് നടിമാര്‍ തയ്യാറായി. അതിന്റെ ഭാഗമായി 'A.M.M.A'-യുടെ മേധാവിയായിരുന്ന സിദ്ദിഖിനും ചലച്ചിത്ര അക്കാദമിയുടെ അദ്ധ്യക്ഷനായിരുന്ന രഞ്ജിത്തിനും സിംഹാസനം ഒഴിയേണ്ടി വന്നു.
ഇനിയും ഒരുപാട് തലകള്‍ ഉരുളും. പല പകല്‍മാന്യന്‍മാരുടെയും മുഖംമൂടി അഴിഞ്ഞുവീഴും. ഒളിച്ചിരിക്കുന്ന ക്രിമിനലുകള്‍ക്ക് കാരാഗൃഹവാസം അനുഭവിക്കേണ്ടി വരും. മണ്‍മറഞ്ഞുപോയ റേപ്പിസ്റ്റുകള്‍ക്ക് കുഴിമാടത്തില്‍ പോലും സ്വസ്ഥത ലഭിക്കുകയില്ല!
ഈ വിപ്ലവം തുടങ്ങിവെച്ചത് ഭാവനയാണ്. അവര്‍ കാണിച്ചുകൊടുത്ത വഴിയിലൂടെയാണ് മറ്റുള്ള സ്ത്രീകള്‍ സഞ്ചരിക്കുന്നത്. മലയാള സിനിമയില്‍ നിന്ന് ഭാവനയെ വേരോടെ പിഴുതെറിയണമെന്ന് ഒരു ക്രിമിനല്‍ സംഘം നിശ്ചയിച്ചിരുന്നു. ഭാവന തോറ്റ് പിന്മാറുമെന്ന് അവര്‍ സ്വപ്നം കണ്ടു. പക്ഷേ ഭാവന പോരാടാനാണ് തീരുമാനിച്ചത്.
അതിന്റെ പേരില്‍ ഭാവന ഒരുപാട് അനുഭവിച്ചു. കുറേ സിനിമകള്‍ അവര്‍ക്ക് നഷ്ടമായി. സ്ലട്ട് ഷെയ്മിങ്ങും തെറിവിളികളും അടങ്ങുന്ന അതിഭീകരമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു.
ഒരു അഭിമുഖത്തില്‍ ഭാവന മനസ്സ് തുറന്നിരുന്നു- ''എന്നെക്കുറിച്ച് പല അപവാദങ്ങളും പറഞ്ഞു പരത്തുന്നുണ്ട്. ഞാന്‍ പലതവണ അബോര്‍ഷന്‍ ചെയ്തുവെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. ഞാനെന്താ പൂച്ചയാണോ...!?'
അത് പറയുമ്പോള്‍ ഭാവന ചിരിക്കുകയായിരുന്നു. ഇത്രയെല്ലാം അനുഭവിച്ചിട്ടും ഭാവനയുടെ മുഖത്തെ ചിരി മായുന്നില്ല. അവിടെ ആ പെണ്‍കുട്ടി വിജയിച്ചു! അവളെ ഉപദ്രവിച്ചവര്‍ അതിദയനീമായി പരാജയപ്പെടുകയും ചെയ്തു! പണ്ട് മലയാള സിനിമയില്‍ മുന്‍നിര നടിമാര്‍ പോലും ദുരിതങ്ങള്‍ അനുഭവിച്ചിരുന്നു. ഇന്നത്തെ സ്ഥിതി അതല്ല. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഇപ്പോള്‍ ബഹുമാനം ലഭിക്കുന്നുണ്ട്.
അവരുടെ വേദനകളെ സമൂഹം ശ്രവിക്കുന്നുണ്ട്. 'ഗുരുവായൂരമ്പലനടയില്‍' എന്ന സിനിമയില്‍ ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ജോലി ചെയ്തിരുന്നു. അവര്‍ക്കെല്ലാം കൃത്യമായ ടോയ്‌ലറ്റ് സൗകര്യം ലഭിച്ചിരുന്നു. പത്തുവര്‍ഷങ്ങള്‍ക്കുമുമ്പ് അങ്ങനെയൊരു കാര്യം സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. അതാണ് മലയാള സിനിമയിലെ 'ഭാവന ഇഫക്റ്റ്!'
വരും തലമുറകള്‍ ഭാവനയെ നന്ദിയോടെ സ്മരിക്കും. ഇരുട്ടില്‍ തപ്പിത്തടയുകയായിരുന്ന സ്ത്രീകള്‍ക്ക് ചുറ്റും പ്രകാശം പരത്തിയ പെണ്‍കുട്ടി എന്ന ബഹുമതി ചരിത്രം ഭാവനയ്ക്ക് നല്‍കും.'
ആത്മവിശ്വാസത്തിന്റെ പ്രകാശം...! സ്‌നേഹത്തിന്റെ പ്രകാശം... പോരാട്ടവീര്യത്തിന്റെ പ്രകാശം...!
#sandeepdas #Wrote #about #actress #bhavana #fight #and #confidence