അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് നിന്ന് സിദ്ധിഖ് രാജിവെച്ചതില്‍ പ്രതികരണവുമായി നടനും അമ്മയുടെ വൈസ് പ്രസിഡന്റുമായ ജയന്‍ ചേര്‍ത്തല.
രാജിയെ അനിവാര്യതയായിട്ടല്ല കാണേണ്ടത്. ആരോപണം ഉയര്‍ന്നാല്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് മാറി അന്വേഷണം നേരിടുകയാണ് വേണ്ടതെന്ന് ജയന്‍ ചേര്‍ത്തല പ്രതികരിച്ചു.
നമ്മള്‍ സമൂഹത്തിനെ മുന്‍നിര്‍ത്തി ജീവിക്കുന്നയാളുകളാണ്. രാഷ്ട്രീയക്കാര്‍ക്കും സിനിമാക്കാര്‍ക്കും സമൂഹമാണ് ജീവിക്കാനുള്ള പണം നല്‍കുന്നത്.
അതുകൊണ്ട് സമൂഹത്തോട് പ്രതിബദ്ധതയുണ്ട്. ആരോപണം വരുമ്പോള്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് മാറി അന്വേഷണം നേരിട്ട് അഗ്നിശുദ്ധി വരുത്തണമെന്നും ജയന്‍ ചേര്‍ത്തല കൂട്ടിച്ചേര്‍ത്തു.
താന്‍ അമ്മയുടെ വൈസ് പ്രസിഡന്റ് ആകുന്നതിന് മുന്‍പ് മമ്മൂട്ടിക്ക് എതിരെ ഒരു സൈബര്‍ ആക്രമണം ഉണ്ടാകുന്ന സമയത്ത് അമ്മ പ്രതികരിക്കാന്‍ വൈകിപ്പോയെന്ന് പറഞ്ഞിരുന്നു.
അമ്മയുടെ മുന്‍കാല ഭരണസമിതികളും അമ്മയുടെ പ്രതികരണം വൈകി പോയിട്ടുണ്ട്. കൃത്യമായിട്ട് അമ്മയ്ക്ക് പ്രതികരിക്കാന്‍ സാധിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു.
സിദ്ധിഖിന് എതിരെ ആരോപണം ഉന്നയിച്ച കുട്ടി നേരത്തെയും ആരോപണം ഉന്നയിച്ചിരുന്നു. അന്ന് പക്ഷേ കൃത്യമായിട്ടൊരു അന്വേഷണത്തിലേക്ക് പോകാന്‍ കഴിയാതിരുന്നത് വീഴ്ചയാണെന്നും ജയന്‍ ചേര്‍ത്തല അഭിപ്രായപ്പെട്ടു.
അമ്മയില്‍ മാറ്റങ്ങള്‍ വരണമെന്നാഗ്രഹിച്ച മത്സരരംഗത്തേക്ക് ആദ്യമായിട്ട് വന്നയാള്‍ കൂടിയാണ് താനെന്നും ജയന്‍ ചേര്‍ത്തല.
ആദ്യം പവര്‍ ഗ്രൂപ്പുകളുണ്ടോയെന്ന് സംശയം തോന്നിയിരുന്നു, എന്നാല്‍ ഇപ്പോള്‍ കൂടെയുള്ള സഹപ്രവര്‍ത്തകര്‍ തന്നെ അത്തരം പവര്‍ഗ്രൂപ്പുകളുണ്ടെന്ന് പറയുന്നുണ്ട്.
പവര്‍ ഗ്രൂപ്പ് ഇല്ലെന്നുള്ളത് തന്റെ അറിവില്ലായ്മ ആയിരിക്കാം. ഇനിയും ഇത്തരം ഗ്രൂപ്പുകളെ വെച്ചുപൊറുപ്പിക്കാന്‍ സാധിക്കുകയില്ല.
ഒരിക്കലും ഒരു താരമായിട്ട് തെറ്റ് ചെയ്തിട്ട് അതിന്റെ ആനുകൂല്യം അനുഭവിക്കാന്‍ പാടില്ല. എല്ലാവരുടെയും ലഭ്യത പരിഗണിച്ച് എക്‌സിക്യൂട്ടീവ് ചേരുമെന്നും ജയന്‍ ചേര്‍ത്തല പ്രതികരിച്ചു.
#allegation #raised #investigation #done #directly #ensure #proper #investigation #JayanCherthala