ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു മലയാളികളുടെ പ്രിയ താരങ്ങളായ ഗോപിക അനിലിന്റെയും ഗോവിന്ദ് പത്മസൂര്യയുടെയും(ജിപി) വിവാഹ നിശ്ചയം. ഒരു മുൻധാരണകളും നൽകാതെ ആയിരുന്നു നിശ്ചം കഴിഞ്ഞ വിവരം ഇരുവരും പറഞ്ഞത്. വൻ സർപ്രൈസ് ആയിരുന്നു എങ്കിലും ഇരുവരുടെയും ഒന്നുചേരാനുള്ള തീരുമാനത്തെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇതിനിടെ ഗോപിക അഭിനയം നിർത്തുന്നെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഇരുവരും.
സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ ഗോപിക അഭിനയം നിർത്തുന്നോ എന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു. ജീവിതത്തിലെ സന്തോഷമുള്ള കാര്യമല്ലേ നടന്നത്. അതിന് ഗോപിക അഭിനയം നിർത്തേണ്ടതുണ്ടോ. സാന്ത്വനം നിർത്തിയാൽ അഞ്ജലി ഉണ്ടാകില്ല എന്നതല്ലാതെ ഇതിന്റെ പേരിൽ അവൾ അഭിനയം നിർത്തില്ല. അഞ്ജലിയായി ഗോപിക നിങ്ങൾക്ക് മുന്നിൽ വരും. എങ്ങാനും നിന്നു പോയാൽ അതെടുത്ത് എന്റെ തലയിൽ ഇടരുത്. ഗോപിക എത്ര വേണമെങ്കിലും അഭിനയിച്ചോട്ടെ എന്നാണ് ഗോവിന്ദ് പത്മസൂര്യ പറഞ്ഞത്.

സാന്ത്വനം സംവിധായകൻ ആദിത്യൻ മരിച്ചതിന് പിന്നാലെ നടന്ന നിശ്ചയത്തെ കുറിച്ചും ജിപി സംസാരിച്ചു. "നിശ്ചയത്തിന് നാല് ദിവസം മുൻപ് ആയിരുന്നു സാന്ത്വനം സംവിധായകൻ മരിക്കുന്നത്. വലിയൊരു ഷോക്കായിരുന്നു അത്. എനിക്കും അങ്ങനെ തന്നെ. ആദിത്യൻ സാർ തനിക്ക് അനുഗ്രഹവും ബെസ്റ്റ് വിഷസും നൽകിയെന്ന് തലേദിവസം ഗോപിക എന്നെ വിളിച്ച് പറഞ്ഞതായിരുന്നു. ചടങ്ങ് മാറ്റിവയ്ക്കണമോന്ന് ചിന്തിച്ചിരുന്നു. ഗോപിയോട് അതേപറ്റി ചോദിക്കുകയും ചെയ്തു. പക്ഷേ വീട്ടുകാർക്ക് മാറ്റിവയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു. പ്രായമുള്ളവരെ അടക്കം ചടങ്ങിന് ക്ഷണിച്ചിട്ടും ഉണ്ടായിരുന്നു. അവരോട് എന്ത് പറയും. ഒടുവിൽ പരിപാടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. വലിയൊരു ചലഞ്ചിംഗ് ആയിരുന്നു അത്", എന്ന് ജിപി പറയുന്നു.
Content Highlight: #govindpadmasoorya #gopikaanil #will #act #after #marriage
































