(moviemax.in)പിന്നണി ഗാനരംഗത്ത് ഇന്ന് തന്റേതായ സ്ഥാനമുള്ള ഗായികയാണ് വൈക്കം വിജയലക്ഷ്മി. മലയാള ചിത്രം സെല്ലുലോയ്ഡിലെ പാട്ടിലൂടെയാണ് വൈക്കം വിജയലക്ഷ്മി ജനശ്രദ്ധ നേടുന്നത്. പിന്നീട് ശ്രദ്ധേയമായ ഒരുപിടി ഗാനങ്ങളുടെ ഭാഗമാവാൻ വൈക്കം വിജയലക്ഷ്മിക്ക് കഴിഞ്ഞു. മറുഭാഷകളിലും വിജയലക്ഷ്മി ശ്രദ്ധ നേടി. തമിഴിലും തെലുങ്കിലും ഇന്ന് ഗായികയ്ക്ക് ആരാധകരുണ്ട്.

പ്രമുഖരായ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കാനും കഴിഞ്ഞു. കാഴ്ചയില്ലാത്ത വൈക്കം വിജയലക്ഷ്മി തന്റെ പരിമിതികൾ മറകടന്ന് ഉയരങ്ങളിലെത്തിയത് ഏവർക്കും പ്രചോദനമായി. കാഴ്ചയില്ലാത്തത് മൂലം താൻ നേരിട്ട അവഗണനകളെക്കുറിച്ച് വൈക്കം വിജയലക്ഷ്മി നേരത്തെ സംസാരിച്ചിട്ടുണ്ട്. അച്ഛനും അമ്മയുമാണ് ഗായികയ്ക്ക് എന്നും പിന്തുണ. വൈക്കം വിജയലക്ഷ്മിയുടെ വിവാഹ മോചനം നേരത്തെ വാർത്തയായിരുന്നു. 2018 ഒക്ടോബർ 22 നാണ് വൈക്കം വിജയലക്ഷ്മിയും മിമിക്രി കലാകാരനായ അനൂപും വിവാഹിതരാവുന്നത്.
എന്നാൽ മൂന്ന് വർഷങ്ങൾക്ക് ശേഷം ഇരുവരും വേർപിരിഞ്ഞു. വിവാഹശേഷം തന്റെ ജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് വൈക്കം വിജയലക്ഷ്മി. ഇന്ത്യാ ഗ്ലിറ്റ്സ് തമിഴുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഒത്തുപോവാൻ പറ്റില്ലെന്ന് മനസ്സിലായതോടെയാണ് ബന്ധം വേണ്ടെന്ന് വെച്ചതെന്ന് വിജയലക്ഷ്മി പറയുന്നു. വിവാഹമോചനം നേടാൻ എളുപ്പമാണ്, കുടുംബ ജീവിതമല്ലേ അഡ്ജസ്റ്റ് ചെയ്ത് നോക്കെന്ന് അച്ഛനും അമ്മയും പറഞ്ഞു.
പരമാവധി ശ്രമിച്ചിട്ടും എനിക്ക് പറ്റിയില്ല. ഒടുവിൽ നീ ആലോചിച്ച് തീരുമാനിക്കെന്ന് പറഞ്ഞു. സമൂഹം എന്ത് പറയുമെന്ന് ഞാൻ ആലോചിച്ചിട്ടില്ല. അത് ഞാൻ ഗൗനിക്കുന്നുമില്ല. സംഗീതത്തിൽ എന്നെ നിരുത്സാഹപ്പെടുത്തി. നിയന്ത്രണങ്ങൾ വെച്ചു. അച്ഛനെയും അമ്മയെയും അവഗണിക്കെന്ന് പറഞ്ഞു. എന്നാൽ പറ്റില്ലെന്ന് ഞാൻ വാശി പിടിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഞാൻ പൂജാമുറിയിൽ കയറരുത് എന്നൊക്കെ. എല്ലാത്തിനും ദേഷ്യം. തിരിച്ച് ഞാനും ദേഷ്യപ്പെടും. നല്ല മനസുള്ള പുരുഷൻ വന്നാൽ ദൈവത്തെ പോലെ ബഹുമാനിക്കുക. എന്നാൽ എല്ലാത്തിലും നിയന്ത്രിക്കുന്ന പുരുഷന്റെ അടിമയായിരിക്കേണ്ട ആവശ്യമില്ല. പറ്റില്ലെന്ന് പറയാനുള്ള ധൈര്യം വേണമെന്നാണ് തനിക്ക് സ്ത്രീകളോടായി പറയാനുള്ളതെന്നും വൈക്കം വിജയലക്ഷ്മി വ്യക്തമാക്കി.
നേരത്തെയും മുൻ ഭർത്താവിനെതിരെ വൈക്കം വിജയലക്ഷ്മി സംസാരിച്ചിട്ടുണ്ട്. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് വിജയലക്ഷ്മിയിപ്പോൾ ജീവിക്കുന്നത്. ഗായികയുടെ നിഴലായി എന്നും മാതാപിതാക്കളുണ്ട്. അച്ഛനും അമ്മയും എപ്പോഴും കൂടെ വേണമെന്ന് വിജയലക്ഷ്മിക്ക് നിർബന്ധവുമുണ്ട്. വേദികളിലേക്ക് അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ച് വരുന്നതെന്തിനെന്ന് ചോദിക്കുന്നവരുണ്ട്. അത്തരം ചോദ്യങ്ങൾ തനിക്കിഷ്ടമല്ലെന്ന് ഗായിക വ്യക്തമാക്കി.
ചിലർ ശബ്ദം കേട്ട് ആരാണെന്ന് മനസ്സിലാക്കാൻ പറയും. അലസോരമുണ്ടാക്കുന്ന പ്രവൃത്തിയാണത്. അത്തരം സാഹചര്യങ്ങളിൽ മുഖം കനപ്പിക്കുമെന്നും വിജയലക്ഷ്മി അന്ന് തുറന്ന് പറഞ്ഞു. കാഴ്ച ശക്തി ലഭിക്കാനുള്ള ചികിത്സ നടക്കുന്നുണ്ടെന്ന് വൈക്കം വിജയലക്ഷ്മി തുറന്ന് പറഞ്ഞത്. അമേരിക്കയിലാണ് ചികിത്സ നടക്കുന്നത്. കാഴ്ച കിട്ടിയാൽ ദൈവത്തെയും അച്ഛനെയും അമ്മയെയും ഗുരുക്കൻമാരെയും കാണാനാഗ്രഹമുണ്ടെന്നും വിജയലക്ഷ്മി പറഞ്ഞു.
വെളിച്ചം തിരിച്ചറിയാൻ പറ്റുന്നുണ്ടെന്ന് അന്നത്തെ അഭിമുഖത്തിൽ ഗായിക പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിജയലക്ഷ്മിക്ക് കാഴ്ച ലഭിച്ചു എന്ന പേരിൽ തെറ്റായ വാർത്തകൾ പ്രചരിച്ചു. ഇവ സത്യമല്ലെന്ന് ഗായിക പിന്നീട് വ്യക്തമാക്കി. മലയാളത്തിൽ സെല്ലുലോയ്ഡിന് ശേഷം ഒരു വടക്കൻ സെൽഫി എന്ന സിനിമയിൽ വൈക്കം വിജയലക്ഷ്മി പാടിയ പാട്ടും വൻ ഹിറ്റായി. തെലുങ്കിൽ ബാഹുബലി എന്ന സിനിമയിലെ ഗാനവും ജനപ്രീതി നേടി.
Vaikom Vijayalakshmi about life