#Kerala High Court #Govt Pleader Appointment #Lawyers Congress #CM VD Satheesan #Kerala Politics
കൊച്ചി: ( www.truevisionnews.com ) ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം ലോയേഴ്സ് കോൺഗ്രസ് നൽകിയ പട്ടികയിൽ നിന്നാണെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്. വിവാദ നിയമനങ്ങൾ നിർദ്ദേശിച്ചത് സ്റ്റേറ്റ് അറ്റോർണി അനൂപ് വി നായരാണെന്നും പട്ടികയിൽ ഇല്ലാത്ത പേരുകൾ നിർദ്ദേശിച്ച് പഴി ലോയേഴ്സ് കോൺഗ്രസിൻ്റെ തലയിൽ കെട്ടിവെക്കുകയാണെന്നും സംഘടന കുറ്റപ്പെടുത്തി.
ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അഡ്വ. പി കെ റഹ്മാനാണ് മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. നൽകിയ പട്ടികയ്ക്ക് ശരിയായ പരിഗണന ലഭിച്ചില്ല. ഗവൺമെൻ്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാൻ നിരന്തരം ശ്രമിച്ചെങ്കിലും കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വഴിവിട്ട നിയമനങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയാൻ തയ്യാറാകുന്നില്ലെന്നും ലോയേഴ്സ് കോൺഗ്രസ് ആരോപിച്ചു.നിയമനം നേടിയ യുഡിഎഫ് അനുഭാവികൾ അല്ലാത്തവരുടെ പേരുകൾ വെളിപ്പെടുത്തുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. ഹൈക്കോടതി അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി മുമ്പും ലോയേഴ്സ് കോൺഗ്രസിനെ അവഗണിച്ചിരുന്നതായി നേതാക്കൾ ചൂണ്ടിക്കാട്ടി.
ആവശ്യം നേരിൽ കണ്ട് അറിയിച്ചപ്പോൾ 'മൈൻഡ് ചെയ്യുന്നില്ല' എന്നാണ് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞതെന്നും ആരോപണമുണ്ട്. മൂന്നാം പട്ടികയിൽ ലോയേഴ്സ് കോൺഗ്രസിൻ്റെ ഏതാനും പ്രതിനിധികളെ മാത്രമാണ് ഉൾപ്പെടുത്തിയതെന്നും ഇവർ വ്യക്തമാക്കി.നേരത്തെ ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷക നിയമനം ലോയേഴ്സ് കോൺഗ്രസിൻ്റെ പട്ടികയിൽ നിന്നാണെന്നും അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം തേടിയെന്നുമായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ്റെ വിശദീകരണം.
കെഎസ്‍യുവിന്റെ വിമർശനത്തെ തള്ളിക്കൊണ്ടായിരുന്നു ഈ പ്രതികരണം. അതേസമയം വിഷയത്തിൽ യൂത്ത് കോൺഗ്രസും കോൺഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. ഹൈക്കോടതിയിലെ സർക്കാർ പ്ലീഡർ നിയമനത്തിൽ എഐസിസി ഇടപെടണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
നിയമന ശുപാർശകളിൽ സമഗ്രമായ പരിശോധന വേണമെന്നും യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. ബേസിൽ മേച്ചേരി പരാതിയിൽ ആവശ്യപ്പെട്ടു. പാർട്ടിക്കൊപ്പം നിന്ന് പ്രവർത്തിച്ച അഭിഭാഷകരെ നിയമനത്തിൽ നിന്ന് മാറ്റി നിർത്തിയെന്നും പാർട്ടിക്ക് പുറത്തുനിന്നുള്ളവരെ നിയമിച്ചതിൽ പ്രവർത്തകർക്ക് കടുത്ത നിരാശയുണ്ടെന്നും പരാതിയിൽ പറയുന്നു.
ചില ലോയേഴ്സ് കോൺഗ്രസ് നേതാക്കൾ ഭരണ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി വേണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. പരാതി ഉയർന്ന നിയമനങ്ങൾ പിൻവലിക്കണമെന്നും അല്ലെങ്കിൽ അനർഹരുടെ പേരുകൾ പുറത്തുവിടുമെന്നും ലോയേഴ്സ് കോൺഗ്രസ് വ്യക്തമാക്കി.
Content Highlight: Kerala High Court Govt Pleader Appointment Row: Lawyers Congress Slams CM, Blames State Attorney
#Kerala High Court #Govt Pleader Appointment #Lawyers Congress #CM VD Satheesan #Kerala Politics

































