വനിതാ സംവിധായകരുടെ രണ്ട് ചിത്രങ്ങളും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സംവിധായകരുടെ രണ്ട് സിനിമകളും നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിതാ ശാക്തീകരണത്തിന്റെയും പട്ടികജാതി /പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ ക്ഷേമത്തിന്റെയും ഭാഗമായിട്ടായിരുന്നു സര്‍ക്കാര്‍ ബജറ്റില്‍ പദ്ധതി അവതരിപ്പിച്ചത്. ചലച്ചിത്ര വികസന കോര്‍പറേഷന്‍ നിര്‍മാണ ചുമതല വഹിക്കുന്ന പദ്ധതിയിലേക്ക് ഈ മാസം 15 വരെ പ്രൊപ്പോസലുകള്‍ അയക്കാം.
വനിതാ സംവിധായകര്‍ സംവിധാനം ചെയ്യുന്ന രണ്ട് മലയാളം ഭാഷ ഫീച്ചര്‍ ഫിലിമുകളും, പട്ടിക ജാതി പട്ടിക /വര്‍ഗ്ഗ വിഭാഗത്തിലെ സംവിധായകരുടെ രണ്ട് മലയാളം ഭാഷ ഫീച്ചര്‍ ഫിലിമുകളാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്നത്. പുതുമുഖ സംവിധായകര്‍ക്കും അപേക്ഷിക്കാം. ഒരു ചിത്രത്തിന്റെ നിര്‍മാണത്തിനായി പരമാവധി ഒന്നര കോടി രൂപയാണ് അനുവദിക്കുക. ചലച്ചിത്രത്തിന്റെ ആശയം(50 വാക്കുകള്‍), ചലച്ചിത്രത്തോടുള്ള സംവിധായകരുടെ സമീപനം (1000 വാക്കുകള്‍ /രണ്ട് പേജ്), പൂരിപ്പിച്ച അപേക്ഷ ഫോറം എന്നിവ ഉള്‍പ്പെടെ ഈ മാസം 15നകം ചലച്ചിത്ര വികസന കോര്‍പ്പറേഷന് പ്രൊപ്പോസല്‍ സമര്‍പ്പിക്കണം.
മലയാളം ഭാഷ പരിജ്ഞാനം ഉള്ള ഇന്ത്യന്‍ പൗരത്വം ഉള്ള വനിതാ സംവിധായകര്‍ക്കും പ്രൊപ്പോസല്‍ സമര്‍പ്പിക്കാവുന്നതാണ്. ഏത് വിഭാഗത്തിലാണ് സിനിമ സമര്‍പ്പിക്കുന്നതെന്ന് അപേക്ഷാഫോമില്‍ വ്യക്തമായി സൂചിപ്പിക്കണം. ഒന്നില്‍ കൂടുതല്‍ പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കുന്നവരുടെ അപേക്ഷകള്‍ നിരസിക്കപ്പെടും. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് പ്രൊപ്പോസലുകളില്‍ നിന്ന് വിജയികളെ തെരഞ്ഞെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കായി www.ksfdc.in സന്ദര്‍ശിക്കുക.
Applications are invited for films for women and SC / ST directors