നിഷ്‌കളങ്കമായ നിറചിരികളോടെ വെളളിവെളിച്ചത്തില്‍ ഇന്ദ്രന്‍സ് എത്തി, 68-ാം വയസില്‍ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയെഴുതാന്‍. ക്യാമറകണ്ണുകള്‍ക്കു നടുവിലൂടെയാണ് അട്ടക്കുളങ്ങര സ്‌കൂളിലെ പരീക്ഷാ മുറിയിലേക്ക് ചെറുപരിഭ്രമത്തോടെ ഇന്ദ്രന്‍സ് കയറിയത്.
ഉള്ളില്‍ കയറി നിറചിരിയോടെ ഒപ്പം പരീക്ഷ എഴുതാനെത്തിയ എല്ലാവരെയും നെഞ്ചില്‍ കൈചേര്‍ത്ത് തൊഴുത് 484309 എന്ന റോള്‍ നമ്പര്‍ എഴുതിയിട്ട ഡസ്‌കിനരികിലേക്ക്. ബെഞ്ചിലിരുന്ന് ഹാള്‍ടിക്കറ്റ് ഉയര്‍ത്തി മാധ്യമപ്രവര്‍ത്തകര്‍ക്കായി ചെറുചിരിയോടെ പോസ് ചെയ്തു.
ക്യാമറ ലൈറ്റുകള്‍ മിന്നിത്തെളിയുമ്പോള്‍ ഹാളില്‍ വിഐപിക്കൊപ്പം പരീക്ഷ എഴുതാനെത്തിയവരുടെ മുഖത്തും കൗതുകം. ചോദ്യക്കടലാസ് കൈയില്‍ കിട്ടിയതോടെ ചിരി മാറി ഗൗരവത്തോടെ കണ്ണോടിച്ചു നോക്കി.
വല്ലതും മനസിലാകുന്നുണ്ടോ എന്ന് അടുത്തു നിന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ പല സിനിമകളിലും മിന്നിമറഞ്ഞ അതേ ചമ്മല്‍നിറഞ്ഞ ചിരി ഇന്ദ്രന്‍സിന്റെ മുഖത്ത്.
പിന്നീടത് ക്ലാസ് മുറിയാകെയുള്ള പൊട്ടിച്ചിരിയായി. ആളുകള്‍ ഒഴിഞ്ഞതോടെ ഉത്തരക്കടലാസ് എഴുതി നിറച്ച് നല്ല മാര്‍ക്കു വാങ്ങി ജയിക്കാന്‍ ഉള്‍പ്പേടിയുള്ള കുട്ടിയുടെ റോളിലേക്കു മാറി ഇന്ദ്രന്‍സ്.
പരീക്ഷയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഭയമുണ്ടെന്നാണ് ഇന്ദ്രന്‍സ് മുന്‍പ് പ്രതികരിച്ചത്. രാവിലെ ഒന്‍പതരയോടെ ആരംഭിച്ച പരീക്ഷ വൈകിട്ട് നാലര വരെയാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിലാണ് ഇന്ന് പരീക്ഷ. നാളെ സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളുടെ പരീക്ഷയും നടക്കും.
രണ്ടാഴ്ചയ്ക്കുള്ള പരീക്ഷാഫലം വരും. ജയിച്ചാല്‍ ഇന്ദ്രന്‍സിന് പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതാം. നാലാം ക്ലാസ് ആണ് നിലവില്‍ ഇന്ദ്രന്‍സിന്റെ വിദ്യാഭ്യാസ യോഗ്യത. കുട്ടിക്കാലത്ത് കുടുംബപ്രാരാബ്ധങ്ങള്‍ മൂലം നാലാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച ഇന്ദ്രന്‍സ് പിന്നീട് തയ്യല്‍ കടയില്‍ ജോലി തുടങ്ങുകയായിരുന്നു.
തുടര്‍ന്ന് സിനിമയിലെത്തി മികച്ച അഭിനേതാവെന്ന പേരെടുക്കുമ്പോഴും പാതിവഴിയില്‍ മുടങ്ങിയ പഠനവഴിയിലേക്ക് വീണ്ടും ഒരു മടക്കയാത്രയെന്ന മോഹം മനസിലുണ്ടായിരുന്നു. ഇതോടെയാണ് തുല്യതാ പരീക്ഷയെന്ന കടമ്പ ചാടിക്കടക്കാന്‍ ശക്തമായ തീരുമാനമെടുത്തത്.
#indrans #writes #equivalency #test