#Latest News #Gold Pledge Fraud #Suicide Case #Sindhu Kumari #Vizhinjam
തിരുവനന്തപുരം: ( www.truevisionnews.com ) സ്വർണ പണയ തട്ടിപ്പിൽ രണ്ട് യുവതികൾ ആത്മഹത്യ ചെയ്ത കേസിലെ മുഖ്യ പ്രതി സിന്ധു കുമാരിയുടെ ഒരു ബാങ്ക് അക്കൗണ്ടിലൂടെ മാത്രം ഒന്നര കോടി രൂപയുടെ ഇടപാട് നടന്നതായി പൊലീസ് വെളിപ്പെടുത്തി.
ഒരു ബാങ്കിൽ മാത്രം പ്രതിക്ക് 4 അക്കൗണ്ടുകളും മറ്റ് രണ്ട് ബാങ്കുകളിൽ രണ്ട് അക്കൗണ്ടും ഉണ്ട്. ഇതിന്റെ വിശദാംശങ്ങളും പിടിച്ചെടുത്ത ഫോണുകളും പരിശോധനയ്ക്കു വിധേയമാക്കും. നിലവിൽ 17 പരാതികൾ ലഭിച്ചിട്ടുണ്ട്.
175 പവനിലേറെ തട്ടിയെടുത്തതായാണ് പ്രാഥമിക വിവരം. വസ്തു ആധാരം കൈക്കലാക്കിയും വായ്പ തട്ടിപ്പ് നടത്തിയതായി പരാതിയുണ്ടെന്ന് പൊലീസ് പറഞ്ഞു. വിശദ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിന് അടുത്ത ആഴ്ച അപേക്ഷ നൽകും.
ഇവരോട് അടുപ്പമുള്ള മറ്റ് സൊസൈറ്റികളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. തട്ടിപ്പിനിരയായ സ്വകാര്യ ധനകാര്യ സ്ഥാപന ജീവനക്കാരികളായ വെണ്ണിയൂർ നെല്ലിവിള ജയ ഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു (28), വെങ്ങാനൂർ ചാവടിനട രാജ രാജീവ് സദനത്തിൽ രാജീവിന്റെ ഭാര്യ ഐശ്വര്യ (32) എന്നിവർ ആത്മഹത്യ ചെയ്തിരുന്നു. കൂടുതൽ പരാതി വരുന്ന സാഹചര്യത്തിൽ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും.
Content Highlight: Vizhinjam gold pledge fraud, suicides of young women, Sindhu Kumari
#Latest News #Gold Pledge Fraud #Suicide Case #Sindhu Kumari #Vizhinjam



































