#Murder of Malayali in Uzbekistan #re-postmortem #Vandanam Medical College #Sadarul Anam #Savarideath
ആലപ്പുഴ: (https://truevisionnews.com/) ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തില്‍ കേരള പൊലീസും കേസെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയെത്തുടർന്ന് മൃതദേഹം ഇന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. സംഭവത്തിൽ പ്രതിയായ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി സദറുല്‍ അനമിനെതിരെ കൊലക്കുറ്റം ചുമത്തിയാണ് ഹരിപ്പാട് പൊലീസ് കേസെടുത്തിരിക്കുന്നത്.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ വേറെയും മുറിവുകളുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. പ്രതി സദറുല്‍ അനം മുന്‍പും ഉപദ്രവിച്ചിരുന്നതായാണ് സംശയം. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ബസന്ത് റീ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. പെന്തില്‍മണ്ണ സ്വദേശിയായ സദറുല്‍ അനം നിലവില്‍ ഉസ്‌ബെക്കിസ്താന്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.
സാവരിയയുടെ ഹോസ്റ്റലിലെ സഹപാഠികള്‍ ബുഖാറ പൊലീസിന് മൊഴി നല്‍കിയിരുന്നു. പ്രതി നേരത്തെയും സാവരിയയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നുവെന്നാണ് മൊഴി. പ്രതി പെണ്‍കുട്ടി താഴെ വീണു എന്ന് പറഞ്ഞാണ് ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം കുറ്റം സമ്മതിച്ചിരുന്നില്ല. ഉസ്‌ബെക്കിസ്താന്റെയും ഇന്ത്യയുടെയും നയതന്ത്ര കരാര്‍ അനുസരിച്ച് പ്രതിയും ഇരയും ഇന്ത്യയില്‍ നിന്നുളളവര്‍ ആയതിനാൽ കേസ് വിട്ടുനല്‍കാന്‍ ഇന്ത്യയ്ക്ക് ആവശ്യപ്പെടാനാകും.
വിചാരണയടക്കമുളള നടപടികള്‍ ഇന്ത്യയിലാകാനാണ് സാധ്യത. പ്രതിയുടെ കുടുംബവും വിചാരണ കേരളത്തിലാക്കണം എന്നാണ് ആവശ്യപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെത്തിച്ച മൃതദേഹം 11 മണിക്ക് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. വൈകുന്നേരം നാലുമണിക്ക് സംസ്‌കരിക്കും.
ജൂലൈ മൂന്നിനാണ് കോളേജ് ഹോസ്റ്റലില്‍വെച്ച് ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ(22) കൊല്ലപ്പെട്ടത്. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനത്തില്‍ ബസന്ത്- മിനി സുപ്രഭ ദമ്പതികളുടെ മകളാണ് സാവരിയ. ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്.മകളെ ഫോണില്‍ വിളിച്ച് ലഭിക്കാത്തത് മൂലം കുടുംബം അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയുമായി വാക്കുതർക്കമുണ്ടാകുകയും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ സദറുല്‍ അനം ആക്രമിക്കുകയുമായിരുന്നു.
Content Highlight: Malayali student killed in Uzbekistan; Re-postmortem today
#Murder of Malayali in Uzbekistan #re-postmortem #Vandanam Medical College #Sadarul Anam #Savarideath

































