മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടനാണ് കലാഭവൻ മണി. മിമിക്രി വേദിയിൽ നിന്നും സിനിമാ രംഗത്തേക്ക് കടന്ന് വന്ന മണിയുടെ കരിയറിലെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ലഭിച്ച കഥാപാത്രങ്ങളെല്ലാം കലാഭവൻ മണി അവിസ്മരണീയമാക്കി. എന്നാൽ ജീവിതത്തിൽ പലപ്പോഴും ഇദ്ദേഹത്തിന് താളം തെറ്റി. മദ്യപാനം ആരോഗ്യം ഇല്ലാതാക്കി. കരിയറിനെയും ഇത് ബാധിച്ചു. മണിയുടെ മരണത്തിന് കാരണമായതും മദ്യമാണ്. ഇപ്പോഴിതാ കലാഭവൻ മണിയെക്കുറിച്ച് നിർമാതാവ് ബൈജു അമ്പാലക്കര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
സുഹൃദ് വലയങ്ങളും മദ്യപാനവുമാണ് കലാഭവൻ മണിക്ക് വിനയായതെന്ന് ഇദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം. അറേബ്യൻ ഡ്രീംസ് എന്ന പേരിൽ സുരേഷ് ഗോപി നൂറ് ആർട്ടിസ്റ്റുകളുടെ ഗൾഫ് പ്രോഗ്രാം നടത്തിയിരുന്നു. ഭയങ്കര വിജയമായിരുന്നു. കലാഭവൻ മണി അന്ന് എന്റെ ഹോട്ടലിലാണ് താമസിച്ചത്. അങ്ങനെയാണ് മണി എന്നെ പരിചയപ്പെടാൻ വരുന്നത്. പിന്നെ വലിയ അടുപ്പമായി. ഒരു പ്രാവശ്യം പ്രോഗ്രാമിന് വന്നപ്പോൾ പുള്ളി അടിച്ച് ഫിറ്റാണ്. കൂടെ പത്ത് പേരുണ്ട്.
പഴയ സുഹൃത്തുക്കളാണെന്ന് പറഞ്ഞു. എന്തിനാണ് ഇവരെ കൊണ്ട് വരുന്നതെന്ന് ചോദിച്ചു. ഞാൻ മിക്കവാറിടത്ത് പോകുമ്പോഴും കൊണ്ട് പോകും ചേട്ടാ എന്ന് മണി. ഇങ്ങനെ പോയാൽ എങ്ങനെയാണെന്ന് ഞാൻ. പുള്ളിയുടെ വിചാരം കൂടെ പഠിച്ചവരയൊക്കെ കൊണ്ട് നടന്നാലേ സ്നേഹം ഉണ്ടാവൂയെന്നാണ്. അങ്ങനെയെങ്കിൽ രജിനികാന്ത് എത്ര ബസ് കണ്ടക്ടർമാരെ കൂടെ കൊണ്ട് നടക്കണം. ഇത് ഞാൻ പുള്ളിയോട് ചോദിച്ചു.
എവിടെ പോയാലും ഇവർ മണിക്കൊപ്പം ഉണ്ടാവും. കമ്പനി കൂടുമ്പോഴാണ് ഈ പ്രശ്നങ്ങൾ വരുന്നതെന്ന് എനിക്ക് മനസിലായി. ഇവർക്കെല്ലാം ഇഷ്ടം പോലെ പൈസ മണി ചെലവായിക്കൊണ്ടിരിക്കുകയാണ്. അവർക്കെല്ലാം മദ്യം വേണം. ഒരു പെഗോ രണ്ട് പെഗോ അല്ല. പരിധി കഴിഞ്ഞ് കഴിച്ചാൽ ശരീരത്തെ ഇത് ബാധിക്കും. ആവശ്യത്തിന് കഴിച്ചാൽ പ്രശ്നമില്ല.
കൊട്ടാരക്കര ഷൂട്ടിന് വന്നപ്പോൾ റൂമിനകത്ത് കെയ്സ് കണക്കിനാണ് മദ്യം. സുഹൃത്തുക്കളെ ഒപ്പം കൂട്ടിയത് മണിയെ കാര്യമായി ബാധിച്ചിരുന്നെന്ന് ഇദ്ദേഹം പറയുന്നു. ഷൂട്ടിംഗ് സ്ഥലത്ത് മണിയെ നിൽക്കാൻ ഇവൻമാർ സമ്മതിക്കില്ല. ഫോണിൽ വിളിച്ച് കൊണ്ടേയിരിക്കും. സ്നേഹ ബന്ധം കൊണ്ട് ഇയാൾക്ക് മാറാനും പറ്റില്ല. ഷൂട്ട് കഴിഞ്ഞ് രാത്രി പന്ത്രണ്ട് മണിയായാലും മണി ഓടിയെത്തും. എല്ലാ ദിവസവും പാർട്ടിയും വെള്ളമടിയും.
കൂട്ടുകാർ കൂടി മദ്യപിക്കുമ്പോൾ അമിതമായി കഴിക്കും. ഭക്ഷണവും ഓവറാകും. എല്ലാം കൂടെ ലിവറിന് താങ്ങാൻ പറ്റില്ല. അങ്ങനെയാണ് പാവത്തിന് കരൾ രോഗം വന്നതെന്നാണ് താൻ മനസിലാക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു. ലിവർ സിറോസിലേക്ക് മാറിയപ്പോൾ ബിയർ കുടിക്കാൻ തുടങ്ങി. വെളിയത്ത് കലാഭവൻ മണിയുടെ പ്രോഗ്രാം ഉണ്ടായിരുന്നു. അപ്പോഴേക്കും മണിയുടെ വാല്യു കുറഞ്ഞിട്ടുണ്ട്.
അന്ന് ഒരു കെയ്സ് ബിയർ രാത്രി വിളിച്ച് മണി വാങ്ങി. രണ്ട് ദിവസം കഴിഞ്ഞ് മണി എന്നെ വിളിച്ചു. കൊച്ചിയിൽ വരുമ്പോൾ കാണാമെന്ന് പറഞ്ഞു. അര മണിക്കൂർ സംസാരിച്ച് ഫോൺ കട്ട് ചെയ്തു. മൂന്ന് ദിവസം കഴിഞ്ഞ് കലാഭവൻ മണിയുടെ മരണ വാർത്തയാണ് താനറിഞ്ഞതെന്നും ബൈജു അമ്പലക്കര ഓർത്തു.
#kalabhavanmani #addiction #and #friend #circle #affected #his #life #producer #reveals