വിവാഹമോചനം ഇന്ന് പഴയ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ, രണ്ടുപേരും പരസ്പരധാരണയോടെ പിരിയുന്നതല്ല എങ്കിൽ കേസായി, വഴക്കായി, അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരിയെറിയലായി, നഷ്ടപരിഹാരമായി... അങ്ങനെ നീളുമത്. എന്തായാലും, പലപ്പോഴും വിവാഹമോചനക്കേസുകളിൽ നഷ്ടപരിഹാരം ഒരു ഘടകം തന്നെയാണ്. അതുപോലെ ന്യൂയോർക്കിൽ നിന്നുള്ള ഒരു ഡോക്ടറും തന്റെ ഭാര്യയോട് വിവാഹമോചന സമയത്ത് നഷ്ടപരിഹാരം ചോദിച്ചു.
എന്താണ് ഡോക്ടർ ചോദിച്ചത് എന്നല്ലേ? ഇയാൾ നേരത്തെ ഭാര്യയ്ക്ക് ഒരു കിഡ്നി നൽകിയിരുന്നു. ഒന്നുകിൽ ആ കിഡ്നി തിരിച്ചു തരണം. അല്ലെങ്കിൽ 12 കോടി രൂപ തരണം ഇതായിരുന്നു ഇയാൾ തന്റെ മുൻഭാര്യയോട് ആവശ്യപ്പെട്ടത്. 2001-ലാണ് രണ്ട് കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പരാജയപ്പെട്ടതിന് പിന്നാലെ ഡോ. റിച്ചാർഡ് ബാറ്റിസ്റ്റ ഭാര്യ ഡോണൽ ബാറ്റിസ്റ്റയ്ക്ക് തന്റെ കിഡ്നി നൽകിയത്.
ഡോണൽ നഴ്‌സായി പരിശീലനം നേടുന്ന ആശുപത്രിയിൽ വച്ചായിരുന്നു ഇവർ ഇരുവരും കണ്ടുമുട്ടിയത്. 1990 -ലായിരുന്നു ഇവരുടെ വിവാഹം. എന്നാൽ, കിഡ്‍നി നൽകി നാല് വർഷം കഴിഞ്ഞപ്പോൾ, 2005 -ൽ ഡോണൽ ഡോ. ബാറ്റിസ്റ്റയോട് വിവാഹമോചനം ആവശ്യപ്പെട്ടു. വിവാഹമോചന നടപടികൾ നാല് വർഷത്തിലധികം നീണ്ടുപോയി.
ശേഷം 2009 -ൽ വിവാഹമോചനം അനുവദിച്ചു. എന്നാൽ, ഇതിലൊക്കെ ആകെ നിരാശനായിത്തീർന്ന ബാറ്റിസ്റ്റ നഷ്ടപരിഹാരത്തിന് വേണ്ടി കേസ് കൊടുത്തു. തന്റെ ഭാര്യ തന്റെ മൂന്ന് കുട്ടികളെ കാണാൻ പോലും മാസങ്ങളോളം തന്നെ അനുവദിച്ചില്ല എന്ന് ഇയാൾ പറയുന്നു. ഇനി എനിക്ക് മറ്റ് വഴികളില്ല, അതിനാലാണ് താൻ കിഡ്നിയോ പണമോ ചോദിച്ചത് എന്നും ഡോക്ടർ ബാറ്റിസ്റ്റ മാധ്യമങ്ങളോട് പറഞ്ഞു.
കിഡ്നി നൽകുമ്പോൾ തനിക്ക് രണ്ട് ലക്ഷ്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഒന്ന്, അവളുടെ ജീവൻ രക്ഷിക്കുക, രണ്ട് തങ്ങളുടെ വിവാഹജീവിതം നന്നായി മുന്നോട്ട് കൊണ്ടുപോവുക, എന്നാൽ എല്ലാം തകർന്നു എന്നാണ് ബാറ്റിസ്റ്റ പറയുന്നത്. സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ ആളുകളിൽ ഭൂരിഭാഗവും പറഞ്ഞത് ബാറ്റിസ്റ്റയുടെ ആവശ്യം അംഗീകരിക്കപ്പെടണം എന്നാണ്. എന്നാൽ, കോടതി ഇയാളുടെ അപേക്ഷ നിരസിച്ചു.
#newyork #surgeon #richardbatista #wants #exwife #return #his #kidney #rlp