സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ലോകത്തെല്ലായിടത്തും വർധിച്ചു വരികയാണ്. അതിനിടയിൽ ചൈനയിലെ ഒരു ക്ലബ്ബ് നടപ്പിലാക്കിയ പുതിയ പരിഷ്കാരമാണ് ഇപ്പോൾ അവിടമാകെ ചർച്ചയാകുന്നത്. ക്ലബ്ബിൽ കയറുന്നതിന് മുമ്പ് പുരുഷന്മാർ അവിടെയെത്തുന്ന സ്ത്രീകളെ ഉപദ്രവിക്കില്ല എന്ന് എഴുതി ഒപ്പിട്ട് നൽകണമത്രെ.
ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഡാർക്ക് പാലസാണ് സ്ത്രീ സംരക്ഷണത്തിന് വേണ്ടി ഇത്തരത്തിൽ ഒരു കരാർ ഒപ്പിടീക്കുന്നത്. വീചാറ്റിലൂടെയാണ് ക്ലബ്ബ് ഇക്കാര്യം അറിയിച്ചത്.
ക്ലബ്ബിലെത്തുന്നവർക്കുമേൽ അനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ, ഇവിടെയെത്തുന്ന സ്ത്രീകളിൽ ചിലർക്കു നേരെ അതിക്രമങ്ങൾ നടന്നിട്ടുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഒരു കാര്യം നടപ്പിലാക്കുന്നത് എന്നാണ് ക്ലബ്ബ് പറയുന്നത്.
അടുത്തിടെ ഒരു സ്ത്രീക്ക് നേരെ ഇതുപോലെ അതിക്രമമുണ്ടായി. അതിന്റെ വിശദാംശങ്ങൾ പുറത്ത് വിടാൻ ആഗ്രഹിക്കുന്നില്ല. ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കരുത്. ഇവിടെയെത്തുന്ന സ്ത്രീകൾക്ക് തങ്ങളുടെ സമയം ആസ്വദിക്കാൻ കഴിയണം.
അതിനുവേണ്ടിയാണ് ഈ നടപടി എന്നും ക്ലബ്ബ് അറിയിച്ചു. ശാരീരികമായി സ്ത്രീകളെ അക്രമിക്കില്ലെന്ന് മാത്രമല്ല. സ്ത്രീകൾക്ക് നേരെ വാക്കാലുള്ള അതിക്രമങ്ങളോ, അശ്ലീല കമന്റുകളോ ഒന്നും തന്നെ പ്രോത്സാഹിപ്പിക്കില്ല. സ്ത്രീകളെ ബഹുമാനത്തോടെ മാത്രമേ നോക്കിക്കാണാവൂ.
ക്ലബ്ബിലെത്തുന്ന ഏതെങ്കിലും പുരുഷന്മാർ സ്ത്രീകളോട് മോശമായി പെരുമാറിയാൽ എന്നേക്കുമായി ക്ലബ്ബിൽ നിന്ന് വിലക്കുകയും പൊലീസിനെ വിളിക്കുകയും ചെയ്യുമെന്നും ക്ലബ്ബ് പറയുന്നു.
സംഗീതമാസ്വദിക്കുന്ന, തുല്യതയിൽ വിശ്വസിക്കുന്ന എല്ലാവർക്കും ക്ലബ്ബിൽ വരാം. അല്ലാത്ത ആരും അങ്ങോട്ട് വരണമെന്നില്ല എന്നതാണ് ക്ലബ്ബിന്റെ നിലപാട്.
ഏതായാലും, ഇതേച്ചൊല്ലി ചൈനയിലെ സോഷ്യൽ മീഡിയകളിൽ വൻചർച്ചയാണ് നടക്കുന്നത്. ഇത് വളരെ നല്ല തീരുമാനമാണ് എന്നാണ് ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം. എന്നാൽ, അതേസമയം സ്ത്രീകളിൽ നിന്നും ഇത്തരത്തിൽ കരാർ ഒപ്പിട്ട് വാങ്ങണം എന്ന് പറയുന്നവരും ഉണ്ട്.
#men #sign #anti #harassment #agreement #before #enter #this #club #china

































