മോശം അനുഭവം ഉണ്ടായാൽ സിനിമയിൽ കടിച്ചു തൂങ്ങരുതെന്നും വേറെ തൊഴിൽ തേടി പോകണമെന്നും നടി ശ്രീലത നമ്പൂതിരി. തനിക്ക് വ്യക്തിപരമായി മോശം അനുഭവങ്ങൾ ഇല്ല. എല്ലാ മേഖലയിലും സ്ത്രീകൾ ഇത്തരം അനുഭവങ്ങൾ നേരിടുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സിനിമാ മേഖലയെ കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച് കുറച്ച് കൂടുതൽ ആളുകൾ പറയുന്നുണ്ട്. പെൺകുട്ടികൾക്ക് ഒന്നും തുറന്നു പറയാൻ വയ്യ. ആരും പരാതി പറയില്ല.
മോശം അനുഭവം നേരിട്ട ഒരുപാട് പേരുണ്ട്. സിനിമയിൽ പവർ ഗ്രൂപ്പ് താൻ കണ്ടിട്ടില്ലെന്ന് പറഞ്ഞ നടി ആരോപണം ഉന്നയിക്കുന്നവർ തെളിവുമായി വരണമെന്നും ആവശ്യപ്പെട്ടു.
ഒരുപാട് പെൺകുട്ടികൾ സിനിമയിലേക്ക് വരുമ്പോൾ ചിലപ്പോൾ ചൂഷണം ചെയ്തെന്നിരിക്കാം. പെട്ടെന്ന് പ്രശസ്തയാകാൻ ആണ് ഇപ്പോൾ പല പെൺകുട്ടികളും സിനിമയിലേക്ക് വരുന്നത്. സംവിധായകൻ രഞ്ജിത്തിനെതിരായ നടിയുടെ ആരോപണത്തിൽ ഇത്രയും കാലം ഈ നടി എവിടെ പോയിരുന്നുവെന്നും ശ്രീലത നമ്പൂതിരി ചോദിച്ചു.
2009-ൽ നടന്ന സംഭവമാണ്. തെളിവ് ഉണ്ടെങ്കിൽ കോടതിയിൽ പോട്ടെ. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും മാറിനിന്ന് അന്വേഷണത്തെ നേരിടണം.
താനായിരുന്നുവെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നു. റിപ്പോർട്ടിൽ ഉള്ളത് സത്യമാണോ അല്ലയോ എന്ന് നമുക്ക് പറയാൻ കഴിയില്ലല്ലോ. സിനിമ എന്ന് പറയുന്നത് എല്ലാവരുടെയും സ്വപ്നമാണ്.
ചിലർ വിജയിക്കും. സിനിമാ മേഖലയെ ഒരു തരത്തിലും താൻ ആക്ഷേപിക്കില്ല. തനിക്ക് ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ ഇവർ, നടിമാർക്ക് ആർക്കും ഒരു ധൈര്യവും ഇല്ലെന്നും ആരോപിച്ചു.
ബംഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ രംഗത്തെത്തിയത്. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറയുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വിവിധ മാധ്യമങ്ങളോട് പറഞ്ഞു.
'ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ അഭിനയം കണ്ടാണ് രഞ്ജിത്ത് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ഓഡിഷന്‍ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകന്‍ രഞ്ജിത്തുമായി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തി. മലയാള സിനിമ വളരെ ഇഷ്ടമായിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്റെ സന്തോഷമുണ്ടായിരുന്നു.
വൈകീട്ട് അണിയറപ്രവര്‍ത്തകര്‍ക്കായി പാര്‍ട്ടിയുണ്ടായിരുന്നു. അവിടെ എത്തിയപ്പോള്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നു. നിര്‍മാതാവാണ് ക്ഷണിച്ചത്. ഇവിടെ വെച്ച് തന്റെ റൂമിലേക്ക് വരാന്‍ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്‌കസ് ചെയ്യാനാണെന്നാണ് ഞാന്‍ കരുതിയത്. റൂമിലെത്തിയതും അദ്ദേഹം കൈയില്‍ തൊട്ടു, വളകള്‍ പിടിച്ചു. അത് വളരെ പ്രയാസമുണ്ടാക്കി,' ശ്രീലേഖ പറഞ്ഞു.
അതേസമയം, രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ രംഗത്തെത്തി. 23 പേര്‍ ഒപ്പുവെച്ച പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.
പൊതു സമൂഹത്തോടും മാധ്യമ സമൂഹത്തോടും അധികാരഗര്‍വ്വോടും ധാര്‍ഷ്ട്യത്തോടുമുള്ള രഞ്ജിത്തിന്റെ ഇടപെടലുകള്‍ കുപ്രസിദ്ധമാണെന്നും തൊഴില്‍ ചെയ്യാന്‍ വന്ന സ്ത്രീയോട് അവരുടെ അന്തസിനേയും അഭിമാനത്തേയും ക്ഷതമേല്‍പിച്ചുകൊണ്ട് നടത്തിയ അതിക്രമമാണ് വൈകിയെങ്കിലും പുറത്തായതെന്നും പ്രസ്താവനയില്‍ പറയുന്നു.
#sreelathanamboothiri #says #you #have #bad #experience #dont #get #stuck #cinema #look #another #job