കൊല്ലം സുധി ഇനിയില്ലെന്ന് വിശ്വസിക്കാൻ മലയാളികൾക്ക് ആർക്കും തന്നെ സാധിക്കില്ല . മരണത്തിന് തൊട്ടുമുമ്പ് വടകരയിൽ പരിപാടി അവതരിപ്പിച്ചപ്പോഴും ആളുകളെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും സുധി മറന്നില്ല.
കഴിഞ്ഞ ദിവസം പുലർച്ചെയെയിരുന്നു കാർ അപകടത്തിൽ സുധിക്ക് ജീവൻ നഷ്ടമായത്. ഭാര്യയേയും മക്കളേയും കാണാൻ വേണ്ടിയാണ് സുഹൃത്തുക്കൾക്കൊപ്പം സുധി കോട്ടയത്തേക്ക് പുറപ്പെട്ടത്. എപ്പോഴും സുധിക്കൊപ്പം മൂത്തമകൻ രാഹുൽ സഹായിയായി ഉണ്ടാകാറുണ്ട്. എന്നാൽ വടകരയിലെ പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ മകനെ ഒഴിവാക്കി.
എയർബാഗുണ്ടായിരുന്നിട്ടും സുധിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മുഖം മുഴുവൻ രക്തമായിരുന്നുവെന്നും വേദനകൊണ്ട് നിലവിളിക്കുന്ന ശബ്ദം കേൾക്കാമായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു. ആയിരങ്ങളാണ് സുധിയെ അവസാനമായി കാണാൻ വീട്ടിലേക്കും 24ന്യൂസിന്റെ ഓഫീസിലേക്കും എത്തിയത്.
ഇപ്പോഴിതാ സുധിയുടെ സുഹൃത്ത് രമേശ് പറഞ്ഞ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. മരണം സംഭവിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് സുധി രമേശിനെ കാണാൻ വന്നിരുന്നു. സ്വന്തം കടങ്ങളും ബാധ്യതകളും മറന്ന് കൊവിഡിന്റെ സമയത്ത് അയൽപക്കത്ത് താമസിച്ചിരുന്നവർക്ക് സഹായം ചെയ്തിരുന്നു സുധിയെന്നും സുഹൃത്ത് രമേശ് കുമാർ പറയുന്നു.
'അപകടം നടക്കുന്നതിന്റെ മൂന്ന്, നാല് ദിവസം മുമ്പ് സുധിയുമായി സംസാരിച്ചിരുന്നു. മറ്റുള്ള കലാകാരന്മാരിൽ നിന്നും വ്യത്യസ്തനായിരുന്നു അവൻ. ഡാ... ചക്കരെ... മുത്തേ... എന്നൊക്കെയാണ് എല്ലാവരെയും വിളിച്ചിരുന്നത്. എല്ലാ ചടങ്ങുകളിലും പങ്കെടുക്കുമായിരുന്നു. സുധി ഒരു സെലിബ്രിറ്റിയാണെന്ന് ആളുകൾക്ക് ചിലപ്പോൾ അദ്ദേഹത്തിന്റെ മരണത്തിനുശേഷമാകും മനസിലാകുന്നത്.'
'കാരണം സാധാരണക്കാർക്കിടയിലൂടെ എപ്പോളും നടന്നുപോകുന്ന ആളായിരുന്നു അവരിൽ ഒരാളായിട്ടാണ് ജീവിച്ചത്. മരണവാർത്ത അറിഞ്ഞപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപോയി', സുഹൃത്തിനെ അനുസ്മരിച്ച് വിതുമ്പി രമേശ് പറയുന്നു.
അവസാനമായി സുധി ചോദിച്ച ചോദ്യത്തെ കുറിച്ചും രമേശ് സംസാരിച്ചു. 'മൂന്ന്, നാല് ദിവസം മുമ്പ് അവൻ എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്... വണ്ടി ഒന്നും കൈയ്യിൽ ഇല്ല... എന്നെ ഒന്ന് വീട്ടിൽ കൊണ്ട് വിടാമോയെന്ന്. എന്റെ ഒരു രീതിക്ക് ഞാൻ മറുപടി കൊടുത്തു. ഇഷ്ടം പോലെ ബസ് ഉണ്ടല്ലോയെന്ന്.
അവന്റെ ആ ചോദ്യം മനസിൽ ഇങ്ങനെ തങ്ങി നിൽക്കുകയാണ്. ആ ഒരു ചോദ്യവും അവന്റെ പോക്കും എനിക്ക് എന്തോ രണ്ടും ഒരുപോലെ തോന്നി', രമേശ് പറയുന്നു.
His question will not be forgotten, he was different from other artists; friend says