Jun 1, 2024 06:45 AM

ജനപ്രീയ പരമ്പരയാണ് ചക്കപ്പഴം. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്നു ഹാസ്യ പരമ്പര. വളരെ പെട്ടെന്നു തന്നെ ജനപ്രീതി നേടിയെടുക്കാന്‍ ചക്കപ്പഴത്തിന് സാധിച്ചിരുന്നു. ഉപ്പും മുളകും എന്ന ഹിറ്റ് പരമ്പര നിര്‍ത്തിയ സമയത്തായിരുന്നു ചക്കപ്പഴം കടന്നു വരുന്നതും ജനപ്രീതി നേടുന്നതും. ഒരു കൂട്ടുകുടുംബത്തിലെ നര്‍മ്മങ്ങളും ബന്ധങ്ങളുമായിരുന്നു ചക്കപ്പഴം അവതരിപ്പിച്ചത്. 

മലയാളികള്‍ക്ക് സുപരിചിതരായിരുന്ന താരങ്ങള്‍ക്കൊപ്പം തന്നെ നിരവധി പുതുമുഖങ്ങളേയും ചക്കപ്പഴം അവതരിപ്പിച്ചു. അവതാരകയില്‍ നിന്നും അഭിനേത്രിയായി മാറിയ അശ്വതി ശ്രീകാന്ത് മുതല്‍ റാഫി, ശ്രുതി രജനീകാന്ത, സബീറ്റ, അര്‍ജുന്‍ സോമശേഖര്‍, അമല്‍രാജ് ദേവ് തുടങ്ങിയ നിരഴവധി താരങ്ങളെ ചക്കപ്പഴത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ചു.

ഇടക്കാലത്ത് നിര്‍ത്തിയ ചക്കപ്പഴം പ്രേക്ഷകരുടെ നിരന്തര അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വീണ്ടും ആരംഭിക്കുകയായിരുന്നു. എന്നാല്‍ ചക്കപ്പഴം ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ചക്കപ്പഴം പരമ്പര നിര്‍ത്തി വച്ചു. പരമ്പരയില്‍ പൈങ്കിളിയായി എത്തുന്ന നടി ശ്രുതി രജനീകാന്താണ് ഇക്കാര്യം അറിയിച്ചത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രുതി ചക്കപ്പഴം നിര്‍ത്തിയതിനെക്കുറിച്ച് സംസാരിച്ചത്. താരത്തിന്റെ വാക്കുകളിലേക്ക്. 

ചക്കപ്പഴം സീസണ്‍ 2 നിര്‍ത്തി. നാല് വര്‍ഷമായി ആരംഭിച്ചിട്ട്. ഒരുപാട് നാളായി അതില്‍ തന്നെയാണ്. സീസണ്‍ 1 നിര്‍ത്തിയിരുന്നു. പിന്നീടാണ് സീസണ്‍ 2 തുടങ്ങിയത്. സീസണ്‍ 3 വരുമോ ഇല്ലയോ എന്ന് അറിയില്ല. അതിന് ഒരുപാട് ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ഇതിന്റെ തുടര്‍ച്ചയായിരിക്കുമോ അതോ പൊളിച്ച് മാറ്റി, പുതിയ ആള്‍ക്കാരെ വച്ചാണോ, നമ്മളെ തന്നെ വേറൊരു പശ്ചാത്തലത്തിലാണോ എന്നൊക്കെ തീരുമാനിക്കേണ്ടതുണ്ട്. ചക്കപ്പഴം നിര്‍ത്തിയെന്നത് മനസിലാക്കുക. ഇനി എല്ലാത്തിന്റേയും താഴെ വന്ന് ഇത് തന്നെ ചോദിക്കണം എന്നില്ല. 

ഓരോരുത്തരും ഓരോ പരിപാടികളിലാണ്. അമലേട്ടന്‍ സൂര്യ ടിവിയിലെ സീരിയല്‍ ചെയ്യുന്നുണ്ട്. കണ്ണനും പുതിയ വര്‍ക്ക് ആയിട്ടുണ്ട്. ശംഭവും ആമിയുമൊക്കെ പഠിത്തത്തില്‍ ശ്രദ്ധിക്കേണ്ട സമയത്തിലെത്തി. നാത്തു, ബിക്കമ്മിംഗ് എന്ന പ്ലാറ്റ്‌ഫോമിന്റെ തിരക്കിലാണ്. ശ്രീകുമാറേട്ടനും അടുത്ത പ്രൊജക്ട് ചര്‍ച്ചകള്‍ നടക്കുകയാണ്. എന്റേയും ഒരു സംഭവം വരുന്നുണ്ട്. അത് ഉറപ്പായ ശേഷം നിങ്ങളെ അറിയിക്കുന്നതായിരിക്കും. വ്യക്തിപരമായി വളരെ വലിയൊരു കാര്യം തന്നെയാണ് അത്. റാഫിയുടെ പുതിയ പരമ്പര ആരംഭിക്കുന്നുണ്ട്. അങ്ങനെ എല്ലാവരും തിരക്കിലാണ്.

ഇത്രയും വര്‍ഷം നിങ്ങളൊക്കെ ഒരുപാട് സ്‌നേഹം തന്നു. ഒരുപാട് പേര്‍ എന്നെ ഫോണ്‍ വിളിച്ച് നിര്‍ത്തിയോ എന്നൊക്കെ ചോദിച്ചിരുന്നു. ചോദിച്ചവര്‍ക്കെല്ലാം മറുപടി നല്‍കിയിരുന്നു. സീസണ്‍ ത്രീ ഉണ്ടായാലും പെട്ടെന്ന് ഉണ്ടാകില്ല, ഒരു ഇടവേളയുണ്ടാകും. ഉപ്പും മുളകും പരമ്പരയുടെ കാര്യം എനിക്ക് അറിയില്ല. നമ്മളെ ഒന്ന് കാണാതാകുമ്പോള്‍ അന്വേഷിക്കാന്‍ ഇത്രയും പേര്‍ ഉണ്ടെന്ന് അറിയാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം.

എല്ലാവരും പുതിയ പ്രൊജക്ടുകളുമായി വരുന്നുണ്ട്. ചക്കപ്പഴത്തിന് തന്നത് പോലെ തന്നെ അതിനേയും സപ്പോര്‍ട്ട് ചെയ്യുക. ഇത് നിങ്ങളോട് വ്യക്തിപരമായി തന്നെ പറയണമെന്ന് തോന്നി. നമ്മളെല്ലാവരും ചേര്‍ന്ന് ഒരു ഗെറ്റ് ടുഗദര്‍ പോലെ വെക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. നിങ്ങള്‍ക്കും ഒരു പ്രോപ്പര്‍ എന്‍ഡിംഗ് തരാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ട് എന്നും ശ്രുതി പറയുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ചക്കപ്പഴം കുടുംബത്തെ മിസ് ചെയ്യുമെന്നാണ് ആരാധകർ പറയുന്നത്. മൂന്നാം സീസണിന് വേണ്ടി കാത്തിരിക്കുകയാണെന്നും അവർ പറയുന്നു. 

#chakkapazham #ends #shruthirajanikanth #confirms #this #why #channel #ended #show

Next TV

Top Stories