(moviemax.in)ശബ്ദത്തിന്റെ സൗന്ദര്യം കൊണ്ടും മനസിന്റെ എളിമ കൊണ്ടും നിറഞ്ഞ ചിരികൊണ്ടും ഓരോ മലയാളികളുടെ മനസിൽ ഇടംനേടിയ ഗായികയാണ് കെ.എസ് ചിത്ര.
കെ.എസ് ചിത്രയെന്ന പേര് മലയാളി എഴുതി വെച്ചിരിക്കുന്നത് ഒരുപക്ഷെ അച്ചടിച്ച പത്രത്താളുകളിലല്ല ഓരോരുത്തരുടെയും മനസിൽ തന്നെയാണ്.
മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലായി നിരവധി അനവധി പാട്ടുകൾ ചിത്രയുടെ ശബ്ദമാധുര്യത്തിൽ പിറന്ന് കഴിഞ്ഞു. വാനമ്പാടിയെന്ന പേര് അതുകൊണ്ട് തന്നെ ചിത്രയ്ക്ക് മാത്രം സ്വന്തം.
ഈണങ്ങള്‍ കൊണ്ട് സംഗീതാസ്വാദകരെ തന്‍റെ ശബ്ദത്തില്‍ കെട്ടിയിട്ട ഗായിക അതാണ് കെ.എസ് ചിത്ര. ചിത്ര മലയാളികള്‍ക്ക് ആരാണെന്ന് ചോദിച്ചാല്‍ ഒരു പാട്ടുകാരി എന്നതിലുപരി പലര്‍ക്കും പലതാണ്.
അത്ര വാത്സല്യമാണ് ചിത്രയോടും ചിത്ര പാടിയ പാട്ടുകളോടും മലയാളിക്ക്.ലോകമറിയുന്ന ഈ ഗായികയെ നമുക്ക് ഓരോരുത്തർക്കും പ്രിയപ്പെട്ടവളാക്കുന്നത് ശബ്ദമാധുര്യത്തോടൊപ്പം വിനയത്തോടെ തൊഴുകൈ കൂപ്പി നിൽക്കുന്ന ലാളിത്യം തന്നെയാണ്.
പ്രതിഭ കൊണ്ടും ഒപ്പം സ്വഭാവ മഹിമ കൊണ്ടും ജനഹൃദയങ്ങളിൽ ഇടം നേടിയ വാനമ്പാടിക്ക് ചില അവഗണനകളുടെ കഥകൾ കൂടി പറയാനുണ്ട്.
വർഷങ്ങൾക്ക് മുമ്പ് കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയ ഗായിക അത് തുറന്ന് പറയുകയും ചെയ്തു.
ഹിന്ദിയിൽ പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും പലപ്പോഴും അവ സിനിമയിൽ വെക്കാതെ മറ്റുള്ളവരെ കൊണ്ട് പാടിപ്പിച്ച് തന്നെ മാറ്റി നിർത്തുന്നത് അനുഭവിച്ചിട്ടുണ്ടെന്നാണ് കെ.എസ് ചിത്ര പറഞ്ഞത്.
അത്തരം സന്ദർഭങ്ങൾ തന്നെ വിഷമിപ്പിച്ചിട്ടുണ്ടെന്നും ഗായിക പറയുന്നു. ഹിന്ദിയിൽ അവഗണന നല്ല രീതിയിലുണ്ട്.നമ്മൾ പാടുന്ന സമയത്ത് നന്നായിട്ടുണ്ടെന്നും അടുത്ത പാട്ട് പാടാൻ ഡിലെയില്ലാതെ വരണമെന്നും എന്നെല്ലാം പറഞ്ഞ് വലിയ സന്തോഷത്തോടെ അവർ പറഞ്ഞ് അയക്കും...
നമ്മൾ തിരിച്ച് വരും. പിന്നീട് സിനിമ റിലീസ് ചെയ്ത് കഴിയുമ്പോൾ നമ്മൾ പാടിയ പാട്ട് അതിലുണ്ടാവില്ല. മറ്റാരെയെങ്കിലും വിളിച്ച് മാറ്റി പാടിപ്പിച്ചിട്ടുണ്ടാവും.
അത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. കണക്ക് നോക്കുകയാണെങ്കിൽ ഞാൻ പാടി റിലീസ് ചെയ്തതിനേക്കാൾ കൂടുതൽ ഗാനങ്ങൾ ഹിന്ദിയിൽ ഞാൻ പാടിയിട്ടുണ്ട്.
പക്ഷെ പലതും അവർ മാറ്റി.അങ്ങനൊരു രീതി ഹിന്ദിയിലുണ്ട്. പിന്നെ ഞാൻ അതിൽ ഇൻവോൾവ് ചെയ്യാൻ പോയിട്ടില്ല. പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്.
എനിക്ക് ഏറ്റവും ചമ്മൽ തോന്നിയിട്ടുള്ളത്... ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ അവർ അടുത്ത സിനിമയേതാണ് റിലീസ് ചെയ്യാനുള്ളതെന്ന് ചോദിക്കുമ്പോൾ നമ്മൾ പേരൊക്കെ പറയുംപക്ഷെ സിനിമ റിലീസ് ചെയ്യുമ്പോൾ എന്റെ പാട്ടുണ്ടാവില്ല.
അപ്പോൾ ഞാൻ നുണ പറഞ്ഞതുപോലെയാകില്ലേ. അങ്ങനെയുള്ള വിഷമങ്ങൾ എനിക്ക് വന്നിട്ടുണ്ട്. ഞാൻ ഉണ്ണേണ്ട ചോറിൽ എന്റെ പേരുണ്ടാകുമെന്ന് ഞാൻ പിന്നെയങ്ങ് വിചാരിക്കും.
എനിക്ക് വരേണ്ട പാട്ടുകൾ എനിക്ക് വരും. ഇപ്പോഴും ഞാൻ എന്നെ വലിയൊരു ഗായികയായി അംഗീകരിച്ചിട്ടില്ല. എന്റെ കുറവുകൾ എനിക്ക് അറിയാം.
ആരും കുറ്റം പറയാത്ത രീതിയിൽ നന്നായി പാടാൻ സാധിക്കണമെന്ന് മാത്രമെ എന്റെ ആഗ്രഹമുള്ളു. മരിക്കുന്നത് വരെ പാടാൻ സാധിക്കണമെന്ന ആഗ്രഹവുമുണ്ട്.
ശബ്ദം സൂക്ഷിക്കാനായി തണുത്തതൊന്നും കഴിക്കാറില്ല. ദാസേട്ടൻ ഒരുപാട് ഉപദേശങ്ങൾ തന്നിട്ടുണ്ട്. അത് ഫോളോ ചെയ്യാറുണ്ട്. പതിവില്ലാത്തത് ചെയ്താൽ ശബ്ദത്തെ ബാധിക്കാറുണ്ട്.
കെറ്റിലൊക്കെ ഞാൻ കയ്യിൽ കൊണ്ട് നടക്കാറുണ്ട്.പുറം രാജ്യങ്ങളിൽ പോകുമ്പോൾ തലയൊക്കെ കവർ ചെയ്യും, ചെവിയിൽ പഞ്ഞി വെക്കും.
ഇതൊക്കെ കാണുമ്പോൾ ഭർത്താവൊക്കെ കളിയാക്കുമെന്നും കെ.എസ് ചിത്ര പറയുന്നു. കെ.എസ് ചിത്രയില്ലാത്ത സംഗീത ലോകത്തെ കുറിച്ച് സംഗീതപ്രേമികൾക്ക് ഇപ്പോൾ ആലോചിക്കാൻ പോലും കഴിയില്ല.
Content Highlight: #kschithra #shared #ordeal #sing #playback #songs #hindi #movies



































