അന്ധവിശ്വാസങ്ങൾക്ക് ഒരു പഞ്ഞവും ഇല്ലാത്ത നാടാണ് നമ്മുടേത്. ഏത് മേഖല എടുത്താലും അവയിലെല്ലാം വ്യത്യസ്തമായ അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നു. മലയാള സിനിമ മേഖലയിലും അന്ധവിശ്വാസങ്ങൾക്ക് യാതൊരു കുറവുമില്ല.
വളരെ രസകരമായ നിരവധി അന്ധവിശ്വാസങ്ങൾ നിലനിന്നുപോരുന്ന മലയാള സിനിമ ലോകത്തെ അധികം ആർക്കും അറിയാത്ത ചില അന്ധവിശ്വാസ കഥകൾ പറയുകയാണ് മുകേഷ്. മുകേഷ് സ്പീക്കിങിലൂടെയാണ് താരം ഈ കഥകളെല്ലാം പ്രേക്ഷകരുമായി പങ്ക് വച്ചിരിക്കുന്നത്.
ആദ്യ ഷോട്ട് ചിലരെ വെച്ച് ചെയ്‌താൽ ചിത്രം വിജയിക്കും എന്ന വിശ്വാസം സിനിമ മേഖലയിൽ ഉണ്ട്. അങ്ങനെ രാശിയുള്ളതായി കണക്കാക്കുന്ന വ്യക്തിയാണ് ജനാർദ്ദനൻ. ജനാർദ്ദനനെ വെച്ച് ആദ്യ ഷോട്ട് ചിത്രീകരിച്ചാൽ ചിത്രം വിജയിക്കുമെന്ന് കുറേകാലം മലയാള സിനിമയിൽ ഒരു വിശ്വാസം നിലനിന്നിരുന്നുവെന്ന് മുകേഷ് വ്യക്തമാക്കി.
"ജനാർദ്ദനൻ ചേട്ടനെ വച്ച് ഫസ്റ്റ് ഷോട്ട് എടുത്ത് കഴിഞ്ഞാൽ പടം വിജയിക്കും എന്ന് ഒരു രണ്ട് മൂന്ന് പടങ്ങളൊക്കെ വിജയിച്ച് കഴിഞ്ഞപ്പോൾ അങ്ങനെ ഒരു ടോക്ക് വന്നു". ചില ചിത്രങ്ങളിൽ ജനാർദ്ദനൻ അഭിനയിപ്പിക്കാൻ വേണ്ടി മാത്രം റോളുകൾ നൽകിയിട്ടുണ്ടെന്നും മുകേഷ് വെളിപ്പെടുത്തി. കെ. മധുവിന്റെ ചിത്രത്തിലൊക്കെ ഇപ്പോഴും ഫസ്റ്റ് ഷോട്ട് ജനാർദ്ദനനെ വെച്ചാണ് ചെയ്തിരുന്നതെന്നും പൂജ കഴിഞ്ഞാൽ ഉടൻ ജനാർദ്ദനൻ മേക്കപ്പ് ചെയ്ത് വരുമായിരുന്നുവെന്നും മുകേഷ് പറഞ്ഞു.
ഇതുപോലെ തന്നെ ഇന്നസെന്റുമായും ഇത്തരത്തിൽ ഒരു രസകരമായ കഥ ഉണ്ടായിട്ടുണ്ടെന്ന് മുകേഷ് പറയുന്നു. 'ഗോഡ് ഫാദർ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് അത് നടന്നതെന്നും മുകേഷ് ഓർത്തെടുത്തു. ഗോഡ് ഫാദറിന്റെ ഫാസ്റ്റ് ഡേ ഷൂട്ടിൽ എല്ലാവരും കോഴിക്കോട് മഹാറാണി ഹോട്ടലിൽ താങ്ങുകയായിരുന്നു.
ആദ്യ ഷൂട്ടിംഗ് കോഴിക്കോട് ഗവണ്മെന്റ് ഗസ്റ്റ് ഹൗസ്സിലായിരുന്നു. മുകേഷിന് ആദ്യദിവസം ഷൂട്ട് ഇല്ലാതിരുന്നതിനാൽ റൂമിൽ വിശ്രമിക്കുകയായിരുന്നെന്നും ആ സമയം സിദ്ദിക്ക് വിളിച്ച് ആദ്യത്തെ സീനിൽ മുകേഷ് ഉണ്ടെന്ന് അറിയിച്ചു എന്നാൽ അന്നത്തെ ദിവസം തനിക്ക് ഷൂട്ട് ഇല്ല എന്ന് മുകേഷ് തറപ്പിച്ചു പറഞ്ഞപ്പോൾ മുകേഷ് തയ്യാറാണെങ്കിൽ പെട്ടെന്ന് സെറ്റിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും മുകേഷ് പറഞ്ഞു.
സെറ്റിലെത്തി മുകേഷ് മേക്കപ്പ് ചെയ്യുന്നതിനിടയിൽ ഇന്നസെന്റ് മേക്കപ്പ് ചെയ്ത് മാറി നിൽക്കുന്നത് താരം ശ്രദ്ധിച്ചു. മുകേഷിന്റെ സീനിൽ ഇന്നസെന്റ് ഇല്ല എന്ന് വ്യക്തമായി അറിയാമെന്നുള്ളത്കൊണ്ട് ഇന്നസെന്റ് എന്തിനാണ് മേക്കപ്പ് ചെയ്ത് നിൽക്കുന്നതെന്ന് മുകേഷ് തിരക്കി.
അപ്പോഴാണ് ഇന്നസെന്റ് ഇങ്ങനെ പറഞ്ഞത്. " ആത് ചെറിയൊരു പ്രശ്നം ഉണ്ടായി.... റാം ജി റാവു സൂപ്പർ ഹിറ്റ് പടം, ഹരിഹർ നഗർ അതിനെക്കാട്ടിയും സൂപ്പർഹിറ്റ് മൂന്നാമത്തെ പടമാണ്. എന്റെ മുഖത്തെങ്ങാനം ക്യാമറവെച്ച് പൊളിഞ്ഞുപോയാൽ ഇവന്മാർ എല്ലാരും പറയും ആരുടെ മുഖത്താണ് ക്യാമറ വച്ചതെന്ന് ആ ചിത്തപേര് എനിക്ക് വേണ്ട".
ഇതുപോലെ രസകരമായ മറ്റൊരു അന്ധവിശ്വാസം മൂങ്ങയുമായി ബന്ധപ്പെട്ടതാണ്. റാം ജി റാവു സിനിമയുടെ ഷൂട്ടിങിലാണ് ഈ സംഭവം അരങ്ങേറിയത്. സായി കുമാർ ഉദയ സ്റ്റുഡിയോയുടെ മുന്നിലെ രൂപക്കൂട്ടിൽ നിന്ന് പ്രാർത്ഥിക്കുന്ന രംഗമാണ് ആദ്യം ഷൂട്ട് ചെയ്യുന്നത്.
ആക്ഷൻ പറഞ്ഞപ്പോൾ എവിടെനിന്നോ ഒരു മൂങ്ങ ഫ്രെയിമിന് ഉള്ളിലേക്ക് വന്നു. ആദ്യ ഷോട്ട് ആയതിനാൽ തടസ്സപ്പെടുത്തേണ്ട എന്നുകരുതി ഷൂട്ട് ചെയ്തു. ആദ്യ ടേക്ക് ആയതിനാൽ ഒന്നുകൂടി എടുക്കാനും മടിച്ചു. ചിത്രം ഷൂട്ട് കഴിഞ്ഞ് തീയേറ്ററുകളിൽ എത്തിയപ്പോൾ ഗംഭീര വിജയമായി.
റാം ജി റാവു സ്പീക്കിങ് നൂറ്റി അൻപത് ദിവസം ഓടി. ചിത്രത്തിന്റെ വിജയത്തിന് കാരണം ആദ്യത്തെ ഷോട്ടിൽ മൂങ്ങ വന്നിരുന്നതാണെന്ന് എല്ലാവരും വിശ്വസിച്ചു. തുടർന്ന് കുറെ പടങ്ങളിൽ മൂങ്ങയെ പറത്തിവിടുകയും മൂങ്ങ ഇരുന്നിടത്ത് ഷോട്ട് എടുക്കുകയുമെല്ലാം ചെയ്തുവെന്നും മുകേഷ് പറഞ്ഞു.
The owl was behind the success of the film