മമ്മൂട്ടിയും മോഹൻലാലും ഇല്ലാതെ മലയാള സിനിമ പൂർണമാകില്ല. ഇരുവരുടെയും ആരാധകർ തമ്മിൽ തർക്കങ്ങളും ഫാൻ ഫൈറ്റുകളുമെല്ലാമുണ്ടെങ്കിലും ഇരുവർക്കും ഇടയിൽ ഇന്നേവരെ അങ്ങനെയുള്ള വിഷയങ്ങൾ ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല സഹതാരങ്ങൾ എന്നതിലുപരി സഹോദരങ്ങളെപ്പോലെയാണ്.
മലയാള സിനിമയിലെ തന്നെ അത്ഭുത ഇതിഹാസങ്ങളായ ഇരുവരുടെയും പുതിയൊരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നുണ്ട്.
കഴിഞ്ഞ ദിവസം നടന്ന വനിത ഫിലിം അവാർഡ്സ് 2023യിൽ നിന്നുള്ള ദൃശ്യങ്ങളാണ് അത്. മമ്മൂട്ടിക്ക് 2023ലെ മികച്ച നടനുള്ള പുരസ്കാരം കൈമാറാനെത്തിയ മോഹൻലാലിനെ താരം ചുംബിക്കുന്നതാണ് വൈറൽ വീഡിയോ.
ഇച്ചാക്കയുടെ ഉമ്മ കിട്ടിയ ലാൽ അത് തിരിച്ച് കൊടുക്കുന്നതും വൈറൽ വീഡിയോയിൽ കാണാം. നമ്പർ 20 മദ്രാസ് മെയിലിൽ മോഹൻലാൽ മമ്മൂട്ടിയെ ടോണി കുരിശിങ്കൽ എന്ന കഥാപാത്രമായി ചുംബിക്കുന്ന ഒരു രംഗമുണ്ട്.
ഇന്നും സോഷ്യൽമീഡിയയിൽ ഏറെ വൈറലായി പ്രചരിക്കുന്ന ഒരു വീഡിയോയാണത്. കാതൽ, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെയാണ് മികച്ച നടനായി മമ്മൂട്ടി തെരഞ്ഞെടുക്കപ്പെട്ടത്.
മമ്മൂട്ടി പുരസ്കാരം മോഹൻലാൽ കൈമാറിയപ്പോൾ ഇരുവരുടെയും സൗഹൃദവും സ്നേഹവും മലയാളി വീണ്ടും മനസ് നിറഞ്ഞ് കണ്ടു. അലൻസ് കോട്ട് മാനേജിങ് ഡയറക്ടർ സജീവ് എം. ആർ മമ്മൂട്ടിക്ക് ക്യാഷ് അവാർഡും സമ്മാനിച്ചു.
മോഹൻലാലിനെ മമ്മൂട്ടി ചുംബിക്കുന്നതുകണ്ട് പഴയ കടം വീട്ടിയതാണോയെന്ന് അവതാരകനായ മിഥുൻ രമേശ് ചോദിക്കുന്നതും വൈറൽ വീഡിയോയിൽ കാണാം. മമ്മൂട്ടിയുടെ ചുംബനം സ്വീകരിച്ചശേഷം ഞാൻ കൊടുക്കണോയെന്ന് മോഹൻലാൽ ചോദിക്കുന്നുണ്ട്.
വേണമെന്ന് മിഥുൻ പറഞ്ഞപ്പോൾ മോഹൻലാൽ തിരികെ മമ്മൂട്ടിയെ ചുംബിക്കുകയും ചെയ്തു. ശേഷം ഇനി വേറെ ആർക്ക് കൊടുക്കണമെന്ന് മോഹൻലാൽ ചോദിക്കുന്നതും വേദിയിലും സദസിലുമുള്ളവർ പൊട്ടിച്ചിരിക്കുന്നതും കാണാം.
ശേഷം കാതൽ സിനിമപോലെ ആണുങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉമ്മ കൊടുക്കുന്നു എന്നുള്ള മമ്മൂട്ടിയുടെ കൗണ്ടറും വന്നു.
പൃഥ്വിരാജ്, ദർശന, ജോഷി അടക്കമുള്ളവർ ഇരുവരുടെയും സൗഹൃദം കണ്ട് സന്തോഷിക്കുന്നതും വീഡിയോയിൽ കാണാം. തനിക്ക് തോന്നുന്നത് തുറന്ന് പറയുന്നതിൽ മമ്മൂട്ടി ഒരിക്കലും മടി കാണിക്കാറില്ലെന്നാണ് വീഡിയോ വൈറലായപ്പോൾ പ്രത്യക്ഷപ്പെട്ട കമന്റുകൾ.
എന്റെ സുഹൃത്തും എന്റെ ഭാഗ്യവുമാണ് മമ്മൂക്ക എന്നും മോഹൻലാൽ പുരസ്കാരം സമ്മാനിച്ചശേഷം സംസാരിക്കവെ പറഞ്ഞു. ഞാൻ സിനിമയിൽ വന്നിട്ട് നാൽപ്പത്തിമൂന്ന് വർഷമായി.
എന്റെ കൂടെ എന്റെ സഹയാത്രികനായ ഒരു ആളെയാണ് ഞാൻ ഇവിടെ അവതരിപ്പിക്കാൻ പോകുന്നത്. ഈ നാൽപ്പത്തിമൂന്ന് വർഷവും ഞങ്ങൾ ഒന്നിച്ചായിരുന്നു. ഞാൻ മോഹൻലാലിനെ പറ്റിയാണ് പറയുന്നത്. നടൻ എന്നതിനപ്പുറത്തേക്ക് ഒരുപാട് വിദ്യകൾ അദ്ദേഹം ശ്രമിക്കാറുണ്ട്. മാജിക്ക് ഉൾപ്പടെ...
എല്ലാത്തിലും പൂർണതയുണ്ടാക്കാനുള്ള മോഹൻലാലിന്റെ കഠിന ശ്രമം ഞാൻ ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ടെന്നാണ് മോഹൻലാലിനെ കുറിച്ച് സംസാരിച്ച് മമ്മൂട്ടി പറഞ്ഞത്. വനിത ഫിലിം അവാർഡ്സ് വേദിയിൽ മോഹൻലാൽ അവതരിപ്പിച്ച ഡാൻസിന്റെ വീഡിയോ ഇതിനോടകം വൈറലാണ്.
#new #video #mammooty #mohanlal #going #viral #socialmedia.