---
title: "#rahulnkutty | 'മരണത്തലേന്നും വീഡിയോ, കഴിഞ്ഞ രാത്രി വളരെ അസ്വസ്ഥനായിരുന്നു'; രാഹുലിന്റെ വേർപാട് വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ"
english_title: "#food #vlogger #rahulnkutty #death #reasons."
publisher: "moviemax.in"
canonical_url: "https://moviemax.in/news/159450/food-vlogger-rahulnkutty-death-reasons"
published_at: "2023-11-04T14:57:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65460f843e9b6_rahul.jpg"
keywords: []
---

# #rahulnkutty | 'മരണത്തലേന്നും വീഡിയോ, കഴിഞ്ഞ രാത്രി വളരെ അസ്വസ്ഥനായിരുന്നു'; രാഹുലിന്റെ വേർപാട് വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ

> **Lead Summary:** **ഈ**റ്റ് കൊച്ചി ഈറ്റ് ഫുഡ് വ്ലോഗർ രാഹുൽ എൻ.കുട്ടിയുടെ മരണം വിശ്വസിക്കാനാകാതെ സുഹൃത്തുക്കളും കുടുംബവും. കഴിഞ്ഞ രാത്രിയാണ് രാഹുലിനെ മാടവനയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാൻ മാത്രം പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് സുഹൃത്തുക്കളും കുടുംബവും പറയുന്നത്.

## Article Content

**ഈ**റ്റ് കൊച്ചി ഈറ്റ് ഫുഡ് വ്ലോഗർ രാഹുൽ എൻ.കുട്ടിയുടെ മരണം വിശ്വസിക്കാനാകാതെ സുഹൃത്തുക്കളും കുടുംബവും. കഴിഞ്ഞ രാത്രിയാണ് രാഹുലിനെ മാടവനയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാൻ മാത്രം പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് സുഹൃത്തുക്കളും കുടുംബവും പറയുന്നത്.

രാത്രി വീട്ടിലെത്തിയ രാഹുലിനെ സുഹൃത്തുക്കൾ ഫോണിൽ വിളിച്ചു. തുടരെ വിളിച്ചിട്ടും ഫോൺ എടുക്കാതെ വന്നതോടെ 12 മണിയോടെ മാടവനയിലെത്തി രാഹുലിന്റെ അച്ഛനെ വിളിക്കുകയും രാഹുൽ ഫോൺ എടുക്കുന്നില്ലെന്ന് പറയുകയുമായിരുന്നു. തുടർന്ന് അച്ഛൻ മുറിയിൽ ചെന്നുനോക്കിയപ്പോളാണ് ബെഡ് ഷീറ്റിൽ തൂങ്ങിയ നിലയിൽ കണ്ടത്.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ രാത്രി രാഹുൽ വളരെ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കളിൽ ചിലർ പറഞ്ഞു. അടുത്തിടെ രാഹുൽ പനമ്പള്ളി നഗറിൽ പാർടനർഷിപ്പിൽ കോഫി ഷോപ്പ് തുടങ്ങിയിരുന്നു. അന്വേഷണം ആരംഭിച്ച പൊലീസ് രാഹുലിന്റെ ഫോൺ പരിശോധനയ്ക്കായി കൊണ്ടുപോയി.

മാടവന ഉദയത്തുംവാതിൽ കിഴിക്കേകിഴവന നാരാണൻ കുട്ടിയുടേയും ഷൈലജമേനോന്റെയും മകനാണ് മുപ്പത്തിമൂന്നുകാരനായ രാഹുൽ. ഭാര്യ: ശ്രീപ്രിയ. മകൻ: ഇഷിത്. സഹോദരൻ: രോഹിത് (ദുബൈ). സംസ്കാരം ഇന്നു വൈകിട്ട് വീട്ടുവളപ്പിൽ നടത്തും.

കൊച്ചിയിലെ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുന്നതും ചർച്ച ചെയ്യുന്നതുമായ ഓൺലൈൻ സംഘമാണ് ഈറ്റ് കൊച്ചി ഈറ്റ്. കഴിഞ്ഞ ദിവസവും ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ള വിഡിയോ രാഹുൽ ചെയ്തിരുന്നു. 2015ലാണ് കമ്മ്യൂണിറ്റി തുടങ്ങിയത്.

ഫെയ്സ്ബുക്ക് ഫണ്ട് നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ ഫുഡ് കമ്മ്യൂണിറ്റിയാണ് ഈറ്റ് കൊച്ചി ഈറ്റ്. കമ്മ്യൂണിറ്റിയുടെ കൂടുതൽ പ്രവർത്തനങ്ങൾക്കായി 50,000 ഡോളറാണ് ഫെയ്സ്ബുക്ക് അനുവദിച്ചത്. നാല് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ ഈറ്റ് കൊച്ചി ഈറ്റ് കമ്യൂണിറ്റിക്കുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/159450/food-vlogger-rahulnkutty-death-reasons)