#Latest News #MDMA Case #Vadakkancherry #Arrest
തൃശ്ശൂർ : ( www.truevisionnews.com ) വടക്കഞ്ചേരിയിൽനിന്ന് എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കോഴിക്കോട് അരീക്കാട് മുരിങ്ങകണ്ടി ഷമീറിനെ (31) വടക്കഞ്ചേരി പൊലീസ് ബംഗളൂരു മഡിവാളയിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
ഈ മാസം 21ന് വടക്കഞ്ചേരി പന്നിയങ്കര ടോൺ പ്ലാസക്ക് സമീപത്തുനിന്ന് 46 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായിരുന്നു. കോട്ടയം പൊൻകുന്നം പുതുപറമ്പിൽ എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുൽ സുനീർ (29) എന്നിവരാണ് പിടിയിലായത്.
ബംഗളൂരുവിൽനിന്നും എം.ഡി.എം.എയുമായി വ്യത്യസ്ത ബസുകളിൽ എത്തിയ ഇവർ പന്നിയങ്കരയിൽനിന്ന് കോട്ടയത്തേക്ക് ഒരുമിച്ച് പോകാൻ നിൽക്കുന്നതിനിടെയാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് മുഖ്യകണ്ണിയായ ഷമീർ പിടിയിലാവുന്നത്.
ആറ് മാസമായി ബംഗളൂരുവിൽ യൂബർ ടാക്സി ഓടിക്കുന്ന ഷമീർ കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരനാണ്. ഷമീറാണ് ഷാഹുൽ ഉൾപ്പെടെ നിരവധി പേർക്ക് എം.ഡി.എം.എ എത്തിച്ചുകൊടുക്കുന്നത്. നിരവധി തവണ ഷമീറിൽനിന്ന് എം.ഡി.എം.എ വാങ്ങിച്ചിട്ടുണ്ടെന്ന് ഷാഹുൽ സമ്മതിച്ചിട്ടുണ്ട്.
കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വടക്കഞ്ചേരി സി.ഐ എം.പി. എബി, എ.എസ്.ഐമാരായ പി.വി. പ്രദീപ്, ബ്ലെസൻ ജോസ്, സാബു, സി.പി.ഒമാരായ ജോൺക്രൂസ്, സി.എം. ദേവദാസ്, കെ. ലൈജു, എ. റിയാസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Content Highlight: Main accused arrested in MDMA seizure incident from Vadakkancherry

































