---
title: "ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും"
english_title: "Srinath Bhasi will undergo drug test"
publisher: "moviemax.in"
canonical_url: "https://moviemax.in/news/71009/srinath-bhasi-will-undergo-drug-test"
published_at: "2022-09-27T10:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63327cccac5e0_SREENAD_BASI.jpg"
keywords: []
---

# ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും

> **Lead Summary:** സിനിമ പ്രൊമോഷനിടെ, ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി ശ്രീനാഥ് ഭാസിയുടെ ശരീര സാമ്പിളുകൾ ശേഖരിച്ചു.

## Article Content

സിനിമ പ്രൊമോഷനിടെ, ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി ശ്രീനാഥ് ഭാസിയുടെ ശരീര സാമ്പിളുകൾ ശേഖരിച്ചു.

നഖം, തലമുടി, രക്ത സാമ്പിൾ എന്നിവയുടെ സാമ്പിളുകളാണ് മരട് പൊലീസ് ശേഖരിച്ചത്. അഭിമുഖ സമയത്ത്, നടൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. എന്നാൽ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചു എന്ന പരാതി, അഭിമുഖം നടത്തിയ പരാതിക്കാരിയിൽ നിന്നുണ്ടായിട്ടില്ല.

'ചട്ടമ്പി' എന്ന തന്‍റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരകയുടെ പരാതി. സംഭവത്തിൽ ഇന്നലെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷം ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), ഐപിസി 354(ലൈംഗിക ചുവയോടെ സംസാരിക്കല്‍), 294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

തുടർന്ന് നടനെ, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കാനില്ലെന്ന് ശ്രീനാഥ് ഭാസി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്‍റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമാകും.

> "എന്‍റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ല. ഞാന്‍ എന്നെ അപമാനിച്ചതിന്‍റെ പേരില്‍ ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ പ്രതികരിച്ചു എന്നേ ഉള്ളൂ. ആരെയും തെറി വിളിച്ചിട്ടില്ല.

> മോശമായി സംസാരിച്ചിട്ടില്ല", എന്നാണ് ശ്രീനാഥ് ഭാസി വിഷയത്തില്‍ പ്രതികരിച്ചിരുന്നത്. ഒരു റേഡിയോ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അവതാരകനോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങളും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/71009/srinath-bhasi-will-undergo-drug-test)