പങ്കാളി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിട്ടുണ്ട് എന്ന് കണ്ടെത്തിയ 33 -കാരിയായ യുവതി പങ്കാളിക്കെതിരെ പരാതിയുമായി രംഗത്ത്. 61 -കാരനായ തന്റെ പങ്കാളിക്കും തനിക്കും എട്ടു കുട്ടികൾ ഉണ്ടെന്നും മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു എന്ന കാര്യം തന്നോട് മറച്ചുവെച്ചു എന്നുമാണ് ഇവർ പരാതിയിൽ പറയുന്നത്. തന്നെ വഞ്ചിച്ചതിന് നഷ്ടപരിഹാരമായി 2.8 കോടി രൂപ നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.
തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ നിന്നുള്ള പേര് വെളിപ്പെടുത്താത്ത യുവതിയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. നിയമപരമായി ഇരുവരും വിവാഹിതരല്ലെങ്കിലും പത്തുവർഷമായി ഒരുമിച്ചാണ് താമസിക്കുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച് ഇവർക്ക് അഞ്ച് ആൺമക്കളും മൂന്ന് പെൺമക്കളും ഉണ്ട്.
ഇരുവരും തമ്മിൽ ഓൺലൈനിലൂടെയാണ് പത്തുവർഷങ്ങൾക്കു മുൻപ് പരിചയപ്പെട്ടത്. തുടർന്ന് പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ആയിരുന്നു. എന്നാൽ, പലതവണ താൻ വിവാഹം കഴിക്കാമെന്ന് അഭിപ്രായപ്പെട്ടപ്പോൾ കാമുകൻ ഒഴിഞ്ഞു മാറിയെന്നും അവിവാഹിതനായതിനാൽ തങ്ങളുടെ ബന്ധം നിയമപരമായി അംഗീകരിക്കപ്പെടുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചതായും യുവതി പരാതിയിൽ പറയുന്നു.
തങ്ങൾക്ക് 10 കുട്ടികൾ വേണമെന്ന് പങ്കാളി നിർബന്ധം പിടിച്ചിരുന്നതായും യുവതി പറയുന്നു. അമേരിക്കയിൽ വാടക ഗർഭപാത്രത്തിലൂടെയാണ് തങ്ങളുടെ കുഞ്ഞുങ്ങൾ ജനിച്ചത് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും യുവതി കോടതിയിൽ ഹാജരാക്കി. ഇതിനായി 14 ലക്ഷത്തോളം രൂപ ചെലവായത് ഇവർ പറയുന്നു.
കഴിഞ്ഞ കുറച്ചുകാലമായി പങ്കാളി തന്നിൽ നിന്നും അകന്ന് താമസിക്കാൻ തുടങ്ങിയപ്പോഴാണ് അയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിട്ടുണ്ട് എന്ന് താൻ അറിയുന്നത് എന്നാണ് യുവതി പറയുന്നത്. ഇപ്പോൾ തങ്ങളുടെ കുട്ടികളുടെ ചെലവ് തനിക്ക് ഒറ്റയ്ക്ക് വഹിക്കാൻ കഴിയില്ലെന്നും അതിനാൽ തന്നെ വഞ്ചിച്ചതിനും കുട്ടികളുടെ ചെലവിനുമായി 2.8 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് യുവതി കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ കേസ് പരിഗണിച്ചിരുന്നെങ്കിലും ഇതുവരെയും അന്തിമവിധി വന്നിട്ടില്ല. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച് ചൈനയിൽ വിവാഹമോചിതരാകുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് അടുത്തകാലത്തായി ഉണ്ടായിട്ടുള്ളത്.
#woman #realised #partner #married #another #woman #sues #2 #8 #crore

































