മമ്മൂട്ടി ട്രിപ്പിള്‍ റോളില്‍ എത്തിയ രഞ്ജിത്ത് ചിത്രം പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 2009 ല്‍ ഒറിജിനല്‍ റിലീസ് നടന്ന ചിത്രം 4കെ, ഡോള്‍ബി അറ്റ്മോസ് ദൃശ്യ, ശബ്ദ മിഴിവോടെയാണ് വീണ്ടും എത്തുക. ഇതിന് മുന്നോടിയായി ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ ഇന്ന് വൈകിട്ട് 7 മണിക്ക് പുറത്തെത്തും.
ടി പി രാജീവന്‍റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി രഞ്ജിത്ത് ഒരുക്കിയ ചിത്രത്തിന്‍റെ ഒറിജിനല്‍ റിലീസ് 2009 ഡിസംബര്‍ 5 ന് ആയിരുന്നു. ഹരിദാസ്, മുരിക്കിന്‍കുന്നത്ത് അഹമ്മദ് ഹാജി, ഖാലിദ് അഹമ്മദ് എന്നിങ്ങനെ മൂന്ന് വേഷങ്ങളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്.
മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരവും ശ്വേത മേനോന് മികച്ച നടിക്കുള്ള പുരസ്കാരവും അടക്കം അത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നാല് അവാര്‍ഡുകളാണ് ചിത്രം നേടിയത്.
മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ, ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങൾ. നിർമ്മാണം മഹാ സുബൈർ, എ വി അനൂപ്, ഛായാഗ്രഹണം മനോജ് പിള്ള, സംഗീതം ശരത്, ബിജിബാൽ, കഥ ടി പി രാജീവൻ.
അതേസമയം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ രഞ്ജിത്തിനെതിരെ മീ ടൂ ആരോപണം ഉയരുന്നതിനിടെയാണ് പാലേരി മാണിക്യത്തിന്‍റെ റീ റിലീസ് ട്രെയ്‍ലര്‍ എത്തുന്നതെന്നും ശ്രദ്ധേയം. ബംഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത്.
പാലേരി മാണിക്യത്തിലെ റോളിനായി തന്നെ ക്ഷണിച്ചിരുന്നെന്നും കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ച് സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നുമാണ് ശ്രീരേഖ മിത്രയുടെ ആരോപണം.
ബംഗാളി സിനിമയിലെ പ്രശസ്തയായ നടിയെ ചിത്രത്തിലെ കഥാപാത്രത്തിനായുള്ള ഓഡിഷനുവേണ്ടിയാണ് വിളിച്ചതെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നുമാണ് രഞ്ജിത്തിന്‍റെ പ്രതികരണം. എന്നാല്‍ ഓഡിഷനുവേണ്ടിയല്ല തന്നെ വിളിച്ചതെന്ന് ശ്രീരേഖയും പ്രതികരിച്ചിരുന്നു.
#palerimanikyamorupathirakolapathakathintekatha #rerelease #trailer #today #ranjith #mammootty