Apr 1, 2024 11:31 AM

പൃഥ്വിരാജിന്റെയും ബ്ലസിയുടെയും വർഷങ്ങൾ നീണ്ട കഷ്ടപ്പാടിന്റെയും പ്രയത്നത്തിന്റെയും ഫലമാണ് ആടുജീവിതം മാർച്ച് 28ന് തിയേറ്ററുകളിൽ എത്തിയത്. പതിനാറ് വർഷത്തോളമായി പൃഥ്വിരാജും ബ്ലസിയും ആടുജീവിതത്തിന് പിന്നാലെയായിരുന്നു.

മരുഭൂമിക്കഥകൾ ഒരുപാട് കണ്ട മലയാളിക്ക് മുന്നിലേക്ക് അതൊന്നുമല്ലാത്ത ജീവിതം പറഞ്ഞ് തന്ന ചിത്രമാണ് ആടുജീവിതം. അത് കൂടാതെ ഭൂരിഭാ​ഗം ആളുകളും വായിച്ച നോവൽ എന്ന രീതിയിലും ആടുജീവിതം സിനിമയായി മാറുമ്പോൾ എങ്ങനെയുണ്ടാകുമെന്ന് അറിയാൻ സിനിമാപ്രേമികൾക്ക് ആകാംഷയുണ്ടായിരുന്നു.

നോവൽ വായിക്കുമ്പോൾ ലഭിക്കുന്ന അതേ അനുഭവം തരാൻ സിനിമയ്ക്കും സാധിച്ചിട്ടുണ്ടെന്നാണ് ആടുജീവിതം കണ്ടശേഷം പ്രേക്ഷകർ പറയുന്നത്. ​ഗൾഫിലെ ജോലി സ്വപ്നം കണ്ട് ഉള്ളതെല്ലാം വിറ്റുപെറുക്കി വിസയ്ക്ക് പണമടച്ച് വിമാനം കയറിയ മലയാളി യുവാവ് നജീബ് എയർപോട്ടിൽവെച്ച് കണ്ടുമുട്ടിയ അറബിയാൽ പറ്റിക്കപ്പെടുന്നു.

പിന്നീട് രണ്ട് വർഷത്തോളം മരുഭൂമിയിൽ അതേ അറബിയുടെ പീഡനങ്ങൾ ഏറ്റുവാങ്ങി ആടുകളെയും ഒട്ടകത്തെയും മേച്ചുള്ള ജീവിതം. ഭക്ഷണവും കുടിവെള്ളവും പോലും ലഭിക്കാതെ നരകജീവിതം നയിച്ച നജീബ് പിന്നീട് അവിടെ നിന്നും രക്ഷപ്പെടുന്നതുമാണ് ആടുജീവിതം സിനിമ.

സിനിമ ക്ലൈമാക്സിനോട് അടുക്കുമ്പോൾ പൃഥ്വിരാജ് വിവസ്ത്രനായി കുളിക്കുന്ന ഒരു രം​ഗമുണ്ട്. മെലിഞ്ഞൊട്ടിയ ശരീരവും പരിക്കേറ്റ കാലുകളുമായി നടന്നുനീങ്ങുന്ന പൃഥ്വിരാജിന്റെ നജീബ് ഉള്ളുപൊള്ളിക്കുന്ന കാഴ്ചയാണ്.

ആടുകളെയും ഒട്ടകത്തെയും മേച്ച് ജീവിക്കുന്ന വ്യക്തിയായി ഭക്ഷണം ലഭിക്കാതെ ശുദ്ധജലം ഉപയോഗിക്കാൻ അവസരം ലഭിക്കാതെ സ്വന്തം ഭാഷ പോലും മറന്നുപോകുന്നുണ്ട് നജീബ്. നീണ്ട നാളത്തെ മരുഭൂമി വാസത്തിനിടെ സ്വതന്ത്രമായി ജലം ഉപയോഗിക്കാൻ കിട്ടുന്ന അവസരം പ്രയോജനപ്പെടുത്തുന്ന നജീബ് സിനിമയിൽ ഒരിടത്തുണ്ട്.

ഇപ്പോഴിതാ സിനിമയിൽ ആ സീനിൽ ന​ഗ്നനായി നിൽക്കുന്ന രംഗം എന്തിന് ചെയ്തുവെന്ന് നായകൻ പൃഥ്വിരാജ് വെളിപ്പെടുത്തിയ വീ‍ഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. 'ഒരു സംവിധായകന്റെ കാഴ്ചപ്പാടിനൊപ്പം യാത്രചെയ്യുക മാത്രമാണ് അഭിനേതാവ് ചെയ്യുന്നത്. അതിലൊരു ചാഞ്ചാട്ടമുണ്ടെന്ന് കണ്ടാൽ നമ്മൾ പിറകോട്ട് ചുവടുവെക്കും. ലേസർ ഫോക്സുമായി പോകുന്ന ബ്ലെസി മുന്നിൽ ഉണ്ടായതും ആശയക്കുഴപ്പത്തിന് സാധ്യതയുണ്ടായില്ല.'

'കഥാനായകന്റെ ശരീരത്തിൽ സംഭവിച്ച മാറ്റം കണ്ടിട്ടുവേണം അയാൾ മരുഭൂമിജീവിതത്തിൽ എന്തുമാത്രം അനുഭവിച്ചുവെന്ന് പ്രേക്ഷകർ മനസിലാക്കാൻ. വസ്ത്രം മുഴുവനായി അഴിച്ചുമാറ്റുന്ന രംഗം കണ്ട് ഇയാൾ ഇത്രമാത്രം ദുഖദുരിതങ്ങൾ അനുഭവിച്ചുവെന്ന് ഒരു പ്രേക്ഷകന് മനസിലാക്കി നൽകുകയായിരുന്നു ലക്ഷ്യം', എന്നാണ് പൃഥ്വരാജ് പറയുന്നത്. ഏറെ കയ്യടി ലഭിച്ച രം​ഗങ്ങളിൽ ഒന്നായിരുന്നു അത്.

ഇരുപത്തിയഞ്ചാം വയസിലാണ് പൃഥ്വിരാജ് ആടുജീവിതം സിനിമയിൽ അഭിനയിക്കാമെന്ന് വാക്കുകൊടുക്കുന്നത്. പക്ഷെ പ്രീപ്രൊഡക്ഷനും ഷൂട്ടും എല്ലാം കഴിഞ്ഞ് സിനിമ റിലീസ് ചെയ്തപ്പോഴേക്കും പൃഥ്വിരാജിന് വയസ് 41ആയി. പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് പ്രകടനമായാണ് ആടുജീവിതത്തിലെ കഥാപാത്രത്തിനെ പ്രേക്ഷകർ വിലയിരുത്തുന്നത്.

പലയിടങ്ങളിലും പൃഥ്വിരാജാണ് നജീബായി മേക്കപ്പിട്ട് നിൽ‌ക്കുന്നതെന്ന് പോലും പ്രേക്ഷകർ മറന്ന് പോകുന്ന സാഹചര്യമുണ്ടായിരുന്നു. കാരണം അത്രത്തോളം ബോഡി ട്രാൻസ്ഫോർ‌മേഷൻ പൃഥ്വിരാജ് നടത്തിയിരുന്നു. അമല പോൾ നായികയായ ചിത്രത്തിന് എ.ആർ റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്.

ബോക്സ് ഓഫീസില്‍ ചലനം സൃഷ്‍ടിക്കുന്ന ചിത്രമായി ആടുജീവിതം മാറി എന്നാണ് ബോക്സോഫീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കേരള ബോക്സ് ഓഫീസില്‍ മാത്രം ചിത്രം റിലീസ് ദിനത്തില്‍ ആകെ നേടിയത് ആറ് കോടിയില്‍ അധികം കലക്ഷനാണ്. 

പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗാണ് ആടുജീവിതത്തിന് ലഭിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം ഇറങ്ങിയിരുന്നു. മോഹൻലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍റെ കേരള ബോക്സ് ഓഫീസില്‍ 5.85 കോടി റെക്കോഡാണ് ആടുജീവിതം തിരുത്തിയത്. 

#prithvirajsukumaran #openup #why #he #did #do #scene #naked

Next TV

Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall