#Latest News #Shashi Tharoor MP #Vizhinjam Port #UDF Government #Adani
തിരുവനന്തപുരം: ( www.truevisionnews.com ) വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിവാദത്തിൽ പ്രതികരണവുമായി സ്ഥലം എംപി ശശി തരൂർ. സർക്കാർ അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം നടക്കില്ല എന്നാണ് തൻ്റെ അറിവെന്നും നടപടിക്രമം നടക്കട്ടെ എന്നാണ് തൻ്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
തുറമുഖത്തിൽ സംസ്ഥാനത്തിനും കേന്ദ്രത്തിനും നിക്ഷിപ്ത താൽപര്യങ്ങളുണ്ട്. ഭാവിയിൽ വിവിധ കമ്പനികളുടെ കപ്പലുകൾ വിഴിഞ്ഞത്ത് വരണം. ചൈനീസ് കമ്പനികളുടെ ബിഡ് ഉണ്ടായതിനാൽ ടെൻഡർ നമ്മൾ മുമ്പ് റദ്ദാക്കിയിട്ടുണ്ട്.
സർക്കാരിൻ്റെ അഭിപ്രായം ചോദിക്കാതെ അന്തിമ തീരുമാനം എടുക്കാൻ പാടില്ല. ആരും അദാനിയെ എതിർക്കുന്നില്ല. തുറമുഖത്തിൻ്റെ വളർച്ച ആവശ്യമാണെന്നും എന്നാൽ, നിയമങ്ങൾ പാലിച്ചു വേണമെന്നും പഠിച്ചിട്ട് സർക്കാർ തീരുമാനം എടുക്കണമെന്നും തരൂർ വ്യക്തമാക്കി.
അതേസമയം വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് പഴയ മുഖ്യമന്ത്രിക്ക് കുറെകൂടി കാര്യങ്ങൾ അറിയാമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു മാസം മാത്രമാണ് തങ്ങൾക്ക് കിട്ടിയത്. കാര്യങ്ങൾ പരിശോധിക്കട്ടെ. എല്ലാ കാര്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടുണ്ടെന്നും വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നത് യു.ഡി.എഫ് സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം തുറമുഖത്തെ ഓഹരി വിൽപനക്ക് സംസ്ഥാന സർക്കാർ അനുമതി നൽകുന്നത് വിശദമായ കൂടിയാലോചനകൾക്ക് ശേഷമെന്നാണ് റിപ്പോര്‍ട്ട് . അദാനി പോർട്ട് നൽകിയ അപേക്ഷയിൽ നിയമവശങ്ങൾ അടക്കം പരിശോധിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് അപേക്ഷ ആദ്യം പരിശോധിക്കുന്നത്. സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മന്ത്രിസഭാ യോഗം വിഷയം ചർച്ച ചെയ്യും .മന്ത്രിസഭയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്. പ്രതിപക്ഷത്തിന്‍റെ വിമർശനവും കോൺഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ നിലപാടും സർക്കാരിന് മേൽ സമ്മർദം ഉണ്ടാക്കുന്നുണ്ട്.
Content Highlight: Shashi Tharoor MP responds to the Vizhinjam port share transfer
#Latest News #Shashi Tharoor MP #Vizhinjam Port #UDF Government #Adani



























