ചലച്ചിത്ര സംഗീത രംഗത്ത് 15 വർഷം പൂർത്തിയാക്കിയ സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. എ.ആർ. റഹ്മാനാണ് പാട്ടുകൾക്ക് ഈണമിടാൻ പ്രേരണയായതെന്ന് ഫെയ്സ്ബുക്കിലെഴുതിയ നീണ്ട കുറിപ്പിൽ ഷാൻ പറഞ്ഞു. ദൈവം സഹായിച്ച് വലിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചു.
എല്ലാത്തിലുമുപരി നന്ദി പറയേണ്ട വ്യക്തി വിനീത് ശ്രീനിവാസനാണെന്നും ഷാൻ റഹ്മാൻ വ്യക്തമാക്കി. 15 വർഷം മുൻപാണ് തന്റെ ആദ്യചിത്രമായ പട്ടണത്തിൽ ഭൂതം പുറത്തിറങ്ങിയതെന്ന് ഷാൻ റഹ്മാൻ ഓർത്തെടുത്തു. സംവിധായകർ, സംഗീതജ്ഞർ, ഗായകർ, സൗണ്ട് എഞ്ചിനീയർമാർ, ഗാനരചയിതാക്കൾ തുടങ്ങി ഈ യാത്രയിൽ തനിക്കൊപ്പം പ്രവർത്തിച്ചവരോടുള്ള നന്ദിയും കടപ്പാടും വാക്കുകൾക്കതീതമാണ്.
ഓരോ സിനിമയും ഓരോ പാഠമായിരുന്നു. ആരും തന്നെ ഒന്നും പഠിപ്പിച്ചിട്ടില്ല. ആരുടേയും സഹായിയും ആയിരുന്നില്ല. നിങ്ങൾ എല്ലാവരും ഇഷ്‌ടപ്പെടുന്നതും വിലമതിക്കുന്നതുമായ ഗാനങ്ങൾ സൃഷ്ടിക്കാനുള്ള പൂർണ്ണമായ ആഗ്രഹമുണ്ടായിരുന്നു. പ്രിയപ്പെട്ട എ.ആർ.റഹ്മാൻ സാറാണ് സംഗീതസംവിധാനത്തിൽ പ്രേരണയായതെന്നും ഷാൻ റഹ്മാൻ പറഞ്ഞു.
"തലശ്ശേരി ബി.ഇ.എം.പി ഹൈസ്കൂളിൽ പഠിക്കുമ്പോൾ, സ്കൂളിലെ ലോങ്ങ് ബെൽ അടിക്കുമ്പോൾ കാസറ്റ് കടയിലേക്കോടും. പുതിയ കാസറ്റ് ഇറങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ. ഞാൻ ടിഡികെ തലമുറയുടെ ഭാഗമായിരുന്നു. അച്ഛൻ റാസൽഖൈമയിൽ നിന്ന് വിളിച്ച് നാട്ടിലേക്ക് ഒരാൾ വരുന്നുണ്ടെന്നും എന്താണ് കൊടുത്തയക്കേണ്ടതെന്നും ചോദിക്കും.
TDK 60 അല്ലെങ്കിൽ TDK 90 പോലുള്ള ശൂന്യമായ കാസറ്റുകളായിരുന്നു ഞാൻ അദ്ദേഹത്തോടാവശ്യപ്പെട്ടിരുന്നത്. ഞാൻ അത് എൻ്റെ സുഹൃത്തിൻ്റെ കാസറ്റ് കടയിൽ കൊടുക്കുകയും ഏറ്റവും പുതിയ എല്ലാ പാട്ടുകളും അതിലേക്ക് പകർത്താൻ ആവശ്യപ്പെടുകയും ചെയ്യും. അതായിരുന്നു പതിവ്. അതായിരുന്നു ഫ്ലാഷ്ബാക്ക്.
" ഷാൻ റഹ്മാൻ കുട്ടിക്കാലത്തെ പാട്ടുപ്രേമത്തേക്കുറിച്ച് പറയുന്നതിങ്ങനെ. തനിക്കൊപ്പം പ്രവർത്തിച്ച നടീനടന്മാർ, ഗായകർ, ഗാനരചയിതാക്കൾ, ചലച്ചിത്ര സംവിധായകർ എന്നിങ്ങനെ ഒരു നീണ്ട പട്ടിക തന്നെ അദ്ദേഹം കുറിപ്പിൽ പരാർശിച്ചിട്ടുണ്ട്.
"കാലം മുന്നോട്ടുപോയപ്പോൾ ദൈവം സഹായിച്ച് വലിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. രാജേഷേട്ടൻ എന്ന് ഞാൻ വിളിക്കുന്ന രാജേഷ് പിള്ള. എന്റെ ഹൃദയം അദ്ദേഹത്തിലായിരുന്നു. സത്യൻ അന്തിക്കാട് സർ, മഹേഷ് നാരായണൻ, ലാൽ ജോസ്, ജോണി ആന്റണി, എം.മോഹനൻ, ഷാഫിക്ക, രഞ്ജിത് സർ അങ്ങനെ നീളുന്നു ആ പട്ടിക. ജൂഡ്, മിഥുൻ, ധ്യാൻ, ബാസി, ധനഞ്ജയ്, ഫെബി, വിഹാൻ മുതലായവരുടെ സിനിമാ അരങ്ങേറ്റത്തിന്റെ ഭാഗമാവാനും എനിക്കായി.
മമ്മുക്ക, ലാലേട്ടൻ, കെപിഎസി ലളിതമ്മ, ശോഭന മാം, പൃഥ്വി, ഫഹദ്, ജയേട്ടൻ, നിവിൻ, ദിലീപേട്ടൻ, രഞ്ജി പണിക്കർ ചേട്ടൻ, ചാക്കോച്ചൻ, അജു, ഇന്ദ്രൻസേട്ടൻ, സൈജുച്ചേട്ടൻ, സണ്ണി, അർജുൻ അശോകൻ, അന്ന , ഇഷ, റീബ, നിഖില എന്നീ താരങ്ങൾക്കൊപ്പവും സുജാത ചേച്ചി മുതൽ പുതിയ ഗായകർക്കൊപ്പവും വരെ പ്രവർത്തിച്ചു.
ഗിരീഷ് പുത്തഞ്ചേരി ചേട്ടൻ, അനിൽ പനച്ചൂരാൻ തുടങ്ങിയ ഗാനരചയിതാക്കൾക്കൊപ്പം ചിലവിട്ട ഓരോ നിമിഷവും മറക്കാനാവുന്നതല്ല. എല്ലാവർക്കും നന്ദിയുണ്ട്." ഷാൻ കുറിച്ചു. ഷാൻ റഹ്മാൻ പറഞ്ഞു. പക്ഷേ എല്ലാത്തിലുമുപരിയായി നന്ദി പറയേണ്ട വ്യക്തി വിനീത് ശ്രീനിവാസനാണ്.
നിങ്ങൾ ഒരു സുഹൃത്തിന് നന്ദി പറയേണ്ട ആവശ്യമില്ല. പക്ഷേ ഇടയ്ക്കെപ്പോഴെങ്കിലും നിങ്ങൾക്കത് ചെയ്യേണ്ടിവരും. അദ്ദേഹം അത് ഇഷ്ടപ്പെടുന്നില്ലെങ്കിലും. താൻ ഈ നേടിയെടുത്തതെല്ലാം വിനീത് കാരണമാണ്. അദ്ദേഹത്തോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. അസാധാരണമായിരുന്നു വിനീതിനൊപ്പമുള്ള തന്റെ യാത്രയെന്ന് പറഞ്ഞുകൊണ്ടാണ് ഷാൻ റഹ്മാൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
#music #director #shaanrahman #completed #15 #years #movies