(moviemax.in) സ്റ്റേജ് ഷോകളിലൂടെയും സിനിമകളിലൂടെയും മിനിസ്ക്രീൻ പരിപാടികളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരനായ കലാകാരനാണ് കൊല്ലം സുധി. കൊല്ലം സുധിയുടെ അപ്രതീക്ഷിതമായി സംഭവിച്ച വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവരും ആരാധകരും.

ഇപ്പോഴിതാ ചിരിക്ക് പിന്നിലെ തന്റെ വേദനകളുടെ കാലത്തെ കുറിച്ചും അച്ഛൻ വാങ്ങിത്തന്ന വീട് കയ്യിൽ നിന്നും നഷ്ടപ്പെട്ട് പോയതിനെ കുറിച്ചും സുധി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
നാളുകൾക്ക് മുമ്പ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അച്ഛന്റെ വേർപാടിന് ശേഷം താണ്ടിയ സങ്കട കടലിനെ കുറിച്ച് സുധി വിവരിച്ചത്.
'അച്ഛന്റെ സ്വദേശം എറണാകുളമായിരുന്നു. അച്ഛൻ, അമ്മ, ഞങ്ങൾ നാലുമക്കൾ. ഇതായിരുന്നു കുടുംബം. ഒരു അനിയൻ ചെറുപ്പത്തിൽ തന്നെ മരിച്ചു. അച്ഛൻ റവന്യു വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. ഞാൻ ജനിച്ചതും അഞ്ചാം ക്ലാസ് വരെ പഠിച്ചതും എറണാകുളത്താണ്. അച്ഛന്റേത് കൂട്ടുകുടുംബമായിരുന്നു. പിന്നീട് എല്ലാവരും ഓഹരി പറ്റി പിരിഞ്ഞപ്പോൾ തറവാട് പൊളിച്ച് കളഞ്ഞു.'
'അപ്പോഴേക്കും അച്ഛന് കൊല്ലത്തേക്ക് സ്ഥലം മാറ്റമായി. അങ്ങനെ ഞങ്ങൾ കൊല്ലത്തേക്ക് ജീവിതം പറിച്ചുനട്ടു. അച്ഛൻ ഒരു വീടുവാങ്ങി. കൊല്ലത്തേക്ക് മാറി കുറച്ച് വർഷമായപ്പോൾ അച്ഛൻ രോഗിയായി. ചികിത്സയ്ക്ക് നല്ലൊരു തുക ചെലവായി. കടവും പ്രാരാബ്ധവുമായി. അങ്ങനെ അച്ഛൻ വാങ്ങിയ ആ വീട് ഞങ്ങൾക്ക് വിൽക്കേണ്ടി വന്നു.'
'ഞങ്ങൾ വാടകവീട്ടിലേക്ക് താമസം മാറി. അപ്പോഴേക്കും അച്ഛൻ ഞങ്ങളെ വിട്ടുപോയി', കയ്യിലുണ്ടായിരുന്ന വീട് നഷ്ടപ്പെട്ടതിനെ കുറിച്ച് സംസാരിച്ച് സുധി അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു. സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് സുധിയെ മരണം കവർന്നത്.
The treatment cost a fortune, so the house had to be sold'; Kollam Sudhi