യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യക്ക് പിന്നാലെ സ്ത്രീധനവുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ചർച്ചകളാണ് നടക്കുന്നത്. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ സംഭവത്തിൽ പ്രതികരണവുമായി എത്തുകയാണ്. ഇപ്പോഴിതാ വിസ്മയ, ഷഹന എന്നിങ്ങനെ പേരുകൾ മാറി വരുന്നതല്ലാതെ സമൂഹത്തിന് യാതൊരു മാറ്റവും വരുന്നില്ലെന്ന് പറയുകയാണ് നടി കൃഷ്ണ പ്രഭ.
അടുത്ത മാസം 2024 ആവുകയാണെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട് ഇപ്പോഴും പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്ന സ്ഥിതി ഉണ്ടാവുക എന്ന് പറയുന്നത് ഏറെ വേദനാജനകമാണെന്ന് കൃഷ്ണ പ്രഭ പറയുന്നു. സ്ത്രീധനം വേണമെന്ന് ആവശ്യം ഉന്നയിച്ച് വരുന്ന വീട്ടുകാരോട്, പോയി പണിയെടുത്ത് ജീവിക്കാൻ പെൺകുട്ടികൾ പറയണമെന്നും നടി പറയുന്നു.

അടുത്ത മാസം 2024 ആവുകയാണ്! സ്ത്രീധനം എന്ന വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോഴും പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്ന സ്ഥിതി ഉണ്ടാവുക എന്ന് പറയുന്നത് ഏറെ വേദനാജനകമാണ്. വിസ്മയ, ഷഹന എന്നിങ്ങനെ പേരുകൾ മാറിമാറി വരുന്നതല്ലാതെ സമൂഹത്തിന് യാതൊരു മാറ്റവും വരുന്നില്ല എന്നതാണ് സത്യം.
പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ ഇടയ്ക്കിടെ വാർത്ത വരുന്നതെന്ന്! അതിന് കാരണം നമ്മൾ എല്ലാവരും അടങ്ങുന്ന സമൂഹം തന്നെയാണ്. പെൺമക്കളുടെ വിവാഹത്തിന് വേണ്ടി സ്ത്രീധനം കൊടുക്കാൻ തയാറാകുന്ന മാതാപിതാക്കളും അത് യാതൊരു ഉളുപ്പുമില്ലാതെ വാങ്ങുന്ന റെഡിയായി നിൽക്കുന്ന വരനും കുടുംബവും ഉള്ളിടത്തോളം കാലം പേരുകൾ മാറിമാറി വരിക തന്നെ ചെയ്യും. ഇനി വരുന്ന തലമുറയെങ്കിലും മാറേണ്ടിയിരിക്കുന്നു.

പെൺകുട്ടികളോടാണ് എനിക്ക് പറയാനുളളത്. ഇനിയെങ്കിലും സ്ത്രീധനം വേണമെന്ന് ആവശ്യം ഉന്നയിച്ച് വരുന്ന വീട്ടുകാരോട് "പോയി പണിയെടുത്ത് ജീവിക്കാൻ പറയുക..", വിവാഹശേഷം സ്ത്രീധനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ ബന്ധം വേർപിരിഞ്ഞ് അന്തസ്സായി സ്വന്തമായി ജോലി ചെയ്തു ജീവിക്കുക. ഇവറ്റുകൾക്ക് വേണ്ടി സ്വന്തം ജീവനും ജീവിതവും കളയുന്നത് എന്തിനാണ്! വിവാഹത്തിന് മുമ്പായാലും ശേഷമായാലും സ്ത്രീധനം ചോദിച്ച് ബുദ്ധിമുട്ടിക്കുന്നവർക്ക് എതിരെ തെളിവ് സഹിതം കേസ് കൊടുക്കുക.. ബാക്കി കോടതി നോക്കിക്കോളും!.
#Why #waste #one #own #life #life #tell #him #go #work #live #Krishna #Prabha #reacts #dowry #suicide


































