Jul 3, 2026 11:56 AM

#Latest News #Kerala Government #PSC

തിരുവനന്തപുരം: ( www.truevisionnews.com ) ഒഴിവുകൾ മൂന്ന് ആഴ്ചക്കുള്ളിൽ പിഎസ്‍സി റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് സർക്കാർ നിർദേശം. പൊതുമേഖല സ്ഥാപനങ്ങൾക്ക് അടക്കം വ്യക്തമായ നിർദേശമാണ് ഭരണപരിഷ്കാര വകുപ്പ് നൽകിയിട്ടുള്ളത്.

വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥസർക്കെതിരെ നടപടി എന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. താത്കാലിക നിയമനങ്ങളിൽ വൻ അഴിമതി നടക്കുന്നു എന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് സർക്കാര്‍ കടുത്ത നിലപാടിലേക്ക് കടക്കുന്നത്.

ആദ്യഘട്ടം എന്ന നിലയിലാണ് ഇപ്പോൾ കത്ത് നൽകിയിട്ടുള്ളത്. അടുത്ത ഘട്ടമായി പിഎസ്‍സി നിയമനങ്ങളിൽ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളിൽ സർക്കാർ നടപടികളിലേക്ക് കടന്നേക്കും. പിഎസ്‍സി നിയമന ക്രമക്കേടിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്.

അതിൽ സർക്കാരിന് തൃപ്തിയില്ലെന്ന് യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജെനീഷിന്‍റെ കഴിഞ്ഞ ദിവസത്തെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്. സമീപകാല നിയമനങ്ങളിൽ കൂടുതല്‍ വിശദമായ അന്വേഷണം നടന്നേക്കുമെന്നും വിവരങ്ങളുണ്ട്.

ഇതിനിടെ, എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലേക്കുള്ള റിസർച്ച് ഓഫീസർ പരീക്ഷയിലും ഗുരുതര ക്രമക്കേടെന്ന ആരോപണവുമായി ഉദ്യോഗാർത്ഥികൾ രംഗത്ത് വന്നു. ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായി വേണ്ട പരീക്ഷയ്ക്ക് പ്ലസ് ടു നിലവാരം പോലുമുണ്ടായിരുന്നില്ല.

ഭൂരിഭാഗം ചോദ്യങ്ങൾക്കും ഓപ്ഷൻ 'ബി' ഉത്തരമായി വരുന്ന രീതിയിൽ, ഉത്തരസൂചിക തയാറാക്കിയെന്നുമാണ് പരാതി. പുനപരീക്ഷ ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രിയെ സമീപിച്ചു.

പിഎസ്‌സി കഴിഞ്ഞദിവസം ഉത്തരസൂചിക പ്രസിദ്ധീകരിച്ചതോടെയാണ് പരീക്ഷയിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്ന സംശയം ഇരട്ടിച്ചത്. ആകെയുള്ള 100 ചോദ്യങ്ങളിൽ 54 എണ്ണത്തിന്റെയും ഉത്തരം ഓപ്ഷൻ ബി ആയിരുന്നു. കൊമേഴ്സിൽ നിന്നുള്ള 25 ചോദ്യങ്ങളിൽ 17 എണ്ണത്തിനും, സ്റ്റാറ്റിസ്റ്റിക്സിലെ 25ചോദ്യങ്ങളിൽ 16 എണ്ണത്തിനും ശരിയുത്തരം ഓപ്ഷൻ ബി തന്നെയായി.

നിലവിലെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ സമയം ബാക്കി നിൽക്കെ, തിരക്കിട്ടാണ് പരീക്ഷ നടത്തിയത്, ആരെയെങ്കിലും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താൻ ആണോ എന്ന സംശയത്തിലാണ് ഉദ്യോഗാർത്ഥികൾ. പുനപരീക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അടക്കം ഇവർ പരാതി നൽകിയിട്ടുണ്ട്.



Content Highlight: Government directs department heads to report vacancies to the PSC within three weeks

#Latest News #Kerala Government #PSC

Next TV

Top Stories










News Roundup