'സൗന്ദര്യവർദ്ധക ശസ്ത്രക്രിയയിലൂടെ മുഖസൗന്ദര്യം വർദ്ധിപ്പിച്ച് സമ്പന്നരായ യുവാക്കളെ വിവാഹം കഴിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കൂ' എന്ന് പ്രചാരണം നടത്തിയ ചൈനയിലെ പ്ലാസ്റ്റിക് സർജറി ക്ലിനിക്കിനെതിരെ അധികൃതർ നടപടി സ്വീകരിച്ചു.
സ്ത്രീകളെ സൗന്ദര്യവർദ്ധക ശസ്ത്രക്രിയയ്ക്ക് പ്രേരിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു പരസ്യവാചകം ക്ലിനിക് ഉപയോഗിച്ചത്. സാമൂഹിക മൂല്യങ്ങൾ ലംഘിച്ചുകൊണ്ടുള്ള പരസ്യം പുറത്തിറക്കിയതിന് 3.5 ലക്ഷം രൂപയാണ് ക്ലിനിക്കിനെതിരെ പിഴ ചുമത്തിയിരിക്കുന്നത്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഷാങ്ഹായ് ആസ്ഥാനമായുള്ള ജീൻ ബ്യൂട്ടി ബയോജനറ്റിക് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 2021 മുതൽ ഈ കമ്പനി തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രായം കുറയ്ക്കുന്നതിനുള്ള പോംവഴിയായി “റീബോൺ ബ്യൂട്ടി” കോസ്‌മെറ്റിക് സർജറിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
എന്നാൽ, ഇപ്പോൾ കൂടുതൽ സൗന്ദര്യമുള്ള ആഡംബര പൂർണമായ മുഖം ഉണ്ടായാൽ സമ്പന്നരായ ചെറുപ്പക്കാരെ വിവാഹം കഴിക്കാനുള്ള സാധ്യത വർദ്ധിക്കും എന്ന കമ്പനിയുടെ പ്രചരണമാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്.
ഷാങ്ഹായ് പുഡോംഗ് ന്യൂ ഏരിയ മാർക്കറ്റ് സൂപ്പർവിഷൻ അഡ്മിനിസ്ട്രേഷൻ ആണ്, പരസ്യ നിയമങ്ങളുടെ ലംഘനത്തിനും പൊതുക്രമം തടസ്സപ്പെടുത്തിയതിനും സാമൂഹികമായ ധാർമ്മികത ലംഘിച്ചതിനും കമ്പനിക്ക് 30,000 യുവാൻ (3.5 ലക്ഷം രൂപ) പിഴ ചുമത്തിയത്. ചൈനയിലെ സാമൂഹികമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ഈ നടപടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സ്ത്രീകളെ കളിപ്പാട്ടങ്ങൾ ആക്കുന്ന ഇത്തരം ചിന്താരീതികൾ ഒരു കാരണവശാലും അംഗീകരിച്ചു കൊടുക്കാൻ ആവില്ല എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്നും പൊതുവിലുയരുന്ന പ്രതികരണം. ഈടാക്കിയ പിഴ കുറവായിപ്പോയി എന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്.
#plastic #surgery #clinic #fined #creating #appearance #anxiety #via #advertisement
































.jpeg)
